X

ജനാര്‍ദ്ദന്‍ റെഡ്ഢി 100 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി ആരോപണം

ബംഗളൂരു: കേന്ദ്ര സര്‍ക്കാര്‍ 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ നോട്ടുക്ഷാമത്തിനിടെ 500 കോടി രൂപ ചെലവിട്ട് മകളുടെ വിവാഹം ആഡംബരമായി നടത്തി വിവാദങ്ങളില്‍ നിറഞ്ഞുനിന്ന കര്‍ണാടകയിലെ മുന്‍ ബിജെപി മന്ത്രി ജനാര്‍ദ്ദന്‍ റെഡ്ഡിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാവിന്റെ ആത്മഹത്യാ കുറിപ്പ്.

 

ജനാര്‍ദ്ദന്‍ റെഡ്ഡിയുടേയും കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടേയും പീഡനത്തില്‍ മനംനൊന്താണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് രമേഷ് ഗൗഡ എന്ന യുവാവ് ആത്മഹത്യാ കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മഥൂരിലെ സ്വകാര്യ ലോഡ്ജില്‍ വെച്ച് വിഷം കഴിച്ചാണ് ഗൗഡ ആത്മഹത്യ ചെയ്തത്. സ്‌പെഷ്യല്‍ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസര്‍ ബീമാ നായിക്കിന്റെ ഡ്രൈവറാണ് രമേഷ് ഗൗഡ. ഇയാള്‍ ജനാര്‍ദ്ദന്‍ റെഡ്ഡിക്കായും ജോലി ചെയ്യുന്നുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്.

ആത്മഹത്യ ചെയ്ത രമേഷ് ഗൗഡ

റെഡ്ഡി എങ്ങനെയാണ് 100 കോടി കള്ളപ്പണം വെളുപ്പിച്ചത് തനിക്കറിയാമെന്ന് ആത്മഹത്യാ കുറിപ്പില്‍ ഗൗഡ ആരോപിക്കുന്നു. ഇതിന്റെ പേരില്‍ നിരവധി വധഭീഷണികള്‍ തനിക്കും മറ്റൊരു ഡ്രൈവറായ മുഹമ്മദിനും നേരെ ഉണ്ടായതായും ആത്മഹത്യാ കുറിപ്പിലുണ്ട്.
മകളുടെ വിവാഹത്തിനായി കള്ളപ്പണം വെളുപ്പിക്കാന്‍ ബീമാ നായിക് ആണ് റെഡ്ഡിയെ സഹായിച്ചത്. വെളുപ്പിച്ച പണത്തില്‍ നിന്നും 20 ശതമാനം തുക റെഡ്ഡി നായിക്കിന് നല്‍കി. മകളുടെ വിവാഹത്തിന് മുമ്പ് ബിജെപി എം.പി ബി ശ്രീരാമലുവിനൊപ്പം റെഡ്ഡി ബംഗളൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നായിക്കുമായി നിരവധി തവണ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

 
വെളുപ്പിച്ച പണത്തിന് പകരമായി 2018ല്‍ നടക്കാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ന ല്‍കണമെന്നും നായിക് റെഡ്ഡിയോട് ആവശ്യപ്പെട്ടിരുന്നതായി രമേഷ് ഗൗഡയുടെ ആത്മഹത്യാ കുറിപ്പിലുണ്ട്. 500 കോടിയോളം രൂപ ചെലവഴിച്ച് മകളുടെ വിവാഹം അത്യാര്‍ഭാടമാക്കിയ റെഡ്ഡിക്കെതിരെ നേരത്തെ ആദായ നികുതി വകുപ്പ് അന്വേഷണം ആരംഭിച്ചിരുന്നു. നോട്ട് അസാധുവാക്കലില്‍ രാജ്യം ഒന്നടങ്കം ബാങ്കുകള്‍ക്ക് മുന്നില്‍ വരിനിന്ന ആഴ്ചയിലാണ് ബംഗളൂരില്‍ അത്യാഡംബര വിവാഹം നടന്നത്. ഖനി വ്യവസായി ആയ ജനാര്‍ദ്ദന്‍ റെഡ്ഡി നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം പിന്നാലെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബെല്ലാരിയിലുള്ള റെഡ്ഡിയുടെ ഖനി കമ്പനിയില്‍ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.

 
നവംബര്‍ 16ന് നടന്ന റെഡ്ഡിയുടെ മകളുടെ വിവാഹത്തില്‍ 50,000 അതിഥികളാണ് പങ്കെടുത്തത്. ബിജെപി നേതാക്കള്‍ വിവഹത്തില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശമുണ്ടിയിട്ടും യെദ്യൂരപ്പയും ബിജെപിയുടെ പ്രതിപക്ഷ നേതാവ് ജഗദീഷ് ഷെട്ടറും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു.
2011ല്‍ അനധികൃത ഇരുമ്പയിര് ഖനനത്തിന് ജനാര്‍ദ്ദന റെഡ്ഡി അറസ്റ്റിലായിരുന്നു. മൂന്നരവര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 2015ലാണ് അദ്ദേഹം ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

chandrika: