X

ഇരട്ട നരബലി: കുറ്റപത്രം ഡിസംബര്‍ ആദ്യവാരം

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസിലെ കുറ്റപത്രം ഡിസംബര്‍ ആദ്യവാരം സമര്‍പ്പിക്കും. ശരീരഭാഗങ്ങളുടെ പരിശോധനകളില്‍ പൊലീസിന്റെ കണ്ടെത്തല്‍ ശരിവയ്ക്കും വിധം കൊല്ലപ്പെട്ടത് റോസിലിയും പത്മവുമെന്ന് ഡിഎന്‍എ ഫലത്തില്‍ നിന്ന് വ്യക്തമായതോടെയാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കുന്ന നടപടികളിലേക്ക് കടക്കുന്നത്.

ഒക്ടോബര്‍ 12നായിരുന്നു കേസില്‍ മൂന്ന് പ്രതികളുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങിന്റെയും ലൈലയുടെയും വീടിനോട് ചേര്‍ന്നുള്ള കുഴിയില്‍ നിന്ന് കണ്ടെടുത്ത മാംസഭാഗങ്ങളില്‍ ഒന്ന്, കാലടി മറ്റൂരില്‍ നിന്ന് ആദ്യം കാണാതായ റോസിലിന്റേതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇവിടെ നിന്ന് കണ്ടെടുത്ത 11 ശരീരഭാഗങ്ങളില്‍ ഒന്നിന്റെ ഡിഎന്‍എ സാമ്പിള്‍ ഇന്നലെയാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.. മറ്റൊരു കുഴിയില്‍ നിന്ന് ശേഖരിച്ച 56 കഷണങ്ങളില്‍ ഒന്ന് കൊച്ചിയില്‍ നിന്ന് കാണാതായ പത്മത്തിന്റെതാണെന്ന് നേരത്തെ ഡിഎന്‍എ ഫലം വന്നിരുന്നു. 66 ശരീരഭാഗങ്ങളുടെ ഡിഎന്‍എ ഫലം ലഭിക്കാനുണ്ട്. ഇതിന് ശേഷമേ ബന്ധുക്കള്‍ക്ക് സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം കൈമാറുകയുള്ളൂ.

web desk 3: