X

മുഹമ്മദ് ഫൈസലിനോട് സുപ്രീംകോടതി: എന്ത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടത്?; ഹരജി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ലോക്‌സഭാംഗത്വം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും അംഗത്വം പുനസ്ഥാപിക്കാത്ത ലോക്‌സഭാ സെക്രട്ടേറിയേറ്റിന്റെ നപടി മൗലികാവകാശ ലംഘനമെന്ന് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസല്‍ സുപ്രീം കോടതിയില്‍. മുഹമ്മദ് ഫൈസലിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി പ്രസ്താവം കേരള ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും അദ്ദേഹത്തിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിക്കാത്തത് മൗലികാവകാശ ലംഘനമാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ആരോപിച്ചു. കൊലപാതക ശ്രമക്കേസില്‍ ജനുവരി 11നാണ് മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കവരത്തി സെഷന്‍സ് കോടതി ശിക്ഷിച്ചത്.

ജനുവരി 13ന് തന്നെ അദ്ദേഹത്തെ അയോഗ്യനാക്കിക്കൊണ്ട് ലോക്‌സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറത്തിറക്കുകയും ചെയ്തു. ജനുവരി 25ന് തനിക്കെതിരായ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടും ലോക്‌സഭാ സെക്രട്ടേറിയേറ്റ് ലോക്‌സഭാംഗത്വം പുനസ്ഥാപിച്ചു കൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം ഫൈസലിന്റെ എന്ത് മൗലികാവകാശമാണ് ലംഘിച്ചതെന്ന് ജസ്റ്റിസ് കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. തന്റെ കക്ഷിയില്‍ നിന്നും അദ്ദേഹത്തിന്റെ മണ്ഡലത്തെ പ്രതിനിധീകരിക്കാനുള്ള അവകാശം കവര്‍ന്നിരിക്കുകയാണെന്നും ഇത് തികച്ചും ഏകപക്ഷീയമാണെന്നും മുഹമ്മദ് ഫൈസലിന്റെ അഭിഭാഷകന്‍ മറുപടി നല്‍കി. എന്ത് കൊണ്ട് ഹൈക്കോടതിയെ സമീപിച്ചിലെന്നായിരുന്നു തുടര്‍ന്ന് ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം. എന്നാല്‍ സുപ്രീം കോടതിയെ ഇക്കാര്യം ഇതിനോടകം അറിയിച്ചതാണെന്നും ഫൈസലിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നതിനായി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും മറ്റു ചില കേസുകളുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് മാറ്റുകയായിരുന്നു. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റി.

webdesk11: