X

സമാധാനമായി ജീവിക്കാന്‍ അവസരം ഒരുക്കണം: പാറക്കല്‍ അബ്ദുല്ല

തിരുവനന്തപുരം: സി.പി.എം അക്രമങ്ങളെ തുടര്‍ന്ന് ഒഞ്ചിയം, ഓര്‍ക്കാട്ടേരി മേഖലകളില്‍ ജനജീവിതം ദുസ്സഹമായെന്ന് പാറക്കല്‍ അബ്ദുള്ള. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍. എം.പി, കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ക്കുനേരെ സി. പി.എം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചുവിടുകയാണ്.
ആര്‍. എം.പിക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ്. പൊലീസ് നിഷ്‌ക്രിയരാണെന്ന് മാത്രമല്ല, അക്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. 74 വയസുള്ള എരുമാട്ടി ഗോപാലനടക്കമുള്ളവരെ മര്‍ദിച്ച് ആസ്പത്രിയിലാക്കി. ആര്‍.എം.പി ഓഫീസില്‍ കയറി പ്രവര്‍ത്തകനെ ആക്രമിച്ചു. കാറും വീടും കത്തിച്ചു. തീയണക്കാന്‍ വന്ന ഫയര്‍ഫോഴ്‌സിനെ പാര്‍ട്ടി ഓഫീസിന് മുന്നി ല്‍തടഞ്ഞു.
കടകള്‍ തകര്‍ത്തശേഷം സാധനങ്ങള്‍ കൊള്ളയടിച്ചു. ഇതറിഞ്ഞെത്തിയ ആര്‍.എം.പി സംസ്ഥാന സെക്രട്ടറി വേണുവും പതിനഞ്ചോളം പ്രവര്‍ത്തകരെയും സി.പി.എം പ്രവര്‍ത്തകര്‍ കൊലവിളിയുമായി വളഞ്ഞു. പൊലീസെത്തി ഇവരെ രക്ഷിക്കാനെന്ന പേരില്‍ 20 കി.മീ. അകലെയുള്ള പയ്യോളി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. വേണു ഒഴികെയുള്ളവരുടെ പേരില്‍ ഓഫീസില്‍ നിന്ന് തുരുമ്പിച്ച ആയുധം കിട്ടിയെന്ന പേരില്‍ കേസെടുത്ത് ലോക്കപ്പിലിട്ടു.
നാദാപുരം, വടകര, കുറ്റിയാടി പ്രദേശങ്ങളില്‍ സി.പി.എം അല്ലാത്തവര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താനാവുന്നില്ല. രമയുടെയും വേണുവിന്റെയും നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും ആളുകള്‍ക്ക് റോഡിലിറങ്ങാനും ജോലി ചെയ്യാനും നടപടി വേണം. മാന്യമായി ജീവിക്കാനുള്ള അവസരമുണ്ടാകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തേണ്ടിവന്നു. കയ്യും കാലുംവെട്ടും വെള്ളപുതപ്പിച്ച് കിടത്തിക്കും എന്ന് പറഞ്ഞ് തന്റെ വീട്ടിലും ആളുകള്‍ വന്നിരുന്നു. പക്ഷെ പൊലീസ് കേസെടുത്തില്ല. ഷെരീഫ് എന്ന ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച് രണ്ട് കാലും ഒടിച്ചു. ഒരു പ്രതിയെപോലും അറസ്റ്റ് ചെയ്തിട്ടില്ല. അസ്‌ലം വധക്കേസില്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുപ്പിച്ച പ്രതി സുമോഹന്‍ നാട്ടിലെത്തി വലിയ പാര്‍ട്ടി സംഘടിപ്പിച്ചിട്ടും അറസ്റ്റ് ചെയ്തില്ല.
എസ്.പി പുഷ്‌കരന്‍ അവിടെ സമാധാനമുണ്ടാക്കാന്‍ അനുവദിക്കുന്നില്ല. രാഷ്ട്രീയവിരോധം വെച്ച് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വിദേശത്ത് പോകുന്നത് തടയുന്നതായും പാറക്കല്‍ ചൂണ്ടിക്കാട്ടി.

chandrika: