X

ജനാധിപത്യ ധ്വംസനം: വിമാനത്താവളങ്ങള്‍ക്ക് മുന്നില്‍ മുസ്‌ലിം ലീഗ് പ്രതിഷേധം 3ന്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ മുസ്ലിംലീഗ് കേരളത്തിലെ വിമാനത്താവളങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും. ഏപ്രില്‍ മൂന്നിന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് എയര്‍പോര്‍ട്ടിനു മുന്നില്‍ പ്രധിഷേധ സംഗമം നടക്കും. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ക്ക് മുന്നില്‍ ബന്ധപ്പെട്ട ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പിന്നീട് സമരം നടക്കും. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി വിമര്‍ശനങ്ങളുടെ വായടപ്പിക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍ക്കെതിരെ യു.ഡി.എഫ് പ്രഖ്യാപിച്ച എല്ലാ സമരങ്ങളിലും മുസ്ലിംലീഗ് സജീവ പങ്കാളിത്തം ഉറപ്പാക്കും.

അതേസമയം പ്രതിപക്ഷ ഐക്യം മാത്രമാണ് ഫാസിസത്തിനെതിരായ പരിഹാരമെന്ന് മുസ്ലിംലീഗ് സംസ്ഥാന നേതൃയോഗം. പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്തി മുന്നോട്ട് പോകുന്ന കേന്ദ്ര നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. വര്‍ഗ്ഗീയതയും വിദ്വേഷവും വളര്‍ത്തുന്ന പ്രസ്താവനകളും പ്രചാരണങ്ങളുമായി ഊരുചുറ്റാന്‍ ഭരണകക്ഷി നേതാക്കളെ കയറൂരി വിട്ടവരാണ് പ്രതിപക്ഷ നേതാക്കളെ കള്ളക്കേസില്‍ കുടുക്കി നിഷ്‌ക്രിയമാക്കാന്‍ ശ്രമിക്കുന്നത്. പ്രതിപക്ഷത്തെ വേട്ടയാടാന്‍ ഭരണസംവിധാനങ്ങളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു. ജനാധിപത്യം വീണ്ടെടുക്കാന്‍ ഒന്നിച്ചു മുന്നേറാനുള്ള മതേതര കക്ഷികളുടെ തീരുമാനം ശുഭകരമാണ്. കേന്ദ്ര നടപടികള്‍ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന പ്രക്ഷോഭങ്ങളില്‍ മുസ്ലിംലീഗ് അതിന്റേതായ പങ്കുവഹിക്കും. – നേതൃയോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്തുന്നതിനുള്ള പോരാട്ടങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രക്ഷോഭങ്ങള്‍ക്ക് യോഗം എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ട കേസിന്റെ പേരില്‍ ഒരു മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷ വിധിക്കുകയും തല്‍ക്ഷണം ലോക്സഭാ സെക്രട്ടറിയേറ്റ് അയോഗ്യത കല്‍പിക്കുകയും ചെയ്ത നടപടി അമ്പരപ്പിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധിക്കെതിരായ നീക്കം ജനാധിപത്യ ധ്വംസനമാണെന്നും പ്രമേയം വ്യക്തമാക്കി.

കെ. റെയില്‍ സമരവുമായി ബന്ധപ്പെട്ട് സാധാരണക്കാരുടെ മേല്‍ ചുമത്തിയ എല്ലാ കളളക്കേസുകളും പിന്‍വലിക്കണമെന്നും ജനവികാരം മാനിച്ച്, ദുരഭിമാനം വെടിഞ്ഞ് പദ്ധതിയില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും നേതൃയോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ചെന്നൈയില്‍ നടന്ന പ്ലാറ്റിനം ജൂബിലി സമ്മേളനം ജനാധിപത്യ ചേരിയെ ശക്തിപ്പെടുത്തുന്നതിനും ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനും കരുത്ത് പകര്‍ന്നതായി യോഗം വിലയിരുത്തി. പ്ലാറ്റിനം ജൂബിലി സമ്മേളനം വന്‍ വിജയമാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ച ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ സാഹിബ്, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, അബ്ദുറഹ്മാന്‍ എക്സ്.എം.പി, തമിഴ്നാട് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി കെ.എം അബൂബക്കര്‍ സാഹിബ്, നവാസ് കനി എം.പി, തമിഴ്നാട് സംസ്ഥാന ഭാരവാഹികള്‍, ദേശീയ കമ്മിറ്റി ഭാരവാഹികള്‍, വിവിധ സംസ്ഥാന ഭാരവാഹികള്‍, പോഷക ഘടകം നേതാക്കള്‍ എന്നിവരെ യോഗം അഭിനന്ദിച്ചു.

മുസ്ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടേറിയേറ്റ് അംഗങ്ങളുടെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍ എന്നിവരുടെയും സംയുക്ത യോഗമാണ് കോഴിക്കോട് ലീഗ് ഹൗസില്‍ ചേര്‍ന്നത്. സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, തമിഴ്നാട് സംസ്ഥാന നേതാക്കളായ കെ.എം മുഹമ്മദ് അബൂബക്കര്‍, നവാസ് കനി എം.പി, അബ്ദുറഹ്മാന്‍ എക്സ് എം.പി, നിയമസഭാ പാര്‍ട്ടി സെക്രട്ടറി കെ.പി.എ മജീദ് എം.എല്‍.എ, ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികള്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സ്ഥിരം ക്ഷണിതാക്കള്‍, ജില്ലാ പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, എം.എല്‍.എമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

കൂടാതെ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി 2023 മാര്‍ച്ച് 28 ചൊവ്വ 10 ലക്ഷം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പ്രൊഫൈല്‍ പിക്ചര്‍ ആക്കി സോഷ്യല്‍ മീഡിയയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും.

webdesk11: