X
    Categories: Views

ഇസ്‌ലാമിക ആഘോങ്ങള്‍ ഔദ്യോഗിക അവധിയാക്കാന്‍ ജര്‍മനി ആലോചിക്കുന്നു

ബെര്‍ലിന്‍: ഇസ്‌ലാമിക ആഘോഷങ്ങള്‍ക്ക് ഔദ്യോഗിക അവധി നല്‍കുന്ന കാര്യം ജര്‍മന്‍ ഗവണ്‍മെന്റ് പരിഗണിക്കുന്നു. ഒക്ടോബര്‍ പത്തിന് ആഭ്യന്തര മന്ത്രി തോമസ് ഡെ മൈസിയര്‍ തുടങ്ങി വെച്ച ചര്‍ച്ചയാണ് ഇപ്പോള്‍ ഔദ്യോഗിക വൃത്തങ്ങളില്‍ സജീവമായിരിക്കുന്നത്. മുസ്ലിംകള്‍ കൂടുതലായി വസിക്കുന്ന മേഖലകളില്‍ അവധി നല്‍കുന്ന കാര്യമാണ് പരിഗണിക്കുന്നത്.

ജര്‍മനിയിലെ ലോവര്‍ സാക്‌സോണിയിലെ സ്‌റ്റേറ്റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ക്രിസ്റ്റിയന്‍ ഡെമോക്രാറ്റ് യൂണിയന്‍ (സി.ഡി.യു) നേതാവ് കൂടിയായ ഡെ മൈസിയര്‍ മുസ്ലിംകള്‍ക്ക് ഔദ്യോഗിക അവധി നല്‍കുന്നതിനെപ്പറ്റി അഭിപ്രായം രേഖപ്പെടുത്തിയത്: ‘ഇസ്‌ലാമിക അവധി ദിവസങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതയെപ്പറ്റി സംസാരിക്കാന്‍ ഞാനാഗ്രഹിക്കുന്നു. കത്തോലിക്കര്‍ കൂടുതലായി ജീവിക്കുന്ന മേഖലകളില്‍ നാം വിശുദ്ധ പുണ്യവാളന്റെ ദിനം ആഘോഷിക്കാറുണ്ട്. കത്തോലിക്കര്‍ ഇല്ലാത്ത ഇടങ്ങളില്‍ അത് ആഘോഷിക്കാറുമില്ല. അതുപോലെ ഇസ്‌ലാമിക അവധി ദിനങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതില്‍ എന്താണ് തെറ്റ്?’ മൈസിയര്‍ ചോദിച്ചു. ജര്‍മന്‍ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലധികം വരുന്ന മുസ്ലിംകള്‍ 44 ലക്ഷത്തോളമുണ്ട്.

പൊതു അവധികള്‍ ഏതെല്ലാമായിരിക്കണം എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ജര്‍മന്‍ ഭരണ ഘടന സംസ്ഥാനങ്ങള്‍ക്കാണ് അവകാശം നല്‍കുന്നത്. 16 സംസ്ഥാനങ്ങളാണ് ജര്‍മനിയില്‍ ഉള്ളത്. എല്ലാ സംസ്ഥാനങ്ങളും അവധി നല്‍കേണ്ട ഒരേയൊരു അവധി ജര്‍മനി യൂണിറ്റി ഡേ ആണ്. രണ്ട് ജര്‍മനികള്‍ ഒന്നായതിന്റെ ഓര്‍മ ദിവസമാണിത്.

ജര്‍മന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് മാര്‍ട്ടിന്‍ ഷുല്‍സ് തുടങ്ങിയ നിരവധി രാഷ്ട്രീയക്കാര്‍ മൈസിയറിന്റെ അഭിപ്രായത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, മൈസിയറിന്റെ അഭിപ്രായത്തിന് മറ്റൊരു ക്രിസ്ത്യന്‍ പാര്‍ട്ടിയായ സി.എസ്.യുവിന്റെ പിന്തുണ ഇല്ല. ബവേറിയ ഭരിക്കുന്ന സി.എസ്.യു, മുസ്‌ലിം ആഘോഷങ്ങള്‍ക്ക് അവധി നല്‍കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ വലതുപക്ഷ പാര്‍ട്ടികളും മൈസിയറിന്റെ നിലപാടിനെതിരെ ശക്തമായി രംഗത്തുണ്ട്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: