X

സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധം; ഓര്‍ഡിനന്‍സിന് അംഗീകാരം

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സ്വകാര്യ-സര്‍ക്കാര്‍ ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ പത്താംതരം വരെ സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. അടുത്ത അധ്യയന വര്‍ഷം തന്നെ നിയമം നിലവില്‍ വരും.
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങള്‍ക്കും സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ.്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്. നിയമത്തില്‍ പറയാത്ത വല്ല സിലബസുകളിലും അധ്യയനം നടത്തുന്നുണ്ടെങ്കിലും മലയാളം നിര്‍ബന്ധമായിരിക്കും. ഹയര്‍ സെക്കന്ററി തലം വരെ മലയാളം നിര്‍ബന്ധമാക്കാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അത് നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പത്താം തരെ വരെ മലയാളം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് ഇറക്കിയത്.സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ ഒരു വിലക്കും ഏര്‍പ്പെടുത്താന്‍ പാടില്ല. മറ്റേതെങ്കിലും ഭാഷയേ സംസാരിക്കാവൂ എന്ന് നിര്‍ദേശിക്കുന്ന ബോര്‍ഡുകളോ നോട്ടീസുകളോ പ്രചാരണമോ പാടില്ലെന്ന് നിയമം നിര്‍ദേശിക്കുന്നു.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മുതലായ ബോര്‍ഡുകളുടെ കീഴിലുള്ള വിദ്യാലയങ്ങള്‍ക്ക് നിരാക്ഷേപ പത്രം (എന്‍.ഒ.സി) നല്‍കുന്നതിന് നിര്‍ബന്ധിത മലയാള ഭാഷാപഠനം വ്യവസ്ഥ ചെയ്യും. മലയാളം പഠിപ്പിക്കാത്ത വിദ്യാലയങ്ങളുടെ എന്‍.ഒ.സി റദ്ദാക്കും. കേരള വിദ്യാഭ്യാസ നിയമപ്രകാരം അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നതിന് മലയാള ഭാഷാപഠനം നിര്‍ബന്ധമായിരിക്കും. നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ ലംഘിക്കുന്ന വിദ്യാലയങ്ങളിലെ പ്രധാന അധ്യാപകര്‍ക്ക് 5000 രൂപ പിഴ ചുമത്താന്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.

chandrika: