X

ദേശസ്‌നേഹം തെളിയിക്കാന്‍ കോണ്‍ഗ്രസിന് ആര്‍.എസ്.എസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മന്‍മോഹന്‍ സിങ്

ദേശത്തോടുള്ള സ്‌നേഹം തെളിയിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് ബി.ജെ.പിയുടേയോ സംഘ്പരിവാറിന്‍രെയോ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴുമ്പോള്‍ വിവാദങ്ങളിലൂടെ പുകമറ സൃഷ്ടിക്കുന്നതിനു പകരം ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഡോ.സിങ് ആവശ്യപ്പെട്ടു.

തനിക്കെതിരെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെയും സാമ്പത്തിക വിദഗ്ധന്‍ കൂടിയായ ഡോ. മന്‍മോഹന്‍ സിങ് ചടങ്ങില്‍ തിരിച്ചടിച്ചു. പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന് പകരം ‘എതിരാളികളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നതിലാണ് കേന്ദ്ര സര്‍ക്കാര്‍ വ്യാപൃതരാകുന്നതെന്ന്, കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക, രാഷ്ട്രീയ നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ് പറഞ്ഞു.

ധനമന്ത്രിയുടെ വാക്കുകളോട് അതേപടി പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ ഡോ. സിങ്, സമ്പദ് വ്യവസ്ഥയുടെ രോഗം മനസ്സിലാക്കാതെയുള്ള ചികിത്സയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പരിഹസിച്ചു. രോഗം എന്താണെന്ന് ആദ്യം കണ്ടെത്താന്‍ കഴിയണം. എന്നിട്ട് ആ രോഗത്തിനുള്ള ചികിത്സ നല്‍കണം. അതിനു പകരം പ്രതിപക്ഷത്തെ അധിക്ഷേപിച്ച് ശ്രദ്ധ തിരിക്കാനാണ് ധനമന്ത്രി ശ്രമിക്കുന്നതെന്നും ഡോ. സിങ് പരിഹസിച്ചു. ഡോ.മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയും രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണറും ആയിരുന്ന സമയത്താണ് രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ഏറ്റവും മോശമായ അവസ്ഥയില്‍ എത്തിയതെന്നായിരുന്നു നിര്‍മ്മലാ സീതാരാമന്റെ പരാമര്‍ശം.

chandrika: