X

വിസ്മയമായി ദോഹ മെട്രോ

കമാല്‍ വരദൂര്‍

നാല് വര്‍ഷം മുമ്പ് ഫിഫ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ റഷ്യന്‍ ആസ്ഥാനമായ മോസ്‌കോയിലെത്തിയപ്പോള്‍ കണ്ട അല്‍ഭുതം അവിടുത്തെ മെട്രോയായിരുന്നു. 100 വര്‍ഷം പഴക്കമുള്ള മെട്രോ. റഷ്യന്‍ ചരിത്രത്തിലെ വിപ്ലവാധ്യായങ്ങളെ ഓര്‍മിപ്പിക്കുന്ന സ്‌റ്റേഷനുകള്‍. 1917 ലെയും അതിന് മുമ്പമുള്ള റഷ്യന്‍ വിപ്ലവ കാലത്തെ പഠനാധ്യായങ്ങളായിരുന്നു മെട്രോ സ്‌റ്റേഷനുകള്‍.

ഇന്നലെകളെ അതേ പടി പുനരാവിഷ്‌കരിച്ചിരിക്കുന്നു. വലുപ്പത്തിലും നിര്‍മാണത്തിലും മോസ്‌കോ മെട്രോയുമായി താരതമ്യം ചെയ്യാനാവില്ലെങ്കിലും ദോഹ മെട്രോയാണ് ലോകകപ്പിലെ വലിയ താരങ്ങളിലൊന്ന്. അത്യാധുനികമായി ചിന്തിക്കുന്ന ഭരണകൂടത്തിന്റെ കാലത്തിനൊത്ത കാല്‍വെയ്പ്പ്. 2019 മെയ് 08 ന് ആരംഭിച്ച് താരതമ്യേന ലോകത്തിലെ ഏറ്റവും ചെറുപ്പക്കാരനായ മെട്രോ. ആകെ മൂന്ന് പാതകള്‍ മാത്രം. പക്ഷേ കൊച്ചു രാജ്യത്ത് ലോകകപ്പിനായി എത്തുന്നവരെയെല്ലാം ഈ മെട്രോ എളുപ്പത്തില്‍ ലക്ഷ്യത്തിലെത്തിക്കുന്നു. 76 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 37 സ്‌റ്റേഷനുകളുണ്ട്. എട്ട് വേദികളിലായാണ് ലോകകപ്പ് മല്‍സരങ്ങള്‍ നടക്കുന്നത്. ഇതില്‍ അഞ്ച് സ്‌റ്റേഡിയങ്ങളിലേക്കും മെട്രോയുണ്ട്. മൂന്ന് സ്‌റ്റേഡിയങ്ങളിലേക്കാവട്ടെ അരികിലുള്ള മെട്രോ സ്‌റ്റേഷനില്‍ നിന്നും ഷട്ടില്‍ ബസ് സര്‍വീസുമുണ്ട്.

സുന്ദരമായ റോഡുകളില്‍ ലോകകപ്പ് ഗതാഗതം പ്രയാസമാവുമെന്ന് മനസിലാക്കി തന്നെയായിരുന്നു 2010 ന് ശേഷം ദോഹ മെട്രോ എന്ന ആശയത്തിന് ഭരണകൂടം നിര്‍മാണ വേഗത നല്‍കിയത്. 2006 ലെ ഏഷ്യന്‍ ഗെയിംസിനും അതിന് ശേഷം നടന്ന ഒട്ടനവധി രാജ്യാന്തര കായിക ചാമ്പ്യന്‍ഷിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും വന്നപ്പോള്‍ ഗതാഗതമായിരുന്നു പ്രശ്‌നം. അന്ന് മെട്രോയുണ്ടായിരുന്നില്ല. ഫിഫ ലോകകപ്പ് എന്നത് വലിയ വേദിയാണെന്നും ലോകം ഒന്നടങ്കം ഒഴുകിയെത്തുമെന്നും മനസിലാക്കി തന്നെയായിരുന്നു മെട്രോ ആശയം. രണ്ടായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. 1 യാത്രികരുടെ സുരക്ഷ. 2 ഗതാഗത കുരുക്ക് ഒഴിവാക്കല്‍. ഈ രണ്ട് ലക്ഷ്യത്തിലും അവര്‍ വിജയിക്കുന്നു. ഓരോ മൂന്ന് മിനുട്ടിലും റെഡ്, ഗ്രീന്‍, ഗോള്‍ഡ് ലൈനുകളില്‍ സര്‍വീസുണ്ട്. പൂര്‍ണ സുരക്ഷയാണ് അധികാരികളുടെ ഉറപ്പ്. സ്‌റ്റേഷനില്‍ സുരക്ഷാ ഉദ്യോഗസ്ഥാരും അവരുടെ സഹായികളും ഇപ്പോള്‍ ലോകകപ്പ് വോളണ്ടിയര്‍മാരുമായി നിരവധി പേര്‍. തിരക്കിട്ട് സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് പേടിക്കാനൊന്നുമില്ല. അറബിയിലും ഇംഗ്ലീഷിലും യാത്രയെ പരിചയപ്പെടുത്തുന്ന സൈന്‍ ബോര്‍ഡുകളും അകത്ത് സ്‌റ്റേഷനുകളെ പരിചയപ്പെടുത്തുന്ന അനൗണ്‍സ്‌മെന്റും. എല്ലാ ലോകകപ്പ് വേദികളിലേക്കും എല്ലാവര്‍ക്കും എളുപ്പത്തിലെത്താനാവുമ്പോള്‍ ഈ കാര്യത്തില്‍ യൂറോപ്യര്‍ പരാതി പറയുന്നില്ല.

 

web desk 3: