X

ഉറങ്ങാതെ ദോഹ; ലോകകപ്പ് അരങ്ങേറുമ്പോള്‍ അര്‍ധരാത്രി പിന്നിട്ടും മാളുകളും മെട്രോയും

അശ്റഫ് തൂണേരി

ദോഹ: ആവേശപൂര്‍വ്വം അറബ് ലോകം കാത്തിരിക്കുന്ന 2022 ഫിഫ ലോകകപ്പ് അരങ്ങേറുമ്പോള്‍ ഖത്തറില്‍ രാവും പകലും ഒരുപോലെ സജീവമാവും. ലോകം ഖത്തറിലേക്ക് സഞ്ചരിക്കുമ്പോള്‍ ഉറങ്ങാത്ത ദോഹ ആരാധകരെ വരവേല്‍ക്കും. ലോകകപ്പ് ടൂര്‍ണ്ണമെന്റ് വേളയില്‍ മെട്രോ ഗതാഗതം അര്‍ധരാത്രി പിന്നിട്ട് 3 മണി വരെയാകും. മാളുകളും വാണിജ്യകേന്ദ്രങ്ങളും 2 മണി വരെ പ്രവര്‍ത്തിക്കും. ഒക്ടോബര്‍ 15 മുതല്‍ വാണിജ്യകേന്ദ്രങ്ങളുടെ സമയക്രമം പ്രാബല്യത്തില്‍ വരും.

37 മെട്രോ സ്റ്റേഷനുകളും 7 ട്രാം സ്റ്റേഷനുകളും രാവിലെ ആറു മുതല്‍ കാലത്ത് 3 വരെ പ്രവര്‍ത്തിക്കും. അതേസമയം വെള്ളിയാഴ്ച രാവിലെ 9 മുതല്‍ മാത്രമേ ആരംഭിക്കൂ. മൊത്തം സ്റ്റാന്‍ഡ് ബൈ ഉള്‍പ്പെടെ 110 മെട്രോ ട്രെയിനുകള്‍ സേവനത്തിനായി സജ്ജമായിരിക്കും. 18 ട്രാമുകളാണുണ്ടാവുക. 43 ലൈനുകളിലും മെട്രോ ലിങ്ക് ബസ്സുകളും സജീവമായിരിക്കും.

അതേസമയം മെട്രോ എക്സ്പ്രസ്സ് ഓണ്‍ഡിമാന്‍ഡ് സര്‍വ്വീസ് രാവിലെ ആറു മുതല്‍ വൈകീട്ട് വരെയായിരിക്കും. ഹയ്യ കാര്‍ഡ് ഉടമകള്‍ക്ക് നവംബര്‍ 10 മുതല്‍ തന്നെ മെട്രോ, ട്രാം യാത്രകള്‍ സൗജന്യമായിരിക്കും. ഡിസംബര്‍ 23 വരെ ഈ സൗകര്യം ഉപയോഗിക്കാനാവും. ഹയ്യ ഇല്ലാത്തവര്‍ക്ക് വീക്ക്ലി കാര്‍ഡ് കാശ് നല്‍കി വാങ്ങാവുന്നതാണ്. പതിമൂന്ന് മെട്രോ സ്റ്റേഷനുകല്‍ലായി 18,200 പാര്‍ക്കിംഗ് സ്പേസുകള്‍ ഉണ്ടായിരിക്കും. ലോകകപ്പ് ടൂര്‍ണ്ണമെന്റ് ദിവസങ്ങളില്‍ 30 മുതല്‍ 50 വരെ ശതമാനം വരെ യാത്ര മെട്രോ ഗതാഗതം വഴിയായിരിക്കുമെന്നും സുപ്രീം കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി.

web desk 3: