X

മര്‍ദക ഭരണകൂടങ്ങള്‍ക്ക് താക്കീതു നല്‍കുക

ഗതകാലചൂഷണവര്‍ഗം ആര്യവത്കരണത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ രാജ്യത്താകമാനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തെ വിവിധ ലോക്‌സഭാ മണ്ഡലങ്ങള്‍ ഇന്ന് ഉപതെരഞ്ഞെടുപ്പില്‍ വിധിയെഴുതുകയാണ്. മൂന്നു വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ മതേതര വിശ്വാസികളും ജനാധിപത്യവാദികളും മാത്രമല്ല, രാജ്യത്തെ മത ന്യൂനപക്ഷങ്ങളും പിന്നാക്ക-ദലിത് സമൂഹങ്ങളുമടങ്ങുന്ന എണ്‍പതു ശതമാനത്തോളം പേര്‍ ഭീതിയുടെ നെരിപ്പോടിലകപ്പെട്ടിരിക്കുന്നു. ഭാരിച്ചൊരു ഉത്തരവാദിത്തമാണ് ഈ മണിക്കൂറുകളില്‍ നിറവേറ്റാന്‍ ചുമതലയേറ്റപ്പെട്ടിരിക്കുന്നതെന്ന് ഉത്തമ ബോധ്യമുള്ളവരാണ് 13 ലക്ഷത്തിലധികം വരുന്ന മലപ്പുറത്തെ സമ്മതിദായകരും.
ബ്രിട്ടീഷ് മേധാവിത്വത്തില്‍നിന്ന് അഹിംസയിലൂടെ രാജ്യത്തെ രക്ഷിച്ചെടുത്ത് സമാധാനത്തിന്റെ തളികയില്‍ നമ്മെയേല്‍പിച്ച മഹാത്മാവിനെ വെടിവെച്ചു കൊന്നവരാണ് ഇന്ന് രാജ്യത്തെ അധികാര കേന്ദ്ര സ്ഥാനത്ത് വിരാജിക്കുന്നതെന്നത് നിസ്സാരകാര്യമല്ല. ആര്‍.എസ്.എസ് അനുഭാവിയായ ഗോദ്‌സെയുടെ പ്രേതം ബാധിച്ച മട്ടിലാണ് രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്കു നേരെയും മറ്റും ചിലരുയര്‍ത്തുന്ന കൊലക്കത്തികള്‍. ഗോമാതാവിന്റെ പേരില്‍ സഹജീവിയെ പച്ചയ്ക്കു കൊല്ലുന്നതിനുള്ള ന്യായം ഇരുപത്തൊന്നാം നൂറ്റാണ്ടിന് ചിന്തിക്കാന്‍ പോലുമാകില്ല. ദേശ സ്‌നേഹം പഠിപ്പിക്കാന്‍ തങ്ങളുടെ അണികളല്ലാത്തവരുടെയും വിമര്‍ശകരുടെയുമൊക്കെ മുതുകില്‍ കയറി താണ്ഡവ നൃത്തമാടുന്നു. ഉത്തര്‍പ്രദേശിലെ മുഹമ്മദ് അഖ്‌ലാക്കും ഹിമാചലിലെ നോമനും ഹരിയാനയിലെ പെഹ്‌ലൂഖാനും ഈ നവീന കാട്ടാളത്തത്തിന്റെ ഇരകളാകുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലെ ആസനസ്ഥര്‍ പുതിയ മുസഫര്‍ നഗറുകള്‍ക്ക് കത്തി രാകുന്നു. പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് ദലിതുകളെ കുലത്തൊഴില്‍ ചെയ്യുമ്പോള്‍ പൊതിരെത്തല്ലുന്നു. രാഷ്ട്ര ശില്‍പിയുടെ പേരിലുള്ള ഡല്‍ഹി സര്‍വകലാശാലയില്‍ ദേശദ്രോഹം ചുമത്തി വിദ്യാര്‍ഥികളെ പിടിച്ചു തുറുങ്കിലടക്കുന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ മറ്റൊരു ദലിത് വിദ്യാര്‍ത്ഥി പീഡനത്താല്‍ ആത്മഹത്യ ചെയ്യാനിട വരുന്നു. തലമുറകളായി മാംസ വില്‍പന നടത്തിവരുന്ന പട്ടിണിപ്പാവങ്ങളായ കുടുംബങ്ങളെ മതത്തിന്റെ പേരില്‍ കൊല്ലാക്കൊല ചെയ്യുന്നു. ദേശീയഗാനം പാടിയില്ലെന്നുകാട്ടി സ്വതന്ത്ര ചിന്തകരെ മുഴുവന്‍ മര്‍ദിച്ചവശരാക്കുന്നതും മേല്‍ ആശയക്കാര്‍ തന്നെ.
എഴുത്തുകാരായ ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, നരേന്ദ്ര ധാബോല്‍കര്‍ എന്നിവരെ വെടിവെച്ചുകൊന്നവര്‍ തമിഴ്‌നാട്ടിലെ പെരുമാള്‍മുരുകനെ ഭയപ്പെടുത്തി തൂലിക തിരികെവെപ്പിച്ചു. അലിഗഡ് മുസ്്‌ലിം സര്‍വകലാശാല പോലുള്ള പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി പോലും രാജ്യത്തിന്റെ പാരമ്പര്യവും ഭരണഘടനയും മറികടന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഏകസിവില്‍ നിയമത്തിന്റെ വക്താക്കളും മറ്റാരുമല്ല. ഇവര്‍ തച്ചുതകര്‍ത്ത ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രം പണിയാനുള്ള കോപ്പുകൂട്ടുന്നു. പാക്കിസ്താനില്‍ നിന്നുള്ള ഭീകരര്‍ പ്രതിരോധ കേന്ദ്രങ്ങള്‍ ബോംബിട്ട് നമ്മുടെ ധീരസൈനികരെ കൊല്ലുന്നു. പരിണതപ്രജ്ഞനായ മുന്‍ കേന്ദ്രമന്ത്രിയും മലപ്പുറത്തെ എം.പിയുമായ ഇ.അഹമ്മദിന്റെ മൃതശരീരം പോലും പ്രധാനമന്ത്രിയുടെ മൂക്കിനുകീഴെ മനുഷ്യത്വഹീനമായി കൈകാര്യം ചെയ്യപ്പെടുന്നു. ലോകത്തെ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയ രാജ്യം ഇന്ന് മര്‍ദക ഭരണകൂടങ്ങളുടെ പിണിയാളായിരിക്കുന്നു. 1989ല്‍ ആദ്യമായി ആര്‍.എസ്.എസിന് സ്വാധീനമുള്ളൊരു സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വന്നെങ്കിലും ഒളി അജണ്ടയാണ് ആ സര്‍ക്കാര്‍ നടത്തിയതെങ്കില്‍ ആ സംഘടനയില്‍ അംഗമാണെന്നഭിമാനിക്കുന്ന നരേന്ദ്രമോദി ഭരിക്കുമ്പോള്‍ തുറന്ന അജണ്ടയാണ് നടപ്പാക്കുന്നതെന്ന വ്യത്യാസം മാത്രമാണിന്നുള്ളത്.
ഇതിലൊന്നും ഒരുവിധ മനച്ഛാഞ്ചല്യവുമില്ലാതെയാണ് നാടിനെ സാമ്പത്തിക അരാജകത്വത്തിലേക്കും ജനങ്ങളെ വറുതിയിലേക്കും തള്ളിയിടുന്ന സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍. ദലിതുകള്‍ കുടുംബാംഗത്തിന്റെ ശവമടക്കാന്‍ ഗതിയില്ലാതെ നാടിന്റെ തെരുവീഥികളിലൂടെ ശവവുമേറ്റി കിലോമീറ്ററുകള്‍ നടക്കേണ്ടിവരുമ്പോള്‍ നാടിന്റെ പ്രധാനമന്ത്രി സ്വന്തം പേരു പതിച്ച പത്തു ലക്ഷത്തിന്റെ കോട്ടുമായി പറന്നുനടക്കുകയും പഞ്ചനക്ഷത്രഹോട്ടലുകളില്‍ ഉലാത്തുകയും ചെയ്യുന്നു. ജനങ്ങളുടെ സ്വന്തം പണത്തെ കള്ളപ്പണത്തിന്റെ പേരിട്ട് പിടിച്ചെടുക്കുന്നു. കേരളത്തിലടക്കം പൊതുവിതരണ സമ്പ്രദായത്തെ നിലംപരിശാക്കി. കേരളത്തിലെ സഹകരണ, റെയില്‍വെ രംഗങ്ങളോട് ചിറ്റമ്മനയം തുടരുന്നു. മുഖ്യമന്ത്രിമാര്‍ക്കുപോലും പ്രധാനമന്ത്രിയെ കാണാനാവുന്നില്ല.
അതേസമയം ഈ ഫാസിസ്റ്റ് ദുര്‍ഭൂതത്തെ പിടിച്ചുകെട്ടുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷം ഇന്ന് അവര്‍ക്ക് വിടുവേല ചെയ്യുന്ന കാഴ്ച ദയനീയം. ഒരുറുമ്പിനെ പോലും നോവിക്കാത്ത ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളെയും മുസ്്‌ലിംകളെ കൊല്ലുമെന്നു പറഞ്ഞ യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെയും സമമായി വിശേഷിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് പുറത്തുവന്നത് അമ്മ മരിച്ചാലും കട്ടിലൊഴിഞ്ഞു കാണണമെന്ന ആഗ്രഹമാണ്. പീഡിതരും പാര്‍ശ്വവല്‍കൃതരുമായൊരു സമൂഹത്തിന് വേണ്ട നീതി രാജ്യത്തിന്റെ നിയമ നിര്‍മാണ സഭയില്‍ ചെന്ന് വാങ്ങിക്കൊടുക്കേണ്ടവരാണ് സംഘ്പരിവാറിനുവേണ്ടി കുഴലൂത്തുനടത്തിയതെന്നത് മലപ്പുറവും കേരളവും കാണാന്‍ കൊതിക്കാത്ത ഒന്നായിപ്പോയി. ബി.ജെ.പിയുടെ വിഷ വര്‍ഗീയ പ്രചാരണത്തിനൊത്ത് മുസ്്‌ലിം ലീഗിനെയും താറടിച്ച് നാല് വോട്ട് നേടാന്‍ കഴിയുമോ എന്ന പരീക്ഷണത്തില്‍ തങ്ങള്‍ പതിറ്റാണ്ടുകളായി കൊട്ടിഘോഷിച്ചു നടന്ന മതേതരത്വത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീണത് സഖാക്കള്‍ക്കുപോലും ഞെട്ടലോടെ കാണാനായി. പൊലീസിന്റെ മര്‍ദക രീതിക്കെതിരെ സംസ്ഥാന സര്‍ക്കാരിനെ വിശ്വസിച്ച് സമരത്തിനിറങ്ങിപ്പുറപ്പെട്ട സ്വന്തം പാര്‍ട്ടിക്കാരുടെ നേര്‍ക്കുപോലും കിരാത നടപടി കൈക്കൊണ്ട ഒരു സര്‍ക്കാരിന് കോടതികളുടെ കരണത്തടിയേല്‍ക്കേണ്ടിവരുന്നത് സ്വാഭാവികം മാത്രം. കൊടിഞ്ഞിയിലും കാസര്‍കോട്ടും മതത്തിന്റെ പേരില്‍ നിരപരാധികള്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അവരുടെ കുടുംബത്തെ തിരിഞ്ഞുനോക്കാനോ ഈ കൊടുംക്രൂരതകള്‍ അവസാനിപ്പിക്കുമെന്നു പറയാനോ ഇവര്‍ തയ്യാറായില്ലെന്നതും തികച്ചും വേദനാജനകമായി. ബ്രിട്ടീഷ് തേര്‍വാഴ്ചക്കെതിരെ പൊരുതിയ പൂക്കോട്ടൂരിന്റെയും തിരൂര്‍- പോത്തന്നൂര്‍ വാഗണില്‍ ശ്വാസം മുട്ടി വീരമൃത്യു മരിച്ച അറുപത്തൊന്നു മാപ്പിളമാരുടെയും പിന്‍മുറക്കാര്‍ക്ക് ആധുനിക വര്‍ഗീയ-ഫാസിസ്റ്റ്് വെല്ലുവിളികളെ നേരിടാനും കോണ്‍ഗ്രസ് അടക്കമുള്ള മതേതര ശക്തികളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ശേഷിയുണ്ടാകുകതന്നെ ചെയ്യും. അവരാകും നാടിന്റെ വഴികാട്ടികള്‍.

chandrika: