X

കളക്ടറെയടക്കം വിമര്‍ശിക്കരുത്, പറയാനുള്ളത് കോടതിയെ അറിയിക്കണം; സി.പി.എം ജില്ലാ സെക്രട്ടറിയോട് ഹൈക്കോടതി

മൂന്നാറിലെ അനധികൃത നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സി.പി.എം ജില്ലാ സെക്രട്ടറിക്കെതിരെ ഹൈക്കോടതി. കേസില്‍ പരസ്യ വിമര്‍ശനം പാടില്ലെന്ന് ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. അമിക്യസ്‌ക്യൂറിക്കും കളക്ടര്‍ക്കുമെതിരെ വിമര്‍ശനം ഉന്നയിക്കരുത്. അവര്‍ കോടതി ഉത്തരവാണ് നടപ്പാക്കുന്നത്. പറയാനുള്ളത് കോടതിയെ രേഖാമൂലം അറിയിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇടുക്കിയിലെ ഭൂമി വിഷയത്തില്‍ 2 മാസത്തിനകം സര്‍വേ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് കോടതി നിര്‍ദേശം നല്‍കി.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സ്റ്റോപ്പ് മെമോ നല്‍കിയിട്ടും നിര്‍ദേശം ലംഘിച്ചുകൊണ്ട് നിര്‍മാണപ്രവര്‍ത്തനം നടത്തിയവരുടെ പട്ടിക ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഇടുക്കി ജില്ലയില്‍ റവന്യൂവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും എന്‍.ഒ.സി. ഇല്ലാതെ സി.പി.എം. പാര്‍ട്ടി ഓഫീസ് നിര്‍മിക്കുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. അതേസമയം, ഹൈക്കോടതി വിലക്കിയിട്ടും ശാന്തന്‍പാറ പാര്‍ട്ടി ഓഫീസ് നിര്‍മാണം രാത്രി തുടര്‍ന്നത് വലിയ വിവാദമായിരുന്നു.

 

 

webdesk13: