X

ബി.ബി.സിയിലെ സര്‍വെ

ഷംസീര്‍ കേളോത്ത്

ചൊവ്വാഴ്ചയാണ് ഡല്‍ഹിയിലേയും മുംബൈയിലെയും ബി.ബി.സി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ‘സര്‍വേയ്ക്കിറങ്ങിയത്’. സര്‍വേയെന്നോ റെയ്‌ഡെന്നോ കുശലാന്വേഷണമെന്നോ എന്ത് പേരിട്ടുവിളിച്ചാലും ഏറെ രാഷ്ട്രീയ മാനങ്ങളുള്ള, അന്താരാഷ്ട്ര പ്രതിധ്വനികള്‍ക്ക് സാധ്യതയുള്ള നടപടിയാണ് രാജ്യത്തെ രണ്ട് പ്രധാന നഗരങ്ങളില്‍ നടന്നത്.

അന്വേഷണവുമായി സഹകരിക്കുമെന്ന് ബി.ബി.സി പ്രസ്താവനയില്‍ അറിയിക്കുകയുണ്ടായി. ഗുജറാത്ത് കലാപനാളില്‍ ഭരണാധികാരിയെന്ന നിലയില്‍ മോദി സ്വീകരിച്ച നിലപാട് തുറന്ന് കാട്ടി ബി.ബി.സി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്തിരുന്നു. അതിന്റെ രണ്ടു ഭാഗങ്ങളും ജനങ്ങള്‍ കാണുന്നത് തടയാന്‍ സര്‍ക്കാര്‍ പണി പതിനെട്ടും പയറ്റിയെങ്കിലും കവലകളിലടക്കം അത് പ്രക്ഷേപണം ചെയ്യപ്പെട്ടു. ക്യാംപസുകള്‍ ഭരണകൂട തിട്ടൂരത്തെ ചോദ്യംചെയ്തു. പിന്നാലെയാണ് റെയ്‌ഡെന്നത് ശ്രദ്ധേയമാണ്.

നികുതി നിയമങ്ങള്‍ ഏത് ബി.ബി.സി ആയാലും പാലിക്കണം. അതില്‍ തര്‍ക്കമൊന്നുമില്ല. അന്വേഷണമല്ലേ, അതിനെന്തിനാണിത്ര ഭയമെന്നും ചിലര്‍ ചോദിക്കുന്നുണ്ട്. മടിയില്‍ കനമില്ലാത്തവരെന്തിന് ഭയപ്പെടണം എന്നതാണ് യുക്തി. അത്ര ലളിതമാണോ കാര്യങ്ങള്‍. അല്ലെന്ന് രാജ്യത്തെ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആര്‍ക്കുമറിയാം. അത് മനസ്സിലാക്കാന്‍ തായ് മഷ്‌റൂം കഴിച്ചാല്‍ ലഭിക്കുന്ന ബുദ്ധിയൊന്നും ആവശ്യമില്ല. മടിയില്‍ കനമുള്ളവരെ തന്നിഷ്ടത്തിന് മേയാന്‍ വിട്ട് പാവങ്ങളെ വേട്ടയാടുന്ന സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത്. അദാനി ഉദാഹരണമാണ്.

അദാനിയുടെ തട്ടിപ്പ് വെളിച്ചത്ത് വന്നിട്ടും പേരിനെങ്കിലും അന്വേഷണത്തിന് ഏജന്‍സികള്‍ തയ്യാറായോ. അപ്പോള്‍ സ്വാഭാവിക യുക്തികള്‍ക്കിവിടെ സ്ഥാനമില്ല. നിയമം നിയമത്തിന്റെ വഴിക്കല്ല, അനീതിയുടെ വഴിയെ പോവാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സാരം.

‘പണിഷ്‌മെന്റ് ബൈ പ്രോസസ്’

‘നടപടിക്രമങ്ങള്‍ കൊണ്ട് ശിക്ഷിക്കുക’ (ജൗിശവൊലി േയ്യ ജൃീരല)ൈ എന്ന രീതിയാണ് റെയ്ഡിന് പിന്നിലെന്നാണ് രാജ്യത്തെ പ്രധാന പത്രം ഇന്നലെ ബി.ബി.സി റെയ്ഡിനെ പറ്റി മുഖപ്രസംഗം എഴുതിയത്. മാരത്തോണ്‍ അന്വേഷണങ്ങളും അതിന്റെ നടപടിക്രമങ്ങളും വഴി പരമാവധി ശിക്ഷിക്കുകയെന്ന രീതി. ഹത്രാസിലെ പീഢനം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മലയാളി മാധ്യമപ്രവര്‍ത്തകന് രണ്ടുവര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചതെന്നത് പേര്‍സിക്വൂഷന്‍ ബൈ പ്രോസിക്വൂഷന്‍ എന്നതിന്റെ ഉദാഹരണമാണ്.

ബി.ബി.സി ഓഫീസിലെത്തിയ ഐ.ടി (ആദായ നികുതി) ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ബി.ജെ.പി വക്താവിന്റെ പ്രസ്താവനയും ചേര്‍ത്ത് വായിച്ചാല്‍ മനസ്സിലാവുന്നത് ബി.ബി.സിയെ സര്‍ക്കാര്‍ ചിലത് ഓര്‍മിപ്പിക്കുകയായിരുന്നു എന്നാണ്. തങ്ങളെ വിമര്‍ശിക്കുന്ന രാജ്യത്തെ മാധ്യമങ്ങളെ നിരന്തരമായി ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന ചിലത്. രാജ്യത്തെ പ്രതിപക്ഷത്തോട് സംഘ്പരിവാര്‍ തുടര്‍ന്നുപോരുന്ന സമീപനത്തിന്റെ തുടര്‍ച്ച.

മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാറും അവരുടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നാളിതുവരെ സ്വീകരിച്ചുപോരുന്ന വേട്ടയാടലിന്റെ രീതിശാസ്ത്രം അവര്‍ പൊതുസമൂഹത്തിന് നേരെയും അന്താരാഷ്ട്ര മാധ്യമങ്ങളോടും സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് സാരം. ഒന്നുകില്‍ മൗനികളായി സര്‍വവും സഹിക്കുക, അല്ലെങ്കില്‍ കൂടുതല്‍ അനുഭവിക്കാന്‍ തയ്യാറായിക്കൊള്ളുക എന്ന നയമാണത്. ബി.ബി.സിക്ക് നേരെയുണ്ടായത് ആ ഗണത്തില്‍പെട്ട ആദ്യ സംഭവമല്ല, മറിച്ച് നേരത്തെതന്നെ ആരംഭിച്ചതും കൂടുതല്‍ ശക്തിപ്പെടുന്നതുമായ സ്വേച്ഛാധിപത്യ നടപടികളുടെ തുടര്‍ച്ചയാണ്. ആംനസ്റ്റി ഇന്റര്‍നാഷണലും ഓക്‌സ്ഫാം ഇന്ത്യയുമൊക്കെ തൊട്ടുമുന്‍പുള്ള ഇരകളാണ്. അവരില്‍ ചിലര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ച് ഇന്ത്യ തന്നെ വിട്ട് പോവേണ്ടതായും വന്നു.

നിഷ്പക്ഷ പട്ടം ചാര്‍ത്തി കിട്ടിയ ചിലരും പ്രത്യക്ഷമായിതന്നെ സംഘ്പരിവാര്‍ കുഴലൂത്ത് നടത്തുന്ന മാധ്യമങ്ങളും അന്വേഷണത്തെ എന്തിന് ഭയക്കുന്നു എന്ന ചോദ്യം ആവര്‍ത്തിക്കുന്നുണ്ട്. പക്ഷേ ഭരണകക്ഷി വക്താവ് ഗൗരവ് ഭാട്ടിയ റെയ്ഡ് നടക്കുമ്പോള്‍ നടത്തിയ പ്രസ്താവന മോദി വിമര്‍ശനത്തിനെതിരെയുള്ള ഭരണകക്ഷിയുടെ അസഹിഷ്ണുത കൂടുതല്‍ വെളിവാക്കുന്നതായിരുന്നു. ബി.ബി.സി അഴിമതിക്കാരാണെന്നും ദേശദ്രോഹികളെ പിന്തുണക്കുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. കോടികള്‍ പൊടിച്ചുള്ള പി.ആര്‍ മാമാങ്കങ്ങള്‍ കൊണ്ട് നിര്‍മിച്ചെടുത്ത ‘ഗ്ലോബല്‍ ഇമേജ്’ ഞൊടിയിടയില്‍ പൊളിഞ്ഞുപോകുന്നതിലെ നീരസമാണ് ബി.ജെ.പി വക്താവിന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നത്.

മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയില്‍

പത്ര സ്വാതന്ത്ര്യം ഇന്ത്യന്‍ കോളനി വിരുദ്ധ സമരത്തിന്റെ മുഖമുദ്രയായിരുന്നു. രാജ്യദ്രോഹകുറ്റം (ടലറശശേീി) അടക്കം ചാര്‍ത്തിയാണ് നേരിനായി പേന ചലിപ്പിച്ചവരേ അന്നത്തെ അധിനിവേശ ഭരണകൂടം നേരിട്ടത്. ഗാന്ധിയും തിലകുമടക്കം നിരവധി പേര്‍ ജയിലറകളിലായി. പിന്നീട് ഭാരതീയന് തങ്ങളുടെ തന്നെ ഭാഗധേയം നിര്‍ണയിക്കാനുള്ള ഘട്ടം വന്നപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടനയില്‍ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടുത്തപ്പെട്ടു. ബിയോണ്ട് ദി ലൈന്‍സ് എന്ന തന്റെ ആത്മകഥയില്‍ ഇന്ത്യന്‍ മാധ്യമ രംഗത്തെ പ്രമുഖ സാന്നിധ്യമായിരുന്ന കുല്‍ദീപ് നയ്യാര്‍ സ്വതന്ത്രാനന്തര ഭാരതത്തില്‍ പത്രപ്രവര്‍ത്തകര്‍ ജനാധിപത്യത്തെ സക്രിയമാക്കുന്നതില്‍ വഹിച്ച പങ്ക് വിവരിക്കുന്നുണ്ട്. ലോകത്തെ എണ്ണം പറഞ്ഞ ജനാധിപത്യ രാജ്യങ്ങളുടെ കൂടെ ഇന്ത്യയെ പരിഗണിക്കാന്‍ തുടങ്ങിയതില്‍ രാജ്യത്തെ നിര്‍ഭയ മാധ്യമപ്രവര്‍ത്തകര്‍ വഹിച്ച പങ്ക് വിവരണാതീതമാണ്.

നിലവിലുള്ള സംഘ്പരിവാര്‍ സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തിവെക്കാനുള്ള ശ്രമമാണ് നടത്തുന്നത്. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനമല്ല, സര്‍ക്കാര്‍ നോട്ടീസുകള്‍ പകര്‍ത്തിയെഴുതാനുള്ള ജോലിക്കാരായാണ് മാധ്യമപ്രവര്‍ത്തകരെ പരിഗണിക്കുന്നത്. ബി.ബി.സി റെയ്ഡില്‍ പ്രതിഷേധിച്ച് എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവന വിരല്‍ചൂണ്ടുന്നത് വിമര്‍ശനത്തില്‍ അസഹിഷ്ണുത കാട്ടുന്ന സര്‍ക്കാര്‍ സമീപനത്തിലേക്കാണ്. സര്‍ക്കാര്‍ നയങ്ങളിലെ പാളിച്ചകള്‍ തുറന്നുകാട്ടിയതിന് ന്യൂസ്‌ക്ലിക്, ന്യൂസ് ലോണ്ടറി, ദൈനിക് ഭാസ്‌കര്‍, ഭാരത് സമാചാര്‍ എന്നീ സ്ഥാപനങ്ങളില്‍ ആദായനികുതി ഉദ്യോഗസ്ഥരെ കൊണ്ട് റെയ്ഡ് (സര്‍വേ) ചെയ്യിച്ചത് എഡിറ്റേര്‍സ് ഗില്‍ഡ് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

അന്താരഷ്ട്ര സ്വതന്ത്ര മാധ്യമ കൂട്ടായ്മയായ റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തിറക്കിയ 2022 പത്രസ്വാതന്ത്ര്യ ഇന്‍ഡക്‌സില്‍ (ണീൃഹറ ജൃല ൈഎൃലലറീാ കിറലഃ) ഇന്ത്യ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മോശം അവസ്ഥയിലേക്ക് കൂപ്പ്കുത്തിയതായാണ് കാണിക്കുന്നത്. 2021ല്‍ ഇന്ത്യ 141ാം സ്ഥാനത്തായിരുന്നവെങ്കില്‍ 2022ലെ റിപ്പോര്‍ട്ട് പ്രകാരം 150ാം സ്ഥാനത്താണ്. വര്‍ഷാവര്‍ഷം നിലമെച്ചപ്പെടുന്നതിന് പകരം കൂടുതല്‍ മോശമാവുന്നുവെന്ന് സാരം.

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍ (76), ഭൂട്ടാന്‍ (33) മാലിദ്വീപ് (87) ശ്രീലങ്ക (146) ഒക്കെ മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ നമുക്ക് മുന്‍പിലാണെന്നത് കാര്യത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആധുനിക രാഷ്ട്ര സംവിധാനങ്ങള്‍ പൂര്‍ണാവസ്ഥയിലെത്താത്ത പല രാജ്യങ്ങള്‍ പോലും മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യക്ക് മുന്‍പിലാണ്. ദക്ഷിണ സുഡാന്‍ (128) എത്യോപ്യ (114) ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോണ്‍ഗോ (125) ചില ഉദഹരണങ്ങളാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം 2014ല്‍ മോദി അധികാരത്തിലെത്തിയത് മുതല്‍ പ്രശ്‌നങ്ങളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ബി.ബി.സി ഡോക്യുമെന്ററി വിലക്കാനുള്ള തീരുമാനം ലോകമാകെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. മാധ്യമങ്ങള്‍ക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങള്‍ക്കെതിരെ ഫെബ്രുവരി 12നാണ് ന്യൂയോര്‍ക് ടൈംസ് മുഖപ്രസംഗമെഴുതിയത്. പ്രധാനമന്ത്രി മോദിയെ അവര്‍ പേരെടുത്ത് വിമര്‍ശിക്കുകയും ചെയ്തിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പ്രതിച്ഛായ ഇടിക്കുന്ന നടപടിയിലേക്ക് സര്‍ക്കാര്‍ നീങ്ങിയത് അദാനി വിവാദം മറക്കാനാണോ എന്ന സംശയം ഇല്ലാതില്ല.

അന്താരാഷ്ട്ര പ്രതിച്ഛായക്ക് സംഘ്പരിവാര്‍ ഭരണകൂടം വലിയ പ്രാധാന്യം നല്‍കാറുണ്ട്. ആ നിലയ്ക്ക് ബി.ബി.സി റെയ്ഡ് ആഗോള തലത്തില്‍ വീണ്ടും വിമര്‍ശനം ക്ഷണിച്ചുവരുത്തുമെന്ന് അവര്‍ക്കറിയാം. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം വാര്‍ത്തകളില്‍ അദാനി ഗ്രൂപ്പിന്റെ കള്ളക്കളികള്‍ നിരന്തരം ചര്‍ച്ചയാവുന്നത് ഓഹരി വിപണിയില്‍ അവര്‍ക്ക് ചെറിയ ആഘാതമൊന്നുമല്ല ഉണ്ടാക്കിയത്. അദാനി ഗ്രൂപ്പിനെ രക്ഷിക്കാനുള്ള മോദി സര്‍ക്കാറിന്റെ മറ്റൊരു അജണ്ട ഇതിനുപിന്നിലുണ്ടോ എന്നത് മറ്റൊരു ചോദ്യമായി അവശേഷിക്കുന്നു.

webdesk13: