X

പാലക്കാട് ജില്ലയിലെ മണ്ണിന്റെ ഘടനയില്‍ അസിഡിറ്റി കൂടിവരുന്നതായി കണ്ടെത്തല്‍

അനീഷ് ചാലിയാര്‍

പാലക്കാട്: ജില്ലയിലെ മണ്ണിന്റെ ഘടനയില്‍ അസിഡിക് (അമ്ലത്വം) കൂടിവരുന്നതായി കണ്ടെത്തല്‍. ഒന്നാം വിളക്ക് മുന്നോടിയായി നടത്തിയ മണ്ണ് പരിശോധനയിലാണ് പി.എച്ച് നിരക്ക് കൂടുന്നതായി കണ്ടെത്തിയത്. എന്നാല്‍ വെട്ടുകല്‍ മണ്ണുള്ള നെല്‍കൃഷി കൂടുതലുള്ള പാലക്കാടിന്റെ മറ്റു ഭാഗങ്ങളില്‍ അമ്ലത്വം കൂടി വരുന്ന പ്രവണതയാണ് പരിശോധനയില്‍ കണ്ടെത്തിയത്. കറുത്ത മണ്ണുള്ള ചിറ്റൂര്‍ മേഖലയില്‍ മാത്രമാണ് പി.എച്ച് നിരക്ക് താരതമ്യേന കുറഞ്ഞ് നിരക്കില്‍ കാണുന്നത്. ഇവിടെയും പ്രളയത്തോടെ അസിഡിക് സ്വഭാവം മണ്ണിന് കണ്ടിരുന്നെങ്കിലും പിന്നീട് സ്ഥിതി മെച്ചപ്പെട്ടുവരുന്നതായി പിന്നീടുള്ള പരിശോധനകളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഒന്നാം വിളവിന് മുന്നോടിയായി പലക്കാട് മൊബൈല്‍ മണ്ണ് പരിശോധനാ ലാബില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള സ്ഥലങ്ങളില്‍ നടത്തിയ പരിശോധനകളിലാണ് പി.എച്ച് നിരക്ക് കൂടുന്നതും അമ്ലസ്വഭാവത്തിലേക്ക് മാറുന്നതും കണ്ടെത്തിയത്. കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനാ ക്യാമ്പില്‍ 1600 ഓളം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതില്‍ ചിറ്റൂര്‍ മേഖലയില്‍ മാത്രമാണ് 6.5 ന് മുകളില്‍ പി.എച്ച് നിരക്കുള്ളത് (ക്ഷാരഗുണം) പാലക്കാടിന്റെ ഭാഗങ്ങളിലെ സാമ്പിളുകളില്‍ 60 ശതമാനവും അമ്ലസ്വഭവമാണ് കാണിക്കുന്നത്. 40 ശതമാനം നേരിയ അമ്ല സ്വഭാവവുമാണുള്ളത്. തത്തമംഗലം, എലപ്പുള്ളി, കണ്ണംപാറ, വലിയകുളം, ഒറ്റപ്പാലം, പിരിയാരി, പാലക്കാട്, മുണ്ടൂര്‍, കോങ്ങാട്, മണ്ണൂര്‍, മങ്കര, പറളി, കേരളശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ മണ്ണിന് കൂടുതലും അമ്ലസ്വഭാവമാണുള്ളത്.

അമ്ലത്വം കൃഷിയെ ബാധിക്കും

പി.എച്ച് നിരക്ക് 6.5 താഴെ വരുന്നത് മണ്ണിന് അമ്ല സ്വഭാവം (പുളിപ്പ് രസം) ഉണ്ടാക്കും. മണ്ണില്‍ ഇരുമ്പിന്റെ അംശം കൂടും ഇതോടെ നെല്‍കൃഷിക്കടക്കം നല്‍കുന്ന വളം സ്വാംശീകരിക്കാന്‍ ചെടികള്‍ക്ക് സാധിക്കാതെ വരും. നല്‍കുന്ന വളം ചെടികള്‍ വലിച്ചെടുക്കാതെ വരുന്നതോടെ കൂടുതല്‍ വിഷാംശകരമാവുകയും സൂക്ഷ്മ ജീവികളുടെ ആക്രമണത്തിന് ഇടയാക്കുകയും ചെയ്യും. ഒപ്പം ഓല കരിച്ചിലടക്കമുള്ള രോഗബാധയും വരുന്നതോടെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമുണ്ടാക്കുകയും ചെയ്യും. ചെമ്പാട കെട്ടലടക്കമുള്ള ലക്ഷണങ്ങള്‍ നോക്കിയും മണ്ണ് പരിശോധയിലൂടെയും സ്വഭാവം മനസ്സിലാക്കാം

കുമ്മായം തന്നെ പരിഹാരം

മണ്ണിന്റെ പി.എച്ച് കൂടുന്നതിനും അമ്ലസ്വഭാവം വരുന്നതിനും പരിഹാരം കുമ്മാവും ഡോളോമൈറ്റും ചേര്‍ത്ത് പരിഹാരം കാണാം. പി.എച്ച് നിരക്ക് മനസ്സിലാക്കി എത്രകണ്ട് ഇവ മണ്ണില്‍ ചേര്‍ക്കണമെന്ന് കൃഷി ഓഫീസര്‍മാരുടെയും കെമിസ്റ്റുകളുടെയും നിര്‍ദേശം തേടണം.

പരിശോധന നിര്‍ബന്ധം

വിളകളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും ഉയര്‍ന്ന ഉത്പാദനത്തിനും മണ്ണിന്റെ സ്വഭാവം അറിഞ്ഞേ മതിയാകു. മണ്ണ് പരിശോധന മാത്രമാണ് ഇതിനുള്ളവവഴി. ഈ പരിശോധനയിലൂടെ മണ്ണിന്റെ ക്ഷാര- അമ്ല സ്വഭാവം മനസ്സിലാക്കി ഇവയ്ക്കുള്ള പരിഹാരവും ചെയ്തെങ്കില്‍ മാത്രമേ മികച്ച വിളവിലൂടെ കൃഷി ലാഭകരമാക്കാന്‍ സാധിക്കു. പി.എച്ച് നിരക്ക്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ എത്ര അടയങ്ങിയിരിക്കുന്നു, കാല്‍സ്യം, സോഡിയം, മഗ്‌നീഷ്യം, ഫെറസ് എന്നിവ എന്തുമാത്രം ്അടങ്ങിയട്ടുണ്ടെന്ന് മനസ്സിലാക്കുന്നതിനും പരിശോധന ആവശ്യമാണ്.

രണ്ടാം വിള: പരിശോധനാ കാമ്പയിന്‍ നവംബര്‍ ഒന്നിന് തുടങ്ങും

രണ്ടാം വിളക്ക് മുന്നോടിയായി ജില്ലയിലെ ബ്ലോക്കടിസ്ഥാനത്തില്‍ കൃഷി ഭവനുകള്‍ കേന്ദ്രീകരിച്ച് മണ്ണ് പരിശോധനാ കാമ്പയിന്‍ നടത്തും. ഒന്നിന് ബ്ലോക്കിലാണ് തുടക്കം കുറിക്കുക. പിന്നീട് മുഴുവന്‍ ബ്ലോക്കുകളിലും പരിശോധന നടത്തും. കൃഷി ഭവനുകളില്‍ കര്‍ഷകരുടെ മേല്‍വിലാസത്തോടെ എത്തിക്കുന്ന സാമ്പിളുകള്‍ പരിശോധിച്ച് അന്ന്് തന്നെ ഫലവും നിര്‍ദേശങ്ങളും നല്‍കും. മണ്ണിന്റെ പി.എച്ച്, നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ എത്രമാത്രമുണ്ടെന്നാണ് പരിശോധിക്കുക. ഇതിനസുരിച്ച് എത്രമാത്രം കുമ്മായം, യൂറിയ, പോട്ടാഷ്, ഫോസ്ഫറസ് എന്നിവ മണ്ണില്‍ ചേര്‍ക്കേണ്ട അനുപാതവും നിര്‍ദേശമായി നല്‍കും.

 

 

 

web desk 3: