X

കള്ളപ്പണം വെളുപ്പിക്കല്‍; മുന്‍ മന്ത്രിക്ക് ഏഴു വര്‍ഷം തടവ്

റാഞ്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ ജാര്‍ഖണ്ഡ് മന്ത്രി ഹരി നാരായണ്‍ റായിക്ക് പ്രത്യേക കോടതി ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് കള്ളപ്പണം വെളുപ്പിക്കലിനെതിരേ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തി കൂടിയാണ് ഹരി നാരായണ്‍ റായ്. തടവ് ശിക്ഷക്കൊപ്പം 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി മധു കോഡ കൂടി ഉള്‍പ്പെട്ട കേസാണിത്. 2009 സപ്തംബറില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കോഡയടക്കം നിരവധി പ്രമുഖര്‍ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ടു നിരവധി പേരെ അന്നു അറസ്റ്റ് ചെയ്തിരുന്നു. കോഡ മന്ത്രിസഭയില്‍ ടൂറിസം, അര്‍ബന്‍ ഡെവലപ്മെന്റ് മന്ത്രിയായിരുന്ന റായ് നാലു കോടിയോളം രൂപയുടെ തിരിമറി നടത്തിയെന്ന് തെളിഞ്ഞിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് കോടതി വിധിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. കള്ളപ്പണം തടയല്‍ നിയമം (പി.എം.എല്‍.എ) 2002ല്‍ നിലവില്‍ വരികയും 2005ല്‍ ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. കള്ളപ്പണം തുടച്ചു നീക്കുന്നതിന് ഈ നിയമം ഉപകരിക്കുമെന്നും ഇതിന്റെ ആദ്യ ഇരയാണ് റായിയെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

chandrika: