X

പാറക്കലിനെതിരെ അധിക്ഷേപവുമായി മുഖ്യമന്ത്രി; തിരിച്ചടിച്ച് എം.കെ മുനീറും ചെന്നിത്തലയും

തിരുവനന്തപുരം: ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളിലെ സി.പി.എം അക്രമങ്ങളെ കുറിച്ച് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കുറ്റിയാടി എം.എല്‍.എ പാറക്കല്‍ അബ്ദുള്ളയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ടീസിന് മറുപടി പറയവെയാണ് മുഖ്യമന്ത്രി വിവാദപരാമര്‍ശം നടത്തിയത്. ആര്‍.എം.പി രൂപീകരിച്ചപ്പോള്‍ അതിനെ സ്‌പോണ്‍സര്‍ ചെയ്ത കൂട്ടത്തില്‍ പാറക്കലിന്റെ പേരും പറഞ്ഞുകേട്ടിരുന്നതായും ഇപ്പോള്‍ ആര്‍.എം.പി ശോഷിക്കുമ്പോഴുള്ള മനഃപ്രയാസംകൊണ്ടാണ് ഈ വിഷയം സഭയില്‍ അടിയന്തരപ്രമേയമായി കൊണ്ടുവന്നതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

ടി.പി കേസില്‍ പ്രതിയായിരുന്ന പി. മോഹനന്റെ ഭാര്യ കെ.കെ ലതികയെ കുറ്റിയാടിയില്‍ തോല്‍പിച്ചതിന്റെ അലോസരമാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നിലെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. നാളെ ഒരു തെരഞ്ഞെടുപ്പ് നടന്നാലും കുറ്റിയാടിയില്‍ പാറക്കല്‍ അബ്ദുള്ള തന്നെ വിജയിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. പാറക്കല്‍ അബ്ദുള്ളക്കെതിരെ വ്യക്തിവൈരാഗ്യം ഉള്ളതുപോലെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറും ചൂണ്ടിക്കാട്ടി. കുറ്റിയാടിയില്‍ നിന്ന് ജനപ്രതിനിധിയായി ജയിച്ചുവന്നയാളാണ് പാറക്കല്‍. ദിവസവും വീട്ടില്‍ വന്നുപോകാമെന്ന് പറഞ്ഞല്ല ഞങ്ങള്‍ രാഷ്ട്രീയ രംഗത്തിറങ്ങിയത്. അടിയുംവാങ്ങി ഓച്ഛാനിച്ച് നല്‍ക്കുന്നവരല്ല ഞങ്ങളെന്നും മുനീര്‍ കൂട്ടിച്ചേര്‍ത്തു.

chandrika: