X

പട്ടേല്‍ പ്രതിമക്കെതിരെയുള്ള കര്‍ഷക സമരം; മോദിയെ വെറുതെ വിടരുതെന്ന് യശ്വന്ത് സിന്‍ഹ

വഡോദര: വാഗ്ദാനങ്ങള്‍ പാലിക്കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2019 ലെ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഒരു പാഠം പഠിപ്പിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി വിമത നേതാവുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പിക്കും മോദിക്കും വോട്ടെടുപ്പിലൂടെ ഉപരോധം ഏര്‍പ്പെടുത്തണമെന്നും ഞാന്‍ ആ പാര്‍ട്ടിയുടെ ഭാഗവാക്കായിപ്പോയത്തിന് ഇപ്പോള്‍ മാപ്പ് ചോദിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ബി.ജെ.പി പാലിക്കാത്തതില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു. കാരണം അന്ന് ഞാന്‍ ബി.ജെ.പിയുടെ ഭാഗമായിരുന്നു. എന്നാല്‍ അതിന് കാരണക്കാരനായ മോദിക്ക് ഒരു തരത്തിലും നിങ്ങള്‍ മാപ്പ് നല്‍കരുത്, സിന്‍ഹ പറഞ്ഞു.

പട്ടേല്‍ പ്രതിമ നിര്‍മാണത്തിനെതിരെ ഗുജറാത്തിലെ ജുനഗദില്‍ കര്‍ഷകര്‍ നടത്തിയ ഉപവാസ സമരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു സമരം.

പട്ടേല്‍ പ്രതിമക്കായി കുടിയൊഴിപ്പിക്കപ്പെട്ട കര്‍ഷകര്‍ക്ക് മോദി പ്രഖ്യാപിച്ച പാക്കേജ് നടപ്പാക്കാത്തതും സിന്‍ഹ ചൂണ്ടിക്കാട്ടി. വാജ്‌പേയി മന്ത്രിസഭയില്‍ ധനകാര്യം, വിദേശ കാര്യം കൈകാര്യം ചെയ്തിരുന്ന യശ്വന്ത് സിന്‍ഹ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് പാര്‍ട്ടിയുമായി ഭിന്നതയിലായത്. മോദിയെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായെയും നിശിതമായി വിമര്‍ശിച്ച സിന്‍ഹ കഴിഞ്ഞ ഏപ്രിലില്‍ ബി.ജെ.പിയില്‍നിന്ന് രാജിവെക്കുകയായിരുന്നു.

chandrika: