X

സെന്‍കുമാര്‍ കേസ്: കോടതിയലക്ഷ്യം ഒഴിവായി; മാപ്പപേക്ഷ രേഖപ്പെടുത്തണമെന്ന് കോടതി

ന്യൂഡല്‍ഹി: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവായി. കോടതി ഉത്തരവ് നടപ്പിലാക്കിയതായി സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് സെക്രട്ടറി മാപ്പ് അപേക്ഷിച്ചത് സത്യവാങ്മൂലത്തില്‍ ആയിരുന്നു. കോടതിയലക്ഷ്യം ഒഴിവാക്കുന്നതില്‍ സെന്‍കുമാറിന്റെ അഭിഭാഷകന്‍ ഇന്ന് എതിര്‍പ്പ് പ്രകടിപ്പിച്ചില്ല എന്നതും നിര്‍ണായകമായി.

ഡിജിപിയായി പുനര്‍നിയമിക്കണമെന്ന് കോടതി ഉത്തരവ് വന്നിട്ടും നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനെതിരായ കോടതിയലക്ഷ്യ ഹര്‍ജിയുമായി സെന്‍കുമാര്‍ നീങ്ങിയത്. വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ വീണ്ടും സമീപിച്ചു.

സര്‍ക്കാരിന്റെ ആ നടപടിയില്‍ കടുത്ത അമര്‍ഷം രേഖപ്പെടുത്തിയ കോടതി കടുത്ത ഭാഷയില്‍ തന്നെ സര്‍ക്കാറിനെ വിമര്‍ശിക്കുകയും ചെയ്തു. കോടതിച്ചിലവ് കൂടി സര്‍ക്കാര്‍ നല്‍കണമെന്ന് പ്രസ്താവിച്ചാണ് സര്‍ക്കാരിന്റെ അതിബുദ്ധിയെ കോടതി നേരിട്ടത്. സര്‍ക്കാരിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ച സംഭവം കൂടുതല്‍ വഷളാവുമെന്ന ഘട്ടം വന്നതോടെ മാപ്പ് അപേക്ഷയെന്ന നീക്കത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതരായി.

ചീഫ് സെക്രട്ടറിയുടെ അനാവശ്യ പിടിവാശിക്കെതിരെ സെന്‍കുമാര്‍ തന്നെ പകപോക്കല്‍ ആരോപണവുമായി രംഗത്തെത്തിയതോടെ നീക്കത്തിന് വേഗത വര്‍ദ്ധിച്ചു. സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീംകോടതി പരിഗണനക്കെടുക്കുന്നതിന് മുമ്പ് തന്നെ ചീഫ് സെക്രട്ടറി വിധി നടപ്പിലാക്കിയെന്നും കാലവിളംബം സംഭവിച്ചതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നുവെന്നും സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

കോടതിയക്ഷ്യ കേസ് പരിഗണിക്കുന്ന ചൊവ്വാഴ്ചക്ക മുമ്പ തന്നെ സത്യവാങ്മൂലം നല്‍കിയതിനാല്‍ കടുത്ത നടപടികള്‍ക്ക കോടതിയും മുതിര്‍ന്നില്ല. സെന്‍കുമാറിന്റെ അഭിഭാഷകനും ഈ നടപടിയില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നതോടെ സര്‍ക്കാറിന്റെ തലവേദനക്ക് അന്ത്യമാവുകയാണ്.

chandrika: