X
    Categories: MoreViews

നോട്ട് അസാധു: കള്ളപ്പണം വെളുപ്പിക്കാന്‍ ഇളവുമായി കേന്ദ്രം

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന് (നവംബര്‍ 8) ശേഷം കണക്കില്‍ പെടാത്ത പണം ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇക്കാര്യം വെളിപ്പെടുത്തിയാല്‍ 50 ശതമാനം പിഴ നല്‍കി ബാക്കി പണം സ്വന്തമാക്കാം എന്നതാണ് പുതിയ നിര്‍ദേശം. നികുതിയും പിഴയും സര്‍ച്ചാര്‍ജും ഉള്‍പ്പെടെയാണിത്.

നോട്ട് പിന്‍വലിക്കലിന് ശേഷം നിക്ഷേപിക്കുന്ന തുകക്ക് 30 ശതമാനമാണ് നികുതി. ഈ നികുതിയുടെ 33 ശതമാനം (30% നികുതിയുടെ 33% = ആകെ തുകയുടെ 10%) പ്രധാന്‍മന്ത്രി ഗരീബ് കല്ല്യാണ്‍ യോജനയിലേക്ക് അടയ്ക്കണം. ഇതിനൊപ്പം പത്തു ശതമാനം പിഴ കൂടി കൂട്ടിയാണ് 50 ശതമാനം എന്ന ഇളവു തുകയിലേക്ക് എത്തുന്നത്. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ച ആദായനികുതി നിയമ ഭേദഗതി ബില്ലിലാണ് പുതിയ നിര്‍ദേശങ്ങള്‍ വന്നത്്.

അതേസമയം പണം വെളിപ്പെടുത്താതെ പിടിക്കപ്പെട്ടാല്‍ വന്‍ തുക പിഴയായി നല്‍കേണ്ടിവരും. നിക്ഷേപിച്ച തുകയുടെ 75 മുതല്‍ 85 ശതമാനം വരെ ഇതിലൂടെ നഷ്ടമാകും. കൂടാതെ പുതിയ വ്യവസ്ഥ പ്രകാരം വെളിപ്പെടുത്തുന്ന തുകയുടെ 25 ശതമാനം നാലു വര്‍ഷത്തേക്ക് സര്‍ക്കാരിന്റെ ദാരിദ്ര്യ നിര്‍മാര്‍ജന സ്‌കീമിലേക്ക് പലിശയില്ലാതെ നിക്ഷേപിക്കണം എന്ന വ്യവസ്ഥയും ബില്ലുലുണ്ട്.

റെയ്ഡുകളിലും മറ്റും പിടിച്ചെടുക്കുന്ന തുകക്കാണ് 85 ശതമാനം വരെ ഈടാക്കാന്‍ പുതിയ ഭേദഗതി നിര്‍ദേശിക്കുന്നത്്. ഇതില്‍ 60 ശതമാനം നികുതിയായും നികുതിയുടെ 25 ശതമാനം (ആകെ തുകയുടെ 15 ശതമാനം) സര്‍ചാര്‍ജായും ആകെ 75 ശതമാനമാണ് നഷ്ടമാവും. ഇതുകൂടാതെ ആദായ നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ നിന്നും പത്തു ശതമാനം അധികം ഈടാക്കാനും വ്യവസ്ഥയുണ്ട്.

അതേസമയം ഡിസംബര്‍ 30ന് ശേഷവും കള്ളപ്പണം സൂക്ഷിക്കകയാണെങ്കില്‍ നാലു വര്‍ഷം തടവും, പിഴയും ലഭിച്ചേക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു. പിഴയായി ലഭിക്കുന്ന പണം രാജ്യ പുരോഗതിക്കായി ഉപയോഗിക്കും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, വിദ്യാഭ്യാസം, പാര്‍പ്പിടം, ശുചിമുറി തുടങ്ങിയ മേഖലയ്ക്കായി ഉപയോഗിക്കുകയെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.

chandrika: