X
    Categories: Newsworld

റഷ്യയുടെ സൈനിക താവളത്തില്‍ ഡ്രോണാക്രമണം

മോസ്‌കോ: റഷ്യയിലെ റിയാസാന്‍, സരടോവ് മേഖലകളിലെ സൈനിക താവളങ്ങളില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ട ഡ്രോണാക്രണങ്ങള്‍ക്കു പിന്നാലെ കുര്‍സ്‌കിലെ സൈനിക താവളത്തിലും സമാന ആക്രമണം. ചൊവ്വാഴ്ച രാവിലെയാണ് കുര്‍സ്‌കിലെ വ്യോമതാവളത്തില്‍ ഡ്രോണാക്രമണമുണ്ടായത്. ഇവിടെനിന്ന് പുകപടലങ്ങള്‍ ഉയരുന്ന ദൃശ്യങ്ങള്‍ റഷ്യന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. എണ്ണ സംഭരണ ടാങ്കിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് മേഖലാ ഗവര്‍ണര്‍ അറിയിച്ചു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

യുക്രെയ്‌നില്‍ യുദ്ധം ആരംഭിച്ച ശേഷം റഷ്യയില്‍ വ്യോമ, സൈനിക താവളങ്ങളില്‍ ഇടക്കിടെ ആക്രമണം നടക്കുന്നുണ്ട്. ഇത്തരം ആക്രണങ്ങളില്‍ ആഹ്ലാദം പ്രകടിപ്പിക്കാറുള്ള യുക്രെയ്ന്‍ അവയുടെ ഉത്തരവാദിത്തം ഏല്‍ക്കാറില്ല. റഷ്യക്ക് അകത്തും ആക്രമണങ്ങള്‍ തുടങ്ങിയതോടെ യുദ്ധഗതി മാറുകയാണ്. ആക്രമണങ്ങള്‍ മുന്‍കൂട്ടി കണ്ട് തടയാന്‍ സാധിക്കാത്തത് റഷ്യന്‍ പ്രതിരോധ വിഭാഗത്തിന്റെ പരാജയമായാണ് വിലയിരുത്തപ്പെടുന്നത്. തിങ്കളാഴ്ച വ്യോമതാവളങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങള്‍ക്കുശേഷം റഷ്യന്‍ സേന യുക്രെയ്‌നില്‍ വ്യാപക ആക്രമണങ്ങള്‍ നടത്തി.

യുക്രെയ്‌നിന്റെ സൈനിക ശേഷി നിര്‍വീര്യമാക്കുകയാണ് ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു പറഞ്ഞു. ആയുധ ഡിപ്പോകള്‍, സൈനിക കമാന്‍ഡ് കണ്‍ട്രോള്‍ സംവിധാനങ്ങള്‍ എന്നിവിടങ്ങളില്‍ ദീര്‍ഘദൂര ആയുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. ഡോണ്‍ബാസിനെ പൂര്‍ണമായി മോചിപ്പിക്കാന്‍ ശ്രമം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ശത്രുലക്ഷ്യങ്ങളെ കൃത്യമായി ആക്രമിക്കാന്‍ ശേഷിയുള്ള അത്യാധുനിക മിസൈലുകളും വലിയൊരു ശേഖരം ഇപ്പോഴും റഷ്യക്കുണ്ടെന്ന് യുക്രെയ്ന്‍ സൈനിക ഇന്റലിജന്‍സ് മേധാവി സമ്മതിച്ചു.

web desk 3: