X
    Categories: gulfNews

ദുബൈ ഭദ്രം, സുരക്ഷിതം:ശൈഖ് മന്‍സൂര്‍

ദുബൈ: ദുബൈ ഭദ്രവും സുരക്ഷിതവുമാണെന്നും ദുബൈ വിപണി തുറന്നിരിക്കുന്നുവെന്നും ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം. 2021 ജനുവരി 24 മുതല്‍ 26 വരെ ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സുരക്ഷിതത്വ പ്രദര്‍ശനമായ ഇന്റര്‍സെക്കിന്റെ 23ാം പതിപ്പിലേക്ക് അഭ്യുദയ കാംക്ഷികളെ സ്വാഗതം ചെയ്തുള്ള സന്ദേശത്തിലാണ് അതിന്റെ രക്ഷാധികാരി കൂടിയായ ശൈഖ് മന്‍സൂര്‍ ഇങ്ങനെ പറഞ്ഞത്. മെസ്സി ഫ്രാങ്ക്ഫര്‍ട്ട് മിഡില്‍ ഈസ്റ്റ് ആണ് ഇന്റര്‍സെക് സംഘാടകര്‍. ലോകത്തെ പ്രമുഖ സുരക്ഷാ, സംരക്ഷണ, അഗ്‌നിരക്ഷാ വ്യാപാര മേളയാണ് ഇന്റര്‍സെക്. തികച്ചും സുരക്ഷിതവും സംരക്ഷിതവുമായ അന്തരീക്ഷത്തിലായിരിക്കും മേള സംഘടിപ്പിക്കുക.

മൂന്ന് ദിവസത്തെ വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുന്നവരെ ശൈഖ് മന്‍സൂര്‍ സ്വാഗതം ചെയ്തു. 20 വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര സുരക്ഷാ, സംരക്ഷണ, അഗ്‌നിരക്ഷാ വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതില്‍ ഇന്റര്‍സെക് പ്രധാന പങ്ക് വഹിക്കുന്നു. കോവിഡ് 19 അനന്തര ലോകത്തിലേക്കുള്ള പാത നാം ഒരുമിച്ച് ചാര്‍ട്ട് ചെയ്യുമ്പോള്‍ അതിന്റെ പ്രസക്തി കൂടുതല്‍ ശക്തമാകുന്നുവെന്ന് ശൈഖ് മന്‍സൂര്‍ പറഞ്ഞു.

ഇന്റര്‍സെക് 2021ലേക്ക് പ്രദര്‍ശകരെ തിരികെ കൊണ്ടുവരുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് അതിന്റെ പ്രധാന സര്‍ക്കാര്‍ പങ്കാളികളായ ദുബൈ സിവില്‍ ഡിഫന്‍സ്, ദുബൈ പൊലീസ്, സെക്യൂരിറ്റി ഇന്‍ഡസ്ട്രിയല്‍ റെഗുലേറ്ററി ഏജന്‍സി (സിറ), ദുബൈ പൊലീസ് അക്കാദമി, ദുബൈ മുനിസിപ്പാലിറ്റി എന്നിവയാണ്.തിരിച്ചെത്തുന്ന ബ്രാന്‍ഡുകളുടെയും കുറച്ച് പുതിയ ബ്രാന്‍ഡുകളുടെയും മികച്ച സങ്കരം തങ്ങളുടെ പക്കലുണ്ടെന്ന് ഇന്റര്‍സെക് ഷോ ഡയറക്ടര്‍ അലക്‌സാണ്‍ഡ്രിയ റോബിന്‍സണ്‍ പറഞ്ഞു.

ഒട്ടേറെ പുതുമകള്‍ ഇന്റര്‍സെക് പ്രദര്‍ശനത്തിനുണ്ടാകും. ആദ്യമായി, ഈ പരിപാടി ഒരു ഹൈബ്രിഡ് ഫോര്‍മാറ്റ് സ്വീകരിച്ചു കൊണ്ടായിരിക്കും അരങ്ങേറുകയെന്നതാണ്. അതായത്, സന്ദര്‍ശകര്‍ക്കും പ്രദര്‍ശകര്‍ക്കും നേരിട്ടും വേര്‍ച്വല്‍ ആയും പങ്കെടുക്കാം.
ഹൈബ്രിഡ് സൗകര്യത്തിന്റെ ഒരു പ്രധാന ഭാഗം എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പവേര്‍ഡ് മാച്ച് മേക്കിംഗ് ആപഌകേഷനായിരിക്കും. പെരുമാറ്റങ്ങളും താല്‍പര്യങ്ങളും ഉപയോഗപ്പെടുത്തി വിതരണക്കാരെയും ക്രേതാക്കളെയും പൊരുത്തപ്പെടുത്തുകയെന്ന ആശയമാണിത്. തുടര്‍ന്ന്, അവര്‍ക്ക് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി നേരിട്ടുള്ള ഒരു ആശയ വിനിമയ വേദിയിലേക്ക് പോകാം.

ഇന്റര്‍സെക്കിന്റെ നവീകരിച്ച കോണ്‍ഫറന്‍സ് ലൈനപ്പില്‍ ഒരു സാങ്കേതിക അഗ്‌നിരക്ഷാ ഉച്ചകോടി ഉള്‍പ്പെടുന്നു. ഇത് നിഷ്‌ക്രിയ അഗ്‌നി അത്യാഹിത പഠനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ വിഷയങ്ങളുടെ വിശാലമായ ശ്രേണി ഉള്‍ക്കൊള്ളാന്‍ മാത്രമല്ല, നിര്‍ദിഷ്ട വ്യവസായ അഗ്‌നി അത്യാഹിത വെല്ലുവിളികളെയും ഊര്‍ജം, ഉപയുക്തതാ വ്യവസായങ്ങള്‍ എന്നിവ പോലുള്ള പ്രവണതകളെയും കുറിച്ച് ആഴത്തില്‍ പരിശോധിക്കാന്‍ പ്രൊഫഷണലുകളെ അനുവദിക്കാന്‍ കൂടിയുള്ളതാണ്.

ഈ വര്‍ഷത്തെ ഭാവി സുരക്ഷാ ഉച്ചകോടി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് മുതല്‍ സി ലെവല്‍ വരെയുള്ള വിവിധ സുരക്ഷാ വിദഗ്ധരെ ലക്ഷ്യമിട്ട് വ്യത്യസ്ത മൊഡ്യൂള്‍ ഫോര്‍മാറ്റ് ഉപയോഗിച്ച് പുതുമയോടെ അവതരിപ്പിക്കുന്നതായിരിക്കുമെന്നും അലക്‌സാണ്‍ഡ്രിയ പറഞ്ഞു.50ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം പ്രദര്‍ശകരാണ് ഇന്റര്‍സെക് 2021നെത്തുക. പങ്കെടുക്കുന്നവരുടെ സുരക്ഷക്കായി ഉചിതമായ എല്ലാ ആരോഗ്യ സുരക്ഷാ നടപടികളും സ്വീകരിക്കുന്നതാണ്.

web desk 3: