X

സാമ്പത്തിക വളര്‍ച്ച തകര്‍ത്തത് നോട്ട് നിരോധനം: രഘുറാം രാജന്‍

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ തകിടം മറിച്ചത് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടിയാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. സമ്പദ് വ്യവസ്ഥ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ നോട്ടു നിരോധനം പോലുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കരുതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് രഘുറാം രാജന്റെ പരാമര്‍ശം.

നോട്ടു നിരോധനം നടപ്പാക്കിയിരുന്നില്ലെങ്കില്‍ അടുത്ത 10 വര്‍ഷത്തേക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എട്ടു മുതല്‍ 10 ശതമാനം വരെ വളര്‍ച്ച രേഖപ്പെടുത്തുമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 5.7 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നു. തൊട്ടു മുമ്പത്തെ മൂന്നു മാസത്തെ ശരാശരി വളര്‍ച്ച 6.1 ശതമാനമായിരുന്നു. രണ്ടു ഘട്ടങ്ങളിലും ചൈന 6.5 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. രാജ്യം മികച്ച സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തുന്ന ഘട്ടത്തിലാണ് നോട്ടു നിരോധനം പ്രഖ്യാപിച്ചത്. അത് സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയായി. നോട്ടു നിരോധനം പ്രഖ്യാപിക്കുന്നതിനു പകരം സ്വകാര്യ നിക്ഷേപവും കയറ്റുമതിയും വര്‍ധിപ്പിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നെങ്കില്‍ 8-9 ശതമാനം വളര്‍ച്ച ഈ ഘട്ടത്തില്‍ നേടാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കിടെ ഇത് നാലാം തവണയാണ് രഘുറാംരാജന്‍ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് രംഗത്തെത്തുന്നത്.

വിദേശ രാജ്യങ്ങളെ മാതൃകയാക്കിയാണ് മോദി സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചത്. വിദേശ രാജ്യങ്ങളില്‍നിന്ന് നമുക്ക് പലതും പഠിക്കാനുണ്ട്. സാംസ്‌കാരിക രംഗത്തും ചരിത്രത്തിലും നമുക്ക് അവരുടെ മാതൃകകള്‍ പിന്തുടരാം. അതില്‍ തെറ്റില്ല. എന്നാല്‍ സാമ്പത്തിക വിഷയത്തില്‍ വിദേശ രാഷ്ട്രങ്ങളെ മാതൃകയാക്കുന്നത് അടുത്ത 10 വര്‍ഷം കൊണ്ട് എട്ട്- ഒമ്പത് ശതമാനം വളര്‍ച്ച കൈവരിച്ച ശേഷമാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

chandrika: