X

തീയില്‍ കുരുത്തവന്‍- പ്രതിഛായ

തീയില്‍ കുരുത്തത് വെയിലത്ത് വാടില്ലെന്നത് വെറുമൊരു ചൊല്ലല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. മോദി ഭരണത്തിലെ മാറിയ സാഹചര്യത്തില്‍ പ്രതിപക്ഷമെന്ന് പറയാന്‍ പോലും ആരും ഉണ്ടാകരുതെന്ന ആര്‍.എസ്.എസിന്റേയും ബി. ജെ.പിയുടേയും ആവശ്യത്തിന് കുടപിടിക്കാന്‍ ഭരണകൂടം എല്ലാ കൗശലവും പയറ്റുമ്പോള്‍ ഒരു കനല്‍ തരിയായി പാര്‍ലമെന്റില്‍ എരിഞ്ഞിരുന്നത് രാഹുല്‍ഗാന്ധി എന്ന തീയില്‍ കുരുത്ത നേതാവായിരുന്നു. രാഹുലിനെ നിശബ്ദനാക്കാന്‍ രാജ്യം മുഴുവന്‍ കള്ളക്കേസുമായി നടക്കുന്ന ബി. ജെ.പിക്കും ആര്‍.എസ്.എസിനും ഒടുവില്‍ അതിന് ഫലം കിട്ടിയത് പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും നാടായ ഗുജറാത്തിലെ സൂറത്തില്‍ നിന്നുമാണ്.

2019ല്‍ കര്‍ണാടകയിലെ കോലാറില്‍ വെച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷക്ക് രാഹുലിനെ സൂറത്ത് കോടതി ശിക്ഷിച്ചത്. രാഹുല്‍ മാപ്പു പറയുമെന്ന് കാത്തിരുന്നവര്‍ക്ക് മുന്നില്‍ മാപ്പും കോപ്പുമൊന്നും പറയാതെ അയാള്‍ നെഞ്ചുവിരിച്ച് രാജ്യത്തിനായി നിന്നു. പരാതിയുമായി എത്തിയത് പതിവ് പോലെ ബി. ജെ.പി എം.എല്‍.എയും. രാഹുലിന്റെ പരാമര്‍ശം മോദി സമുദായത്തിനെതിരാണെന്നാരോപിച്ചാണ് കേസ് നല്‍കിയത്. അതായത് മോദിയെ കുറ്റം പറഞ്ഞാല്‍ സമുദായത്തിനെതിര്, അദാനിയെ കുറ്റം പറഞ്ഞാല്‍ രാജ്യത്തിനെതിര് തുടങ്ങിയ നരേറ്റീവുകള്‍ ഉണ്ടാക്കിയെടുക്കുക തന്നെയാണ് ഇതിന് പിന്നിലെ ലക്ഷ്യം. രാഹുലിന്റെ പ്രസംഗം കേട്ട ആര്‍ക്കും തന്നെ ഇത് ഒരു സമുദായത്തിനെതിരായ പരാമര്‍ശമല്ലെന്ന് പകല്‍പോലെ വ്യക്തമായിരുന്നു. ആ പരാമര്‍ശം ഇങ്ങനെയായിരുന്നു. എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. നീരവ് മോദി, ലളിത് മോദി അല്ലെങ്കില്‍ നരേന്ദ്ര മോദി, എന്തുകൊണ്ടാണ് എല്ലാ കള്ളന്‍മാരുടേയും പേരില്‍ ‘മോദി’ എന്നുള്ളത്. ഇനിയും എത്ര മോദിമാര്‍ വരുമെന്ന് നമുക്കറിയില്ല’. ബാങ്കില്‍നിന്ന് കോടികള്‍ വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത അനില്‍ അംബാനി, നീരവ് മോദി എന്നിവരെ പോലുള്ള ബിസിനസുകാര്‍ക്കെതിരേ ഇതുവരെ ഒരു നടപടിയും കേന്ദ്രം എടുത്തിട്ടില്ല. എന്നാല്‍ വായ്പ എടുത്ത് തിരിച്ചടയ്ക്കാന്‍ കഴിയാത്ത കര്‍ഷകരെ ജയിലിലടയ്ക്കും. അനില്‍ അംബാനിയുടെ പണം രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യണം. പാവപ്പെട്ടവര്‍, കച്ചവടക്കാര്‍, കര്‍ഷകര്‍, വ്യാപാരികള്‍ എന്നിവരുടെ കയ്യില്‍നിന്ന് മോദി പണം മോഷ്ടിക്കുകയാണ്. എന്നിട്ട് ആ പണം രാജ്യത്ത്‌നിന്നും കടന്ന്കളഞ്ഞ നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്‌സി, വിജയ്മല്ല്യ എന്നിവര്‍ക്ക് നല്‍കും. കോണ്‍ഗ്രസ് ന്യായ് പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ചൗക്കിദാറിന്റെ മുഖം മാറി. ന്യായ് പദ്ധതി നടപ്പിലാക്കാന്‍ പണം എവിടുന്ന് ലഭിക്കുമെന്ന് മോദി ചോദിച്ചു. എന്നാല്‍ പറയട്ടെ മോദിജി, ന്യായ് പദ്ധതി നടപ്പിലാക്കാനുള്ള പണം താങ്കളുടെ സുഹൃത്ത് അനില്‍ അംബാനി തരും. ഇതാണ് വയനാടിനെ ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയ്ക്ക് കാരണമായി കോടതി ചൂണ്ടിക്കാട്ടിയ പ്രസംഗം. സാധാരണഗതിയില്‍ അഞ്ഞൂറു രൂപ ശിക്ഷയിലോ കര്‍ശന താക്കീതിലോ ഒക്കെ ഒതുങ്ങേണ്ട ഒന്നാണ്. പക്ഷേ മോദിയ്ക്കും അദാനിക്കുമെതിരെ പാര്‍ലമെന്റില്‍ രാഹുലിന്റെ പ്രസംഗങ്ങള്‍ കൊള്ളേണ്ടിടത്ത് കൊള്ളുന്നതിനാല്‍ അദ്ദേഹത്തെ പുറത്താക്കുകയെന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത ലക്ഷ്യവുമായിരുന്നു. കോടതി വിധി വന്നതിന് പിന്നാലെ ശരവേഗത്തിലാണ് അയോഗ്യത കല്‍പിക്കാന്‍ പാര്‍ലമെന്റ് സെക്രട്ടേറിയേറ്റ് തയാറായത്. നേരത്തെ ലക്ഷദ്വീപ് എം.പിയായിരുന്ന മുഹമ്മദ് ഫൈസലിനേയും ഇത്തരത്തില്‍ പുറത്താക്കിയിരുന്നെങ്കിലും ഹൈക്കോടതി സ്‌റ്റേ നല്‍കിയിട്ടും അദ്ദേഹത്തിന്റെ യോഗ്യത പുനസ്ഥാപിച്ചിട്ടില്ല. അതായത് പുറത്താക്കാനുള്ള വ്യഗ്രതയൊന്നും അകത്താക്കാന്‍ കാണില്ലെന്ന് വ്യക്തം. പ്രതിപക്ഷത്ത് ഇന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കില്‍ അതിന് പറ്റിയത് രാഹുല്‍ തന്നെ. ഭാരത് ജോഡോ കഴിഞ്ഞ് പ്രതിപക്ഷനിര കെട്ടിപ്പടുക്കും എന്ന് സ്വപ്‌നം കാണുന്നവന്‍,

ബി.ജെ.പിയെ ശക്തമായി വിമര്‍ശിക്കുന്നവന്‍. പക്ഷേ ഒന്നുണ്ട് പുറത്തായാലും അകത്തായാലും രാഹുല്‍ മോദിക്കും ബി.ജെ.പിക്കും എന്നും വെല്ലുവിളി തന്നെയായിരിക്കും. അദാനിയുടെ ഷെല്‍ കമ്പനികളില്‍ നിക്ഷേപിക്കപ്പെട്ട ആ 20,000 കോടി രൂപ ആരുടേതാണ്? അദാനിയുടെ അജ്ഞാതനായ ആ പാര്‍ട്ണര്‍ ആരാണ്? പ്രധാനപ്പെട്ട ചോദ്യമാണ് രാഹുല്‍ മുന്നോട്ട്‌വെച്ചത്. ഉത്തരം കിട്ടേണ്ടതാണ്. പക്ഷേ ഉത്തരത്തിന്പകരം ഇനി എത്ര പ്രതിപക്ഷ നേതാക്കളുടെ പടിക്കല്‍ ഇ.ഡിയും സി.ബി.ഐയും എത്തുമെന്നത് മാത്രമാണ് കാത്തിരുന്ന് കാണേണ്ടത്. അദാനി എന്റര്‍പ്രൈസസിനു ചൈനീസ് ബന്ധമുണ്ടെന്ന രാഹുലിന്റെ ആരോപണം കേവലം ആരോപണമല്ല. ഗുദാമി ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ ഡയരക്ടറായ ചാങ് ചുങ് ലിങ് ആണ് അദാനിയുടെ സുഹൃത്തെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. 2002 കമ്പനി ഫയലിംഗ് അനുസരിച്ചു അദാനി എന്റര്‍പ്രൈസസിനു ഇവരുമായി ബന്ധം ഉണ്ട്. ഗുദാമിക്ക് മോന്റെറോസയില്‍ നിക്ഷേപം ഉണ്ട്. മോന്റെറോസയ്ക്കു 3 ലക്ഷം കോടി നിക്ഷേപം ഉണ്ട് അദാനി എന്റര്‍െൈപ്രസസില്‍. ചാങ് ചുങ് ലിങ് അദാനിയുടെ നിരവധി കമ്പനികളില്‍ ഡയറക്ടര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. സംഗതി ഇവ്വിധം പോകുന്നു. അപ്പോള്‍ പിന്നെ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണില്ല. എനിക്കെതിരെ നിങ്ങള്‍ എന്ത് നിയമനടപടിയും സ്വീകരിച്ചോളൂ, എത്ര വര്‍ഷം വേണമെങ്കിലും ജയിലില്‍ ഇട്ടോളൂ, ആ ചോദ്യം ഞാന്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും. ഇന്ത്യയില്‍ പ്രതിരോധ മേഖലയില്‍പോലും പ്രവര്‍ത്തിക്കുന്ന ഇത്തരം ഷെല്‍ കമ്പനികളുടെ പിന്നിലെ പണം ആരുടേതാണ്. മോദി അദാനി ബന്ധത്തെ തുറന്ന് കാട്ടിയ എന്റെ പ്രസംഗം രേഖകളില്‍ നിന്ന് നീക്കി. ഈ വിഷയത്തിലുള്ള എന്റെ അടുത്ത പ്രസംഗം അദ്ദേഹം ഭയപ്പെടുന്നു. ഞാന്‍ ആരേയും ഭയപ്പെടുന്നില്ല. ആര്‍ക്കും മാപ്പെഴുതിക്കൊടുക്കുന്നില്ല. അങ്ങനെ മാപ്പെഴുതാന്‍ ഞാന്‍ സവര്‍ക്കറല്ല- രാഹുലിന്റെ തരിമ്പും കൂസാത്ത മറുപടി മോദിയ്ക്കും ബി.ജെ.പിക്കും നല്‍കുന്ന ഭയം അടുത്ത ദിവസങ്ങളില്‍ പ്രതിപക്ഷ വേട്ടയായി കാണാനും വഴിയുണ്ട്.

webdesk11: