X

ഡ്രൈവിങ് ലൈസന്‍സിന് ഇനി എട്ടും എച്ചും മാത്രം പോര, മാറ്റത്തിനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കുന്നു. ഇനി മുതല്‍ എട്ടും എച്ചും മാത്രം ഇട്ടതു കൊണ്ട് ലൈസന്‍സ് കിട്ടില്ല. ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പാസാകാന്‍ പുതിയ മാനദണ്ഡങ്ങള്‍ കൂടി കൊണ്ടു വരാനുള്ള ഒരുക്കത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

നിലവില്‍ ഇരുചക്രവാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും എട്ടും നാലുചക്ര വാഹനങ്ങള്‍ക്ക് എച്ചും എന്ന രീതിയാണുള്ളത്. എന്നാല്‍ ഇനിമുതല്‍ ഇവ മാത്രം മതിയാവില്ല. നിരീക്ഷണ പാടവവും ധാരണാശേഷിയും കൂടെ അളന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ലൈസന്‍സ് നല്‍കുക. ഇത്തരം ഒരു രീതിയിലേക്ക് ഡ്രൈവിങ് ലൈസന്‍സ് സംവിധാനം പരിഷ്‌കരിക്കുന്നതിനുള്ള ഒരുക്കത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

ഡ്രൈവറുടെ നിരീക്ഷണ പാടവം അളക്കുന്നതിനായി കമന്ററി ഡ്രൈവിങ് ടെസ്റ്റ് രീതിയാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്. വണ്ടി ഓടിക്കുന്നതിനിടെ മുന്നില്‍ കാണുന്ന വസ്തുക്കളുടെ പേരുകള്‍ പറയുന്ന രീതിയാണിത്. ഡ്രൈവറുടെ റോഡിനെ സംബന്ധിച്ച ബോധവും ധാരണയും അളക്കാന്‍ ഇത് വഴി ഉപകരിക്കും. ഇത്തരത്തിലുള്ള ചോദ്യങ്ങളുടെ നിശ്ചിത എണ്ണം കണക്കാക്കി എത്ര എണ്ണം ശരിയായി പറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കും ടെസ്റ്റിലെ ജയപരാജയങ്ങള്‍ തീരുമാനിക്കുക. ഇങ്ങനെ പരിഷ്‌കരിക്കുന്നതിലൂടെ വണ്ടി മുന്നോട്ട് ഓടിക്കുമ്പോള്‍ വരുത്തുന്ന ശരിയും പിഴവും വിലയിരുത്താന്‍ അധികൃതര്‍ക്ക് സാധിക്കും.

ഇതിനു പുറമെ കണ്ണാടി നോക്കി വാഹനം ഓടിക്കാനുള്ള കഴിവ്, പ്രോഗ്രസീവ് ബ്രേക്കിങ് സംവിധാനം എന്നിവയും നടപ്പിലാക്കും. ക്ലച്ച് ചവിട്ടിയതിനു ശേഷം ബ്രേക്ക് ചവിട്ടി വാഹനം നിര്‍ത്തുന്ന രീതിയാണ് നിലവില്‍ അവലംബിക്കാറുള്ളത്. ഇത് മാറ്റി ക്രമാനുഗതമായി ബ്രേക്ക് ചവിട്ടിയ ശേഷം ക്ലച്ച് ചവിട്ടി വാഹനം നിര്‍ത്തുന്ന രീതിയാണ് പ്രോഗ്രസീവ് ബ്രേക്കിങ് സിസ്റ്റം.

web desk 1: