X

രാവിലെ യെദ്യൂരപ്പക്കൊപ്പം, വൈകീട്ട് കോണ്‍ഗ്രസില്‍, സ്വതന്ത്രന്റെ നീക്കത്തില്‍ അമ്പരന്ന് ബി.ജെ.പി

ബംഗളൂരു: അപ്രതീക്ഷിത രാഷ്ട്രീയസാഹചര്യത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളല്‍ വരുത്തി അധികാരം പിടിച്ചെടുക്കാമെന്ന ബി.ജെ.പിയുടെ മോഹത്തിന് തിരിച്ചടി. രാവിലെ യെദ്യൂരപ്പക്ക് പിന്തുണ അറിയിച്ച സ്വതന്ത്ര എം.എല്‍.എ വൈകീട്ട് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയതാണ് ബി.ജെ.പി അമ്പരപ്പിച്ചിരിക്കുന്നത്.

ആര്‍.ശങ്കറും നാഗേഷുമാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കര്‍ണാടകയില്‍ വിജയിച്ചത്. ഇതില്‍ ആര്‍.ശങ്കറിന്റെ നിലപാടാണ് ബി.ജെ.പിയെ ഒരു പോലെ അമ്പരിപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നത്.

രാവിലെ ശങ്കര്‍ ബി.ജെ.പിയില്‍ ചേര്‍ന്നതായി യെദ്യൂരപ്പ മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ വൈകിട്ടോടെ മലക്കം മറിഞ്ഞ ശങ്കര്‍ കോണ്‍ഗ്രസിനോടുള്ള കൂറ് പ്രഖ്യാപിക്കുകയായിരുന്നു.

നിയമസഭാകക്ഷി നേതാവായി ബി.എസ് യെദ്യൂരപ്പയെ തെരഞ്ഞെടുക്കാന്‍ ഇന്നലെ രാവിലെ ചേര്‍ന്ന ബി.ജെ.പി യോഗത്തില്‍ ആര്‍.ശങ്കര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ വൈകിട്ടോടെ കോണ്‍ഗ്രസ് ക്യാമ്പിലും പ്രത്യക്ഷപ്പെട്ടതാണ് യെദ്യൂരപ്പയെയും കൂട്ടരെയും ഞെട്ടിച്ചത്.

മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയായ ശങ്കര്‍ പാര്‍ട്ടി ടിക്കറ്റ് ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.

chandrika: