X

അക്രമം തടയാന്‍ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണം: ഡോ. എം.കെ മുനീര്‍

തിരുവനന്തപുരം: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളിലെ സി.പി.എം അക്രമങ്ങള്‍ തടയാന്‍ മുഖ്യമന്ത്രി ചങ്കൂറ്റം കാണിക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. നിയമസഭയില്‍ വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയപരമായി അല്ലാതെ എല്ലാവരുടെയും മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കണം. അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.
ഒഞ്ചിയത്തും സി.പി.എമ്മിന് അസഹിഷ്ണുതയാണ്. വനിതാ ദിനത്തില്‍ ടി.പി ചന്ദ്രശേഖരന്റെ വിധവ കണ്ണീരുമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹം അനുഷ്ഠിക്കുകയാണ്. നിയമസഭയിലെ വനിതാ അംഗങ്ങള്‍ അവിടെ ചെന്ന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള മനസ് കാട്ടണമെന്നും മുനീര്‍ പറഞ്ഞു.
ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ ഇപ്പോള്‍ സംഘര്‍ഷമൊന്നുമില്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാല്‍ ഒരു മാസം മുന്‍പ് തുടങ്ങിയ അക്രമങ്ങളില്‍ പൊലീസ് ഒരു നടപടിയുമെടുത്തില്ലെന്നാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. ആര്‍ .എം.പി സംസ്ഥാന സെക്രട്ടറി എന്‍. വേണുവിനെയും പ്രവര്‍ത്തകരെയും സി.പി.എം ക്രിമിനലുകളില്‍ നിന്ന് രക്ഷിക്കാനെന്ന പേരില്‍ പിടിച്ചുകൊണ്ടുപോയി പ്രവര്‍ത്തകര്‍ക്കെതിരെ ആയുധം സൂക്ഷിച്ചതായി കള്ളകേസുണ്ടാക്കുകയാണ് പൊലീസ് ചെയ്തത്. ആര്‍.എം.പി ഓഫീസ് വളഞ്ഞ ഗുണ്ടകളുടെ കയ്യിലായിരുന്നു ആയുധമുണ്ടായിരുന്നത്. വാളുകൊണ്ടുള്ള വെട്ടുകളുടെ അടയാളം വാതിലില്‍ കാണാം.
ഭിന്നശേഷിക്കാര്‍പോലും സി.പി.എം ആക്രമണത്തിന് ഇരയാവുകയാണ്. എട്ടുവയസുള്ള കുട്ടിയെയും വൃദ്ധയെയും വരെ ആക്രമിച്ചു. ഒഞ്ചിയം പാലത്തിന് സമീപമുള്ള സി.പി.എം പ്രവര്‍ത്തകന്‍ മോഹനന്റെ വീട്ടില്‍ ആയുധവും ബോംബും ഉണ്ടെന്ന് അറിയിച്ചിട്ടും പൊലീസ് ഇടപെടാന്‍ ഭയപ്പെടുന്നു. പൊലീസുകാര്‍ക്കുള്ള ശമ്പളം തങ്ങളുടെ നികുതി പണത്തില്‍ നിന്നുകൂടിയാണ്, അല്ലാതെ സി.പി.എമ്മിന്റെ ഓഫീസില്‍ നിന്നല്ലെന്നും മുനീര്‍ പറഞ്ഞു.
കെ.കെ രമക്കെതിരെ വനിതാ കമ്മീഷന്‍ അംഗത്തിന്റെ ഭര്‍ത്താവ് തന്നെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിട്ടിട്ടും നടപടിയെടുത്തില്ല.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിന്റെ പേരില്‍ വിഷ്ണു എന്ന ചെറുപ്പക്കാരന്റെ ഇരുകാലുകളും സി.പി.എമ്മുകാര്‍തന്നെ തല്ലിപൊട്ടിച്ചു. കെ.കെ രമക്കെതിരായ പോസ്റ്റിന്റെ പേരില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടും നടപടികളൊന്നുമുണ്ടാകുന്നില്ലെന്നും ഡോ. എം.കെ മുനീര്‍ ചൂണ്ടിക്കാട്ടി.

chandrika: