X

രാഹുല്‍ ഗാന്ധിക്കെതിരായ അയോഗ്യത; ജയ്ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: രാജ്യത്ത് ജനാധിപത്യം നേരിടുന്ന വെല്ലുവിളി തുറന്നു കാട്ടുന്നതിന് ഒരു മാസം നീളുന്ന സമര പരിപാടിക്ക് രൂപം നല്‍കി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതി വിധിയുടേയും പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റ് നടപടിയുടേയും പശ്ചാത്തലത്തിലാണ് താഴെ തട്ടിലും രാജ്യതലസ്ഥാനത്തും ഒരേസമയം പോര്‍മുഖം തുറക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം.

ജയ് ഭാരത് സത്യഗ്രഹ എന്ന പേരിലാണ് ഒരു മാസത്തെ സമര പരിപാടികള്‍ നടക്കുക. ബ്ലോക്ക്, ജില്ലാ, ദേശീയ തലങ്ങളില്‍ ഒരേ സമയം സമര പരിപാടികള്‍ അരങ്ങേറും. കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള സമര പരിപാടികള്‍ക്ക് 19 പ്രതിപക്ഷ കക്ഷികള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ഏഴ് മണിക്ക് ചെങ്കോട്ട പരിസരത്ത് സേവ് ഡമോക്രസി മാര്‍ച്ചോടെ സമര പരമ്പരകള്‍ക്ക് തുടക്കം കുറിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ചെങ്കോട്ടയിലെ പ്രതിഷേധങ്ങള്‍ ഡല്‍ഹി പൊലീസ് വിലക്കിയതോടെ സംഘര്‍ഷ ഭരിതമായ അന്തരീക്ഷത്തിലേക്ക് ഡല്‍ഹി വഴിമാറി. രാഹുല്‍ ഗാന്ധിക്കെതിരായ നടപടി മാത്രമല്ല, ജനാധിപത്യം നേരിടുന്ന മൊത്തത്തിലുള്ള വെല്ലുവിളി തുറന്നു കാട്ടുകയാണ് സമര ലക്ഷ്യമെന്ന് തീരുമാനങ്ങള്‍ വിശദീകരിച്ച കോണ്‍ഗ്രസ് കമ്മ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ജയറാം രമേശ് പറഞ്ഞു. പ്രതിപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ ചൂണ്ടിക്കാണിച്ചതും സമരം തന്നെ അയോഗ്യനാക്കിയതിനെതിരെ ആകരുതെന്നും ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയാകണമെന്നുമാണ് – ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

webdesk11: