X
    Categories: indiaNews

ഡോ. സുഹൈല്‍ അജാസ് ഖാന്‍ സഊദി അറേബ്യ അംബാസഡര്‍

സഊദി അറേബ്യയിലെ പുതിയ അംബാസഡറായി ഡോ. സുഹൈല്‍ അജാസ് ഖാന്‍ നിയമിതനായി. നിലവില്‍ ലബനോനില്‍ അംബാസഡറായ അദ്ദേഹം വൈകാതെ റിയാദിലെത്തി ചുമതലയേല്‍ക്കും. 1997 ബാച്ച് ഐ എഫ് എസ് ഉദ്യോഗസ്ഥനായ ഡോ. സുഹൈലിനെ ഇന്നലെയാണ് സഊദിയിലെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചുകൊണ്ടുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ സഊദിയിലെ ഇന്ത്യന്‍ അംബാസഡര്‍ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. മുന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയീദ് വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറിയായി പോയ ശേഷം ഒമ്പത് മാസമായി ഒഴിഞ്ഞു കിടന്ന പദവിയില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ എന്‍. രാംപ്രസാദ് താത്കാലിക ചുമതല വഹിച്ചു വരികയായിരുന്നു.
പുതിയ അംബാസഡറായി ചുമതലയേല്‍ക്കുന്ന ഡോ. സുഹൈല്‍ അജാസ് ഖാന്‍ നേരത്തെ ജിദ്ദയില്‍ കോണ്‍സല്‍ ജനറലായും റിയാദില്‍ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനായും പ്രവര്‍ത്തിച്ചിരുന്നു.
2017 സെപ്റ്റംബര്‍ മുതല്‍ 2019 ജൂണ്‍ വരെ ഡി സി എമ്മായിരുന്ന ഡോ. സുഹൈലിന് അംബാസഡര്‍ പദവി മൂന്നാം ഊഴമാണ്. റിയാദില്‍ നിന്ന് 2019 ജൂണ്‍ 21നാണ് ലബനാനിലെ അംബാസഡറായി നിയമിതനായി പോയത്. അറബി ഭാഷയില്‍ ഡിപ്ലോമ നേടിയ അദ്ദേഹം 2011 മുതല്‍ 2013 വരെ അന്നത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമ്മദിന്റെ ഓഫീസ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. 2005 മുതല്‍ 2008 വരെയുള്ള കാലയളവിലാണ് ജിദ്ദയില്‍ കോണ്‍സല്‍ ജനറലായി സേവനമനുഷ്ഠിച്ചത്. വിവിധ രാജ്യങ്ങളില്‍ വ്യത്യസ്ത സ്ഥാനങ്ങളില്‍ കഴിവ് തെളിയിച്ച ഡോ. സുഹൈലിന് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള സഊദിയില്‍ നിര്‍വഹിക്കാനുള്ളത് സുപ്രധാന ദൗത്യങ്ങളാണ്. ഇന്ത്യയും സഊദിയും തമ്മില്‍ ഊഷ്മള നയതന്ത്ര ബന്ധം നിലനില്‍ക്കുന്ന ഈ ഘട്ടത്തില്‍ നിറഞ്ഞ പരിചയസമ്പത്തുമായെത്തുന്ന ഡോ. സുഹൈലിന്റെ സാന്നിധ്യം സഊദിയിലെ പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാകും. തന്റെ സേവന കാലയളവില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ തൊഴില്‍ സുരക്ഷക്കായി ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ. സുഹൈല്‍ സഊദിയിലെ പ്രവാസി വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രാഗല്‍ഭ്യം തെളിയിച്ചിരുന്നു.

 

Chandrika Web: