X
    Categories: CultureNewsViews

യൂത്ത്‌ലീഗ് പ്രതിഷേധം ഫലം കണ്ടു; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരുന്നുകളുടേയും ശസ്ത്രക്രിയ ഉപകരണങ്ങളുടെയും വിതരണം പുനഃസ്ഥാപിച്ചു

കോഴിക്കോട്: ധനസഹായം അനുവദിക്കാതെ ആയിരക്കണക്കിന് രോഗികളുടെ അഭയകേന്ദ്രമായ കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയ യൂത്ത്‌ലീഗ് പ്രതിഷേധം ഫലം കണ്ടു. കുടിശിക ഉടന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുളള മരുന്നിന്റെയും സ്‌റ്റെന്റിന്റെയും വിതരണം പുനരാരംഭിക്കാന്‍ ധാരണയായി. സ്‌റ്റെന്റ് , മരുന്ന് വിതരണ കമ്പനികളുമായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് പ്രതിസന്ധി പരിഹരിക്കാന്‍ തീരുമാനമായത്.

സ്‌റ്റെന്റും ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളും വിതരണം ചെയ്യുന്നവര്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് നല്‍കാനുണ്ടായിരുന്നത് 18 കോടി രൂപയായിരുന്നു. മരുന്നു വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 30 കോടിയിലധികം രൂപയാണ്. ഇതിനെ തുടര്‍ന്നാണ് കുടിശിക ലഭിക്കാതെ ഇനി മരുന്നും ഉപകരണങ്ങളും നല്‍കാനാവില്ലെന്ന് വിതരണക്കാര്‍ തീരുമാനിച്ചത്.

വിഷയം ഏറ്റെടുത്ത യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് മെഡിക്കല്‍ കോളേജിനെ തകര്‍ക്കാനുള്ള സര്‍ക്കാറിന്റെ നീക്കമാണിതെന്ന് ആരോപിച്ചിരുന്നു. വിഷയം വിവാദമായതോടെ അടിയന്തരമായി ഇടപെട്ട ജില്ലാ കളക്ടര്‍ ഇതില്‍ 40ശതമാനം തുക നാളെ നല്‍കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് സ്‌റ്റെന്റിന്റേയും ഹൃദയശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം പുനഃസ്ഥാപിക്കാന്‍ ധാരണയായത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: