X

എല്‍പിജി: വരുമാനം പരിശോധിച്ച് ഉപഭോക്താക്കളെ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കും

ന്യൂഡല്‍ഹി: കുടുംബത്തിന്റെ വരുമാനം പരിശോധിച്ച് പാചകവാതക സബ്‌സിഡിയില്‍ നിന്ന് ഉപഭോക്താക്കളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം. ആദായനികുതി വകുപ്പില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിച്ച ശേഷമായിരിക്കും സബ്‌സിഡി പട്ടികയില്‍ ആരൊക്കെ ഉള്‍പ്പെടുത്തണമെന്നതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. വാര്‍ഷിക വരുമാനം 10 ലക്ഷത്തിന് മുകളിലുള്ള നികുതിദായകരായ ഉപഭോക്താക്കളെയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കുക. ഇതു സംബന്ധിച്ച് പെട്രോളിയം മന്ത്രാലയം കഴിഞ്ഞ ഡിസംബറില്‍ തന്നെ തീരുമാനമെടുത്തിരുന്നു. ജനുവരിയില്‍ നടപ്പാക്കുകയും ചെയ്തു. ഉപഭോക്താവ് നല്‍കുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത് നടപ്പാക്കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ഒരോ സബ്‌സിഡിയും തീരുമാനിക്കുക. ഇതിന് ഉപഭോക്താക്കളുടെ വരുമാനം പരിശോധിച്ച് അനര്‍ഹരെ സബ്‌സിഡിയില്‍ നിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പാചകവാതക കമ്പനികള്‍ക്ക് അനുമതി നല്‍കും.

സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള പാചകവാതക ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ സിലിണ്ടര്‍ ലഭ്യമാക്കുന്നതിനാണ് പുതിയ പരിഷ്‌കരണമെന്നാണ് വിവരം. എല്ലാ വീട്ടിലും പാചകവാതക സിലിണ്ടര്‍ എന്ന ആശയത്തില്‍ ഉയര്‍ന്ന വരുമാനമുള്ളവര്‍ സ്വമേധയാ സബ്‌സിഡിയില്‍ നിന്ന്് ഒഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതനുസരിച്ച് 1.05 കോടി ഉപഭോക്താക്കള്‍ സബ്‌സിഡി ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉയര്‍ന്ന വരുമാനമുള്ളവരില്‍ പലരും ഇതിന് തയാറാകാത്തത് താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് സിലിണ്ടറുകള്‍ എത്തിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പുതിയ നീക്കം.

chandrika: