X

സാമൂഹ്യമാധ്യമങ്ങള്‍ പൊളിച്ചടുക്കി; ദിലീപിനെ രക്ഷിക്കാനുള്ള പി.ആര്‍ പണികളും പാളുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന പി.ആര്‍ പണികള്‍ പാളുന്നു. സോഷ്യല്‍മീഡിയയില്‍ വ്യാപകമായ വിമര്‍ശനമാണ് ഇതിനെതിരെ നടക്കുന്നത്. പള്‍സര്‍ സുനി കുറ്റാരോപിതന്‍ മാത്രമാണെന്നും പള്‍സറിനൊപ്പം എന്നും പരിഹാസരൂപേണയുള്ള വിമര്‍ശനങ്ങളാണ് ദിലീപിനെതിരെ കടുക്കുന്നത്. ദിലീപിന് വേണ്ടി കോടികള്‍ മുടക്കി കൊച്ചി കേന്ദ്രീകരിച്ച് പി.ആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

അറസ്റ്റു ചെയ്യപ്പെട്ടതിനുശേഷമുള്ള ദിവസങ്ങളിലാണ് ഫേസ്ബുക്കിലൂടേയും വാട്‌സ്അപ്പിലൂടെയും ദിലീപിന്റെ സന്‍മനസ്സിനെ പുകഴ്ത്തിയുള്ള കുറിപ്പുകളും ദിലീപിന്റെ സിനിമകളിലെ തമാശരംഗങ്ങളും പ്രചരിച്ചിരുന്നത്. ഇത് ഒരു അനുകൂലമായ സഹതാപതരംഗം സൃഷ്ടിച്ചുവെങ്കിലും ഇപ്പോള്‍ വ്യാപകമായ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. താരസംഘടനയായ അമ്മ കൈവിട്ടതോടെ നടന്‍മാരെല്ലാവരും ദിലീപിനെ തള്ളി രംഗത്തെത്തിയിരുന്നു. നടന്‍ ആസിഫ് അലിയും പൃഥ്വിരാജും, രമ്യാനമ്പീശനും, മംമ്ത മോഹന്‍ദാസും തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ രണ്ടുദിവസത്തിനപ്പുറത്തേക്ക് നടന്‍മാരുടെ വിമര്‍ശനങ്ങള്‍ നീണ്ടുനിന്നില്ല. ആസിഫ് അലിയടക്കമുള്ളവര്‍ നിലപാടുകളില്‍ മലക്കം മറിയുകയാണുണ്ടായത്. ഇതും ദിലീപിനെ പിന്തുണച്ച് ആദ്യം രംഗത്തെത്തിയ നടന്‍ സിദ്ധീഖിന്റെ പോസ്റ്റും ദിലീപിന് ഗുണകരമായിരുന്നു. എന്നാല്‍ എല്ലാ തരത്തിലുള്ള പ്രചാരണങ്ങളേയും തള്ളി ദിലീപിനെതിരെ ശക്തമായ ഭാഷയില്‍ വിമര്‍ശനങ്ങളുമായി സോഷ്യല്‍മീഡിയ തിരിച്ചുവന്നിരിക്കുകയാണ്. ഇതോടെ ദിലീപിന്റെ പി.ആര്‍ പണികള്‍ സാമൂഹ്യമാധ്യമങ്ങള്‍ പൊളിച്ചടുക്കുകയായിരുന്നു.

ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കിയ ദിലീപിനെ നാളെ വൈകുന്നേരം അഞ്ചുമണിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ജാമ്യാപേക്ഷ നാളെ പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

chandrika: