X

കാറ്റ്, ഭൂകമ്പ കെട്ടിട പ്രകമ്പനമറിയിക്കും സെന്‍സര്‍

കുവൈറ്റ്: ഭാവികാലത്തിന് ഉപകരിക്കുന്ന സാങ്കേതിക വിദ്യകള്‍ മുതല്‍ക്കൂട്ടാകും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് സൗകര്യങ്ങളുടെ മികവില്‍ സംവിധാനങ്ങളുടെ വളര്‍ച്ചയും ലക്ഷ്യമാക്കി കുവൈറ്റ് ഒരുങ്ങുന്നു നൂതനാവിഷ്‌ക്കാരങ്ങളിലേക്ക്.

കാറ്റിലും ഭൂകമ്പത്തിലും കെട്ടിടത്തിന്റെ പ്രകമ്പനം അളക്കാനാകുന്ന സെന്‍സര്‍ ഉള്‍പ്പെടെ ഫലപ്രദമെന്ന കണ്ടെത്തലോടെയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. പദ്ധതികള്‍ പരിചയപ്പെടുത്തി കുവൈറ്റ് ഫൗണ്ടേഷന്‍ ഫോര്‍ ദി അഡ്വാന്‍സ്‌മെന്റ് ഓഫ് സയന്‍സസ്-കെ.എഫ്.എ.എസ് അല്‍ ഹംറ റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെയും കുവൈത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ചിന്റെയും സഹകരണത്തോടെ കഴിഞ്ഞ ദിവസമായിരുന്നു സെമിനാര്‍. ‘അല്‍ ഹംറ ബിസിനസ് ടവറിന്റെ ഘടനാപരമായ ആരോഗ്യ നിരീക്ഷണം’ വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കുവൈറ്റ് യൂണിവേഴ്‌സിറ്റി, കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച്, മുനിസിപ്പല്‍ കൗണ്‍സില്‍, പൊതുമരാമത്ത് മന്ത്രാലയം, കുവൈറ്റ് മുനിസിപ്പാലിറ്റി, പബ്ലിക് അതോറിറ്റി ഫോര്‍ ഹൗസിംഗ് വെല്‍ഫെയര്‍, എന്‍വയോണ്‍മെന്റ് പബ്ലിക് അതോറിറ്റി, സ്വകാര്യ മേഖലയിലെ കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുള്‍പ്പെടെ നിരവധി ഗവേഷകര്‍, അക്കാദമിക് വിദഗ്ധര്‍, എഞ്ചിനീയര്‍മാര്‍, ആര്‍ക്കിടെകറ്റും ഉള്‍പ്പെടെ വിവിധ മേഖലയിലെ പ്രതിനിധികളും ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്.

മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി-എംഐടിയുമായി സഹകരിച്ച് കെ.ഐ.എസ്.ആര്‍, കുവൈറ്റ് സര്‍വകലാശാലയും നടപ്പാക്കിയ മുന്‍ ഗവേഷണത്തിന്റെ തുടര്‍ച്ചയാണ് ഈ പദ്ധതി. കുവൈറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്റിഫിക് റിസര്‍ച്ച് അല്‍ ഹംറ ബിസിനസ് ടവറില്‍ നടപ്പാക്കിയ ‘ഗ്രൗണ്ട് മോഷന്‍ മോഡലിംഗും ഉയര്‍ന്ന കെട്ടിടങ്ങളുടെ ഘടനാപരമായ നിരീക്ഷണവും’ ഗവേഷണ പദ്ധതി ഫലങ്ങള്‍ പ്രചരിപ്പിക്കുകയാണ് സെമിനാര്‍ ലക്ഷ്യം. പദ്ധതിയുടെ ഭാഗമായ ടവറിന് ഉയര്‍ന്ന കൃത്യതയില്‍ കമ്പ്യൂട്ടേഷണല്‍ മോഡല്‍ തന്നെ വികസിപ്പിച്ചെടുത്തിരുന്നു. ഇത് മുഖേന ഘടനാപരമായ സുരക്ഷയുടെ തുടര്‍ച്ചയായ നിരീക്ഷണത്തിലൂടെ കെട്ടിടത്തിന്റെ ഘടനാപരമായ സിസ്റ്റത്തില്‍ ഉണ്ടായേക്കാവുന്ന തകര്‍ച്ചയും മാറ്റങ്ങളും കണ്ടെത്താനാണ് ഉപയോഗിച്ചത്.

കെ.ഐ.എസ്.ആര്‍ എനര്‍ജി ആന്റ് ബില്‍ഡിംഗ് റിസര്‍ച്ച് സെന്ററിന് കീഴിലെ സസ്‌റ്റൈനബിലിറ്റി ആന്റ് റിലയബിലിറ്റി ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍-എസ്.ആര്‍.ഐ പ്രോഗ്രാമിന്റെ ഭാഗമാണ് പദ്ധതി. കുവൈറ്റിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം അല്‍ ഹംറ ബിസിനസ് ടവറിലാണ് ഈ സാങ്കേതികവിദ്യ വിജയകരമായി നടപ്പാക്കിയത്. നൂതന സെന്‍സര്‍ സാങ്കേതിക വിദ്യയുടെയും യഥാര്‍ഥ ഡാറ്റയുടെയും പിന്തുണയില്‍ സുസ്ഥിര സ്മാര്‍ട്ട് സിറ്റികള്‍ വികസിപ്പിക്കാന്‍ ആവശ്യമായ സുപ്രധാന ചുവടുവെപ്പിനെ പ്രതിനിധീകരിക്കുന്ന കുവൈറ്റിലെ കെട്ടിടങ്ങളില്‍ നൂതന നിരീക്ഷണ സാങ്കേതികവിദ്യ പ്രയോഗിക്കുന്നത് ആദ്യമാണ്.

ഡോ.ഹസന്‍ കമാല്‍, ഡോ.ഷെയ്ഖ അല്‍ സനദ്, ഡോ.ജാഫറലി പാറോല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അല്‍ ഹംറ ടവറില്‍ സാങ്കേതികവിദ്യ നടപ്പാക്കിയത്. നേരത്തെ കുവൈറ്റിലെ ബ്രിഡ്ജസില്‍ ഡോ.ജാഫറലി പാറോലിന്റെ നേതൃത്വത്തില്‍ സമാനമായ സാങ്കേതികവിദ്യ നടപ്പാക്കിയിരുന്നു. അടിസ്ഥാന സൗകര്യ സുരക്ഷ സംബന്ധിച്ചും അടിയന്തിര സാഹചര്യങ്ങളില്‍ കൂടുതല്‍ ബാധിക്കാവുന്ന പ്രദേശങ്ങളെക്കുറിച്ചും സാങ്കേതികവിദ്യ കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ഡോ.ജാഫറലി പാറോല്‍ പറഞ്ഞു. ഭരണ കാര്യാലയങ്ങള്‍ക്ക് കാര്യക്ഷമവും ഫലപ്രദവുമായ ദുരന്ത നിവാരണം പ്രാപ്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാങ്കേതികവിദ്യ പാലങ്ങള്‍, ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചര്‍ പോലെ മറ്റ് നിര്‍ണായക സംവിധാനങ്ങളിലും പ്രയോഗിക്കാനാകും.

webdesk14: