X

ജില്ലയില്‍ പടര്‍ന്ന് ലഹരിപ്പുക; രണ്ട് മാസത്തിനിടെ 66 കേസുകളിലായി 68 പേര്‍ അറസ്റ്റില്‍; ഞെട്ടിപ്പിക്കും കണക്കുകള്‍ ഇങ്ങനെ

മലപ്പുറം ജില്ലയിലെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എയുടെ ഉപയോഗം വര്‍ദ്ധിക്കുന്നു. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക്ക് സബ്സ്റ്റന്‍സസ്(എന്‍.ഡി.പി.എസ്) ആക്ട് പ്രകാരം രണ്ട് മാസത്തിനിടെ 66 കേസുകളിലായി 68 പേര്‍ അറസ്റ്റിലായി. ജനുവരിയില്‍ 29 കേസുകളും ഫെബ്രുവരിയില്‍ 37 കേസുകളും രജിസ്റ്റര്‍ ചെയ്തു. 2022ല്‍ 357 പേര്‍ അറസ്റ്റിലായിരുന്നു.

19നും 25നും ഇടയില്‍ പ്രായമുള്ളവരാണ് ലഹരിക്ക് അടിമപ്പെടുന്നവരില്‍ കൂടുതലും. എം.ഡി.എം.എ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. ചെറിയ അളവില്‍ പോലും ആറ് മണിക്കൂര്‍ വരെ ലഹരി ലഭിക്കും. ഉപയോഗിച്ചാലും അത്ര പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നതും സിന്തറ്റിക് ലഹരിയിലേക്ക് ആളുകളെ അടുപ്പിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പ് വരെ പെണ്‍കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നത് വിരളമായിരുന്നെങ്കില്‍ ഇന്ന് കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് എക്‌സൈസ് വകുപ്പ് അധികൃതര്‍.

മയക്കുമരുന്നിന്റെ ലഹരി അറിഞ്ഞവര്‍ പിന്നീട് കാരിയര്‍മാരാവുകയാണ്. വിതരണ ശൃംഖലയില്‍ ചേര്‍ന്ന് ചെറുപ്രായത്തിലേ ജയിലിലാകുന്നവരുടെ എണ്ണവും ചെറുതല്ല. വിദ്യാര്‍ത്ഥികളെ ഏജന്റുമാരാക്കി മാറ്റുന്നത് മാഫിയയുടെ താത്പര്യമാണ്. സ്‌കൂള്‍ യൂണിഫോമില്‍ പോയാല്‍ ആരും പെട്ടെന്ന് ശ്രദ്ധിക്കാത്തതാണ് ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമാക്കി വലിയ തോതില്‍ പ്രവര്‍ത്തിക്കാന്‍ കാരണം.

സ്‌പോര്‍ട്‌സാവണം ലഹരി

ലഹരിയില്‍ നിന്ന് യുവതലമുറയെ അകറ്റുകയെന്ന ലക്ഷ്യത്തോടെ ‘ലഹരിയില്‍ നിന്ന് കായിക ലഹരിയിലേക്ക് ‘ എന്ന സന്ദേശവുമായി എക്‌സൈസ് വകുപ്പ് ജില്ലയില്‍ വിവിധയിടങ്ങളില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. റെസിഡന്റ്സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് ഭാരവാഹികളെ ഉള്‍പ്പെടുത്തി വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അവരുമായി ബന്ധപ്പെട്ട് ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പരിപാടികള്‍ എക്സൈസ് വകുപ്പ് ആലോചിക്കുന്നുണ്ട്.

വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് ലഹരി വിമുക്തി ക്ലബുകള്‍ രൂപീകരിച്ച് ബോധവത്കരണ പരിപാടികളും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ ജിംനേഷ്യവും മറ്റുമൊരുക്കി കായിക-പാഠ്യേതര പരിപാടികളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാനും ശ്രമങ്ങള്‍ നടത്തിവരുന്നുണ്ട്.

വീടുകളില്‍ നിന്നാവണം ലഹരിയ്ക്കെതിരെയുള്ള ബോധവല്‍കരണം തുടങ്ങേണ്ടത്. തങ്ങള്‍ പറഞ്ഞ് കുട്ടികള്‍ ലഹരിയെക്കുറിച്ച് അറിയേണ്ട എന്ന ചിന്തയില്‍ പല രക്ഷിതാക്കളും മക്കളോട് ഇക്കാര്യം സംസാരിക്കാറില്ല. ലഹരിയുടെ ചതിക്കുഴികളും അതില്‍ വീഴാതിരിക്കാനുള്ള ജാഗ്രത നിര്‍ദ്ദേശങ്ങളും കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. വിദ്യാലയങ്ങളില്‍ നിന്ന് ലഹരി ബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണ്.

2023 – മയക്ക്മരുന്ന് കേസുകളുടെ കണക്ക്

എന്‍.ഡി.പി.എസ് – 29 കഞ്ചാവ് – 18.409 കിലോ കഞ്ചാവ് ചെടി – 2 എണ്ണം എം.ഡി.എം.എ -350 മില്ലീഗ്രാം.
എന്‍.ഡി.പി.എസ് – 37 കഞ്ചാവ് – 5.744 കിലോ എം.ഡി.എം.എ – 556.39 ഗ്രാം.

2022 – മയക്ക്മരുന്ന് കേസുകളുടെ കണക്ക്;

എന്‍.ഡി.പി.എസ് – 362
കഞ്ചാവ് – 446.679 കിലോ
കഞ്ചാവ് ചെടി – 43
എം.ഡി.എം.എ – 441.772 ഗ്രാം
ബ്രൗണ്‍ ഷുഗര്‍ – 11.098 ഗ്രാം
ഹാഷിഷ് ഓയില്‍ – 43.2602 ഗ്രാം
എല്‍.എസ്.ഡി – 8,411 മില്ലിഗ്രാം
കൊക്കെയ്ന്‍ – 21 ഗ്രാം
ഹെറോയ്ന്‍ – 6.35 ഗ്രാം
ആംഫെറ്റാമിന്‍ -7.574 ഗ്രാം.

 

webdesk14: