X

ഡിഎംകെ മുന്നേറ്റം; തമിഴ്‌നാടില്‍ സര്‍ക്കാര്‍ വീഴാന്‍ സാധ്യത

ചെന്നൈ: തമിഴ്‌നാട്ടില്‍ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ നേതൃത്വം നല്‍കുന്ന വിശാല യു.പി.എ മുന്നണി വന്‍ മുന്നേറ്റം കരസ്ഥമാക്കുമെന്ന രീതിയില്‍ വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുന്നതോടെ ഡിഎംകെ അധികാരത്തിലേക്കെന്ന സൂചനകള്‍ വന്നു തുടങ്ങി. തെരഞ്ഞെടുപ്പ് നടന്ന 38 ലോകസഭാ മണ്ഡലങ്ങളില്‍ 37 സീറ്റുകളിലും വിശാല യു.പി.എ മുന്നണി വന്‍ മുന്നേറ്റം നടത്തുകയാണ്. അതേസമയം 22 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലേക്കാണ് സംസ്ഥാനത്തെ മിക്ക രാഷ്ട്രീയ പാര്‍ട്ടികളും ആകാംക്ഷയോടെ ഉറ്റു നോക്കുന്നത്. 22 നിയമസഭാ സീറ്റുകളില്‍ 20 ഇടത്തും ഡിഎംകെ മുന്നേറ്റമാണ്.

ഉപതെരഞ്ഞെടുപ്പ് ഫലം സംസ്ഥാനത്ത് ഭരണ മാറ്റത്തിന് തന്നെ കളമൊരുക്കാന്‍ സാധ്യതയുണ്ട്. 234 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെക്ക് 113 അംഗങ്ങളാണുള്ളത്. ഇതില്‍ മൂന്ന് സിറ്റിങ് എം.എല്‍.എമാരായ ഇ രത്‌ന സഭാപതി, വി.ടി കലൈശെല്‍വം, എ പ്രഭു എന്നിവര്‍ ടിടിവി ദിനകരനുമായി ബന്ധം പുലര്‍ത്തുന്നവരാണ്. ഇവരെ അയോഗ്യരാക്കാന്‍ വേണ്ടി സ്പീക്കര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇത് സുപ്രീം കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. പ്രതിപക്ഷത്ത് ഡി.എം. കെ സഖ്യത്തിന് നിലവില്‍ 97 അംഗങ്ങളുണ്ട്. ഇന്ന് ഫലം പുറത്ത് വരാനിരിക്കെ മൂന്ന് സാധ്യതകളാണ് തമിഴ്‌നാട്ടില്‍ സംഭവിക്കാന്‍ സാധ്യതയുള്ളത്.

വിശ്വാസ വോട്ടെടുപ്പിനെ നേരിട്ടാല്‍ എടപ്പാടി പളനിസാമി സര്‍ക്കാറിന് ഇടഞ്ഞ് നില്‍ക്കുന്ന മൂന്ന് എം.എല്‍.എമാരുടെ പിന്തുണ കിട്ടാന്‍ സാധ്യത വിരളം. ഇതിന് പുറമെ അണ്ണാഡി.എം.കെ സ്ഥാനാര്‍ത്ഥികളായി വിജയിച്ച കരുണാസ്, യു തനിയരശ്, തമീമുന്‍ അന്‍സാരി എന്നിവര്‍ സ്ഥാനം മോഹിച്ച് മറുകണ്ടം ചാടാന്‍ റെഡിയായി നില്‍ക്കുന്നവരാണ്. ഇതോടെ ഉപതെരഞ്ഞെടുപ്പില്‍ ചുരുങ്ങിയത് 11 ഇടത്തെങ്കിലും വിജയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ വീഴാനാണ് സാധ്യത

ഡി.എം.കെ 22ല്‍ 21 ഇടത്ത് വിജയിക്കുകയാണെങ്കില്‍ സ്റ്റാലിന്‍ മുഖ്യമന്ത്രി പദത്തിന് അവകാശം ഉന്നയിക്കും. ഉപതെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കാനായില്ലെങ്കില്‍ ഡി.എം.കെ പുതിയ ഫോര്‍മുല തേടാനാണ് ഏറിയ സാധ്യത. 15 സീറ്റുകള്‍ ഡി.എം.കെ നേടിക്കഴിഞ്ഞാല്‍ എടപ്പാടി സര്‍ക്കാറിന്റെ നിലനില്‍പ് തുലാസിലാകും. ഈ സാഹചര്യത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന മൂന്ന് റിബല്‍ എം.എല്‍. എമാര്‍, അണ്ണാഡി.എം.കെയുടെ സ്ഥാനമോഹികളായ മൂന്ന് എം.എല്‍.എമാര്‍, ടി.ടി.വി ദിനകരന്‍ എന്നിവരുടെ പിന്തുണ ഡി.എം.കെ തേടിയേക്കും. പക്ഷേ ടി.ടി.വിയും അദ്ദേഹത്തെ പിന്തുണക്കുന്ന മൂന്ന് എം.എല്‍. എമാരും സ്റ്റാലിനെ പിന്തുണക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. പിന്തുണ ലഭ്യമല്ലാത്ത സാഹചര്യം വന്നാല്‍ നിയമസഭ പിരിച്ചു വിട്ട് പുതിയ തെരഞ്ഞെടുപ്പിന് വേണ്ടി ഡി.എം.കെ രംഗത്തു വരും.
15 സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിച്ചാല്‍ പിന്നീട് സര്‍ക്കാര്‍ രൂപീകരണത്തിന് സമയത്തിന്റെ മാത്രം പ്രശ്‌നമെ അവശേഷിക്കുന്നുള്ളൂവെന്നായിരുന്നു മുതിര്‍ന്ന ഡി.എം.കെ നേതാവിന്റെ പ്രതികരണം. എക്‌സിറ്റ് പോളുകള്‍ 14 സീറ്റുകള്‍ ഡി.എം.കെ വിജയിക്കുമെന്നാണ് പ്രവചിക്കുന്നത്. അഞ്ചിടത്ത് കനത്ത പോരാട്ടവും മൂന്നിടത്ത് അണ്ണാഡി.എം.കെയും ജയിക്കുമെന്നാണ് പ്രവചനം. തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ എവിടേക്കെന്ന് ഇന്ന് വൈകീട്ടോടെ വ്യക്തമാകും.

chandrika: