X

നോട്ട് അസാധു: കുറ്റസമ്മതം നടത്തി മോദി സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ജനങ്ങളെ പ്രതിസന്ധിയിലാക്കി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതില്‍ കുറ്റസമ്മതം നടത്തി നരേന്ദ്രമോദി സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം തയാറാക്കി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയുടെ മേശപ്പുറത്തുവെച്ച റിപ്പോര്‍ട്ടിലാണ് മോദി സര്‍ക്കാറിന്റെ കുറ്റസമ്മതം.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം

നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് പ്രഖ്യാപനമുണ്ടായ നവംബര്‍ എട്ടു മുതല്‍ സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ ഇടിവ് വന്നതായാണ് വിവരം. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക വളര്‍ച്ച 6.75 മുതല്‍ 7.5 ശതമാനം വരെയായി ഉയരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 7.1 ശതമാനം മാത്രം നേട്ടം കൈവരിക്കാനാകൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നോട്ടു അസാധുവാക്കിയതിനു പിന്നാലെ രാജ്യം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയാണ് കറന്‍സി ക്ഷാമം. ഇത് ചരക്കുവില്‍പനയില്‍ വന്‍ ഇടിവിനു കാരണമായി. കൂടാതെ കാര്‍ഷിക വരുമാനവും കൂപ്പുക്കുത്തി. ഇവക്കു പുറമെ ഡിസംബര്‍ 31 വരെ തൊഴില്‍ നഷ്ടവും സാമൂഹ്യ പ്രശ്‌നങ്ങളുമുണ്ടായതായി സാമ്പത്തിക സര്‍വേയില്‍ രേഖപ്പെടുത്തുന്നു.

നോട്ടു അസാധുവാക്കലിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മോദി ആവശ്യപ്പെട്ടത് അമ്പതു ദിവസങ്ങളായിരുന്നു. എന്നാല്‍ കറന്‍സി പ്രതിസന്ധി ഏപ്രിലോടു കൂടി പരിഹരിക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. അതേസമയം നോട്ടു നിരോധനത്തിന്റെ നേട്ടങ്ങളും സാമ്പത്തിക സര്‍വേയില്‍ എടുത്തു പറയുന്നു. കള്ളപ്പണം തടയാന്‍ സാധിച്ചുവെന്നതാണ് ഇതില്‍ പ്രധാനം. ബാങ്ക് ഇടപാടുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായതും ക്യാഷ് ലെസ് ഇന്ത്യ എന്ന ആശയത്തിന് തുടക്കംകുറിക്കാനായതും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.

chandrika: