Connect with us

Video Stories

മര്‍ദക ഭരണകൂടങ്ങള്‍ക്ക് താക്കീതു നല്‍കുക

Published

on

ഗതകാലചൂഷണവര്‍ഗം ആര്യവത്കരണത്തിന്റെ പുതിയ പരീക്ഷണങ്ങള്‍ രാജ്യത്താകമാനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തെ വിവിധ ലോക്‌സഭാ മണ്ഡലങ്ങള്‍ ഇന്ന് ഉപതെരഞ്ഞെടുപ്പില്‍ വിധിയെഴുതുകയാണ്. മൂന്നു വര്‍ഷത്തെ ബി.ജെ.പി ഭരണത്തില്‍ മതേതര വിശ്വാസികളും ജനാധിപത്യവാദികളും മാത്രമല്ല, രാജ്യത്തെ മത ന്യൂനപക്ഷങ്ങളും പിന്നാക്ക-ദലിത് സമൂഹങ്ങളുമടങ്ങുന്ന എണ്‍പതു ശതമാനത്തോളം പേര്‍ ഭീതിയുടെ നെരിപ്പോടിലകപ്പെട്ടിരിക്കുന്നു. ഭാരിച്ചൊരു ഉത്തരവാദിത്തമാണ് ഈ മണിക്കൂറുകളില്‍ നിറവേറ്റാന്‍ ചുമതലയേറ്റപ്പെട്ടിരിക്കുന്നതെന്ന് ഉത്തമ ബോധ്യമുള്ളവരാണ് 13 ലക്ഷത്തിലധികം വരുന്ന മലപ്പുറത്തെ സമ്മതിദായകരും.
ബ്രിട്ടീഷ് മേധാവിത്വത്തില്‍നിന്ന് അഹിംസയിലൂടെ രാജ്യത്തെ രക്ഷിച്ചെടുത്ത് സമാധാനത്തിന്റെ തളികയില്‍ നമ്മെയേല്‍പിച്ച മഹാത്മാവിനെ വെടിവെച്ചു കൊന്നവരാണ് ഇന്ന് രാജ്യത്തെ അധികാര കേന്ദ്ര സ്ഥാനത്ത് വിരാജിക്കുന്നതെന്നത് നിസ്സാരകാര്യമല്ല. ആര്‍.എസ്.എസ് അനുഭാവിയായ ഗോദ്‌സെയുടെ പ്രേതം ബാധിച്ച മട്ടിലാണ് രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്കു നേരെയും മറ്റും ചിലരുയര്‍ത്തുന്ന കൊലക്കത്തികള്‍. ഗോമാതാവിന്റെ പേരില്‍ സഹജീവിയെ പച്ചയ്ക്കു കൊല്ലുന്നതിനുള്ള ന്യായം ഇരുപത്തൊന്നാം നൂറ്റാണ്ടിന് ചിന്തിക്കാന്‍ പോലുമാകില്ല. ദേശ സ്‌നേഹം പഠിപ്പിക്കാന്‍ തങ്ങളുടെ അണികളല്ലാത്തവരുടെയും വിമര്‍ശകരുടെയുമൊക്കെ മുതുകില്‍ കയറി താണ്ഡവ നൃത്തമാടുന്നു. ഉത്തര്‍പ്രദേശിലെ മുഹമ്മദ് അഖ്‌ലാക്കും ഹിമാചലിലെ നോമനും ഹരിയാനയിലെ പെഹ്‌ലൂഖാനും ഈ നവീന കാട്ടാളത്തത്തിന്റെ ഇരകളാകുമ്പോള്‍ ഇന്ദ്രപ്രസ്ഥത്തിലെ ആസനസ്ഥര്‍ പുതിയ മുസഫര്‍ നഗറുകള്‍ക്ക് കത്തി രാകുന്നു. പ്രധാനമന്ത്രിയുടെ സംസ്ഥാനത്ത് ദലിതുകളെ കുലത്തൊഴില്‍ ചെയ്യുമ്പോള്‍ പൊതിരെത്തല്ലുന്നു. രാഷ്ട്ര ശില്‍പിയുടെ പേരിലുള്ള ഡല്‍ഹി സര്‍വകലാശാലയില്‍ ദേശദ്രോഹം ചുമത്തി വിദ്യാര്‍ഥികളെ പിടിച്ചു തുറുങ്കിലടക്കുന്നു. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ മറ്റൊരു ദലിത് വിദ്യാര്‍ത്ഥി പീഡനത്താല്‍ ആത്മഹത്യ ചെയ്യാനിട വരുന്നു. തലമുറകളായി മാംസ വില്‍പന നടത്തിവരുന്ന പട്ടിണിപ്പാവങ്ങളായ കുടുംബങ്ങളെ മതത്തിന്റെ പേരില്‍ കൊല്ലാക്കൊല ചെയ്യുന്നു. ദേശീയഗാനം പാടിയില്ലെന്നുകാട്ടി സ്വതന്ത്ര ചിന്തകരെ മുഴുവന്‍ മര്‍ദിച്ചവശരാക്കുന്നതും മേല്‍ ആശയക്കാര്‍ തന്നെ.
എഴുത്തുകാരായ ഗോവിന്ദ് പന്‍സാരെ, കല്‍ബുര്‍ഗി, നരേന്ദ്ര ധാബോല്‍കര്‍ എന്നിവരെ വെടിവെച്ചുകൊന്നവര്‍ തമിഴ്‌നാട്ടിലെ പെരുമാള്‍മുരുകനെ ഭയപ്പെടുത്തി തൂലിക തിരികെവെപ്പിച്ചു. അലിഗഡ് മുസ്്‌ലിം സര്‍വകലാശാല പോലുള്ള പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ന്യൂനപക്ഷ പദവി പോലും രാജ്യത്തിന്റെ പാരമ്പര്യവും ഭരണഘടനയും മറികടന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. ഏകസിവില്‍ നിയമത്തിന്റെ വക്താക്കളും മറ്റാരുമല്ല. ഇവര്‍ തച്ചുതകര്‍ത്ത ബാബരി മസ്ജിദ് നിലനിന്ന സ്ഥാനത്ത് രാമക്ഷേത്രം പണിയാനുള്ള കോപ്പുകൂട്ടുന്നു. പാക്കിസ്താനില്‍ നിന്നുള്ള ഭീകരര്‍ പ്രതിരോധ കേന്ദ്രങ്ങള്‍ ബോംബിട്ട് നമ്മുടെ ധീരസൈനികരെ കൊല്ലുന്നു. പരിണതപ്രജ്ഞനായ മുന്‍ കേന്ദ്രമന്ത്രിയും മലപ്പുറത്തെ എം.പിയുമായ ഇ.അഹമ്മദിന്റെ മൃതശരീരം പോലും പ്രധാനമന്ത്രിയുടെ മൂക്കിനുകീഴെ മനുഷ്യത്വഹീനമായി കൈകാര്യം ചെയ്യപ്പെടുന്നു. ലോകത്തെ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയ രാജ്യം ഇന്ന് മര്‍ദക ഭരണകൂടങ്ങളുടെ പിണിയാളായിരിക്കുന്നു. 1989ല്‍ ആദ്യമായി ആര്‍.എസ്.എസിന് സ്വാധീനമുള്ളൊരു സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വന്നെങ്കിലും ഒളി അജണ്ടയാണ് ആ സര്‍ക്കാര്‍ നടത്തിയതെങ്കില്‍ ആ സംഘടനയില്‍ അംഗമാണെന്നഭിമാനിക്കുന്ന നരേന്ദ്രമോദി ഭരിക്കുമ്പോള്‍ തുറന്ന അജണ്ടയാണ് നടപ്പാക്കുന്നതെന്ന വ്യത്യാസം മാത്രമാണിന്നുള്ളത്.
ഇതിലൊന്നും ഒരുവിധ മനച്ഛാഞ്ചല്യവുമില്ലാതെയാണ് നാടിനെ സാമ്പത്തിക അരാജകത്വത്തിലേക്കും ജനങ്ങളെ വറുതിയിലേക്കും തള്ളിയിടുന്ന സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍. ദലിതുകള്‍ കുടുംബാംഗത്തിന്റെ ശവമടക്കാന്‍ ഗതിയില്ലാതെ നാടിന്റെ തെരുവീഥികളിലൂടെ ശവവുമേറ്റി കിലോമീറ്ററുകള്‍ നടക്കേണ്ടിവരുമ്പോള്‍ നാടിന്റെ പ്രധാനമന്ത്രി സ്വന്തം പേരു പതിച്ച പത്തു ലക്ഷത്തിന്റെ കോട്ടുമായി പറന്നുനടക്കുകയും പഞ്ചനക്ഷത്രഹോട്ടലുകളില്‍ ഉലാത്തുകയും ചെയ്യുന്നു. ജനങ്ങളുടെ സ്വന്തം പണത്തെ കള്ളപ്പണത്തിന്റെ പേരിട്ട് പിടിച്ചെടുക്കുന്നു. കേരളത്തിലടക്കം പൊതുവിതരണ സമ്പ്രദായത്തെ നിലംപരിശാക്കി. കേരളത്തിലെ സഹകരണ, റെയില്‍വെ രംഗങ്ങളോട് ചിറ്റമ്മനയം തുടരുന്നു. മുഖ്യമന്ത്രിമാര്‍ക്കുപോലും പ്രധാനമന്ത്രിയെ കാണാനാവുന്നില്ല.
അതേസമയം ഈ ഫാസിസ്റ്റ് ദുര്‍ഭൂതത്തെ പിടിച്ചുകെട്ടുമെന്നു പറഞ്ഞ് അധികാരത്തിലേറിയ ഇടതുപക്ഷം ഇന്ന് അവര്‍ക്ക് വിടുവേല ചെയ്യുന്ന കാഴ്ച ദയനീയം. ഒരുറുമ്പിനെ പോലും നോവിക്കാത്ത ബഹുമാന്യനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളെയും മുസ്്‌ലിംകളെ കൊല്ലുമെന്നു പറഞ്ഞ യു.പി മുഖ്യമന്ത്രി ആദിത്യനാഥിനെയും സമമായി വിശേഷിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറിയില്‍ നിന്ന് പുറത്തുവന്നത് അമ്മ മരിച്ചാലും കട്ടിലൊഴിഞ്ഞു കാണണമെന്ന ആഗ്രഹമാണ്. പീഡിതരും പാര്‍ശ്വവല്‍കൃതരുമായൊരു സമൂഹത്തിന് വേണ്ട നീതി രാജ്യത്തിന്റെ നിയമ നിര്‍മാണ സഭയില്‍ ചെന്ന് വാങ്ങിക്കൊടുക്കേണ്ടവരാണ് സംഘ്പരിവാറിനുവേണ്ടി കുഴലൂത്തുനടത്തിയതെന്നത് മലപ്പുറവും കേരളവും കാണാന്‍ കൊതിക്കാത്ത ഒന്നായിപ്പോയി. ബി.ജെ.പിയുടെ വിഷ വര്‍ഗീയ പ്രചാരണത്തിനൊത്ത് മുസ്്‌ലിം ലീഗിനെയും താറടിച്ച് നാല് വോട്ട് നേടാന്‍ കഴിയുമോ എന്ന പരീക്ഷണത്തില്‍ തങ്ങള്‍ പതിറ്റാണ്ടുകളായി കൊട്ടിഘോഷിച്ചു നടന്ന മതേതരത്വത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീണത് സഖാക്കള്‍ക്കുപോലും ഞെട്ടലോടെ കാണാനായി. പൊലീസിന്റെ മര്‍ദക രീതിക്കെതിരെ സംസ്ഥാന സര്‍ക്കാരിനെ വിശ്വസിച്ച് സമരത്തിനിറങ്ങിപ്പുറപ്പെട്ട സ്വന്തം പാര്‍ട്ടിക്കാരുടെ നേര്‍ക്കുപോലും കിരാത നടപടി കൈക്കൊണ്ട ഒരു സര്‍ക്കാരിന് കോടതികളുടെ കരണത്തടിയേല്‍ക്കേണ്ടിവരുന്നത് സ്വാഭാവികം മാത്രം. കൊടിഞ്ഞിയിലും കാസര്‍കോട്ടും മതത്തിന്റെ പേരില്‍ നിരപരാധികള്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ അവരുടെ കുടുംബത്തെ തിരിഞ്ഞുനോക്കാനോ ഈ കൊടുംക്രൂരതകള്‍ അവസാനിപ്പിക്കുമെന്നു പറയാനോ ഇവര്‍ തയ്യാറായില്ലെന്നതും തികച്ചും വേദനാജനകമായി. ബ്രിട്ടീഷ് തേര്‍വാഴ്ചക്കെതിരെ പൊരുതിയ പൂക്കോട്ടൂരിന്റെയും തിരൂര്‍- പോത്തന്നൂര്‍ വാഗണില്‍ ശ്വാസം മുട്ടി വീരമൃത്യു മരിച്ച അറുപത്തൊന്നു മാപ്പിളമാരുടെയും പിന്‍മുറക്കാര്‍ക്ക് ആധുനിക വര്‍ഗീയ-ഫാസിസ്റ്റ്് വെല്ലുവിളികളെ നേരിടാനും കോണ്‍ഗ്രസ് അടക്കമുള്ള മതേതര ശക്തികളെ ശക്തിപ്പെടുത്തുന്നതിനുമുള്ള ശേഷിയുണ്ടാകുകതന്നെ ചെയ്യും. അവരാകും നാടിന്റെ വഴികാട്ടികള്‍.

Video Stories

നെഹ്‌റുട്രോഫിക്ക് കളങ്കം ചാര്‍ത്താന്‍ പിണറായി

ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയുടെ ഉദ്ഘാടകനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദത്തില്‍.

Published

on

ആലപ്പുഴ: ചരിത്രപ്രസിദ്ധമായ നെഹ്‌റു ട്രോഫി ജലമേളയുടെ ഉദ്ഘാടകനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ക്ഷണിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിവാദത്തില്‍. നിരന്തരം സംഘ്പരിവാര്‍ വിരുദ്ധത പ്രസംഗിക്കുന്ന സി.പി.എമ്മും ഇടതുപക്ഷവും സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കരസ്പര്‍ശമേറ്റ നെഹ്‌റുട്രോഫി സമ്മാനിക്കുന്ന ചടങ്ങിലേക്ക് അമിത്ഷായെ പോലൊരു കളങ്കിതനെ ക്ഷണിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. അമിത്ഷായെ പരിപാടിയിലേക്ക് ക്ഷണിക്കുന്നതിനായി നെഹ്‌റു ട്രോഫിയുടെ സകല കീഴ്‌വഴക്കങ്ങളും ലംഘിച്ചുള്ള നീക്കമാണ് മുഖ്യമന്ത്രി നടത്തിയത്.

ഇതിന്റെ ഞെട്ടലിലാണ് സംഘടാക സമിതിയായ എന്‍.ടി.ബി.ആര്‍ സൊസൈറ്റി. മുന്‍കാലങ്ങളില്‍ സംഘാടക സമിതി നിര്‍ദേശിക്കുന്ന ദേശീയ നേതാക്കളെയായിരുന്നു പരിപാടിയിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചിരുന്നത്. എന്‍.ടിി.ബി.ആര്‍ സൊസൈറ്റിക്ക് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ ഉദ്ഘാടകയായി എത്തിക്കാനായിരുന്നു താല്‍പര്യം. രാഷ്ട്രപതി എത്തുന്നില്ലെങ്കില്‍ മുഖ്യമന്ത്രിയെ തന്നെ ഉദ്ഘാടകനാക്കാനായിരുന്നു ധാരണ. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഒരുപടി കൂടി കടന്ന് അസാധാരണമായ രീതിയില്‍ മുഖ്യമന്ത്രി നേരിട്ട് അമിത് ഷായെ ജലമേളയക്ക് ക്ഷണിച്ചത്.

ജലമേളയുടെ തലേദിവസമായ സെപ്തംബര്‍ മൂന്നിന് കോവളത്ത് നടക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറിയേറ്റിന്റെ ദക്ഷിണ മേഖല യോഗത്തിന് ക്ഷണിക്കുന്നതിനൊപ്പമാണ് നെഹ്‌റുട്രോഫിക്കും കൂടിയുള്ള ക്ഷണം കഴിഞ്ഞ 23ന് അമിത്ഷാക്ക് മുഖ്യമന്ത്രി അയച്ചത്. നെഹ്‌റുട്രോഫിയുടെ ചരിത്രം വിശദീകരിച്ചുള്ള കത്തില്‍ പരിപാടി സ്ഥലത്തേക്കുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അമിത്ഷായെ ക്ഷണിച്ച നടപടിക്കെതിരെ വിവിധ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി പരിഗണിക്കാനിരിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചേര്‍ത്താണ് വിമര്‍ശനം.അതേസമയം അമിത്ഷായുടെ വരവ് ഉറപ്പായ നിലയിലുള്ള ക്രമീകരണങ്ങളാണ് ആലപ്പുഴയിലും വള്ളംകളി നടക്കുന്ന പുന്നമടയിലും പുരോഗമിക്കുന്നത്. സുരക്ഷാ ക്രമീകരണ മുന്നൊരുക്കങ്ങള്‍ പുന്നമടകായലില്‍ ഡി.ഐ.ജി നീരജ് കുമാര്‍ ഗുപ്ത ഇന്നലെ നേരിട്ടെത്തി പരിശോധിച്ചു. കലക്റ്റര്‍ വി.ആര്‍ കൃഷ്ണാ തേജ, ജില്ലാ പൊലീസ് മേധാവി ജി ജയദേവ് എന്നിവര്‍ക്കൊപ്പമായിരന്നു പരിശോധന.

Continue Reading

Indepth

നീതി ദേവത-പ്രതിഛായ

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറലായിരുന്നയാളുടെ പേരാണ് മോട്ടിലാല്‍ ചിമന്‍ലാല്‍ സെതല്‍വാദ്. പേരിലെ ഈ കുടുംബവാല്‍ ഇന്ന് ലോകം മുഴുവന്‍ അറിയുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുജറാത്തിക്കാരിയുടേത് കൂടിയാണ്-ടീസ്റ്റ സെതല്‍വാദ്.

Published

on

സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ അറ്റോണി ജനറലായിരുന്നയാളുടെ പേരാണ് മോട്ടിലാല്‍ ചിമന്‍ലാല്‍ സെതല്‍വാദ്. പേരിലെ ഈ കുടുംബവാല്‍ ഇന്ന് ലോകം മുഴുവന്‍ അറിയുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന ഗുജറാത്തിക്കാരിയുടേത് കൂടിയാണ്-ടീസ്റ്റ സെതല്‍വാദ്. രാജ്യത്തെ നിയമ പരിഷ്‌കാരത്തിനായി നെഹ്‌റു ഭരണകൂടം രൂപവല്‍കരിച്ച ആദ്യ ലോ കമ്മീഷന്റെ ചെയര്‍മാനായിരുന്നു ടീസ്റ്റയുടെ മുത്തച്ഛനും സ്വാതന്ത്ര്യസമരനേതാവുമായിരുന്ന എം.സി സെതല്‍വാദ്. അദ്ദേഹത്തിന്റെ പേരമകള്‍ ലോകമറിയുന്ന മനുഷ്യാവകാശ പോരാളിയായതില്‍ അത്ഭുതത്തിന് വകയില്ല. മുംബൈയിലെ പ്രമുഖ അഭിഭാഷകനായിരുന്നു പിതാവ് അതുല്‍ സെതല്‍വാദും. നോംചോംസ്‌കിയെ പോലുള്ള ലോകത്തെ അത്യുന്നത ചിന്തകരും ബുദ്ധിജീവികളും ടീസ്റ്റയെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ സുപ്രീംകോടതിക്ക് കത്തെഴുതിയിരിക്കുന്നത്. മറ്റൊരു ഇന്ത്യക്കാരനും ലഭിക്കാത്ത അത്യപൂര്‍വ ബഹുമതി. ഇന്ത്യയില്‍ ഫാസിസം വന്നോ, ഇല്ലെയോ എന്ന ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് ഈ മഹതിയെ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജൂലൈ ഒന്നിന് അഴിക്കുള്ളിലിട്ടത്. കുറ്റം ഗുജറാത്ത് കലാപത്തിലെ ഇരകളായ നിരാലംബര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത്! ടീസ്റ്റ മോദിയുടെയും അമിത്ഷായുടെയും കണ്ണിലെ കരടാകുന്നത് 2002 മുതല്‍ക്കാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിക്കും മറ്റുമെതിരെ കോടതികളില്‍നിന്ന് കോടതികളിലേക്ക് കേസുകെട്ടുകളുമായി പായുകയായിരുന്നു ഇരകള്‍ക്കൊപ്പം ടീസ്റ്റ എന്ന 60കാരി. എന്നാല്‍ ഗുജറാത്ത് കലാപത്തിന് ഗൂഢാലോചന നടത്തിയവരില്‍പെടുത്തിയാണ് മോദിയും കൂട്ടരും മുന്‍ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാറിനൊപ്പം ടീസ്റ്റയെയും തുറുങ്കിലിലടച്ചത്. ‘മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കെതിരെ നേരിട്ടുള്ള ആക്രമണം’ എന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷണല്‍ അറസ്റ്റിനെ വിശേഷിപ്പിച്ചത്. നീതിക്കുവേണ്ടി പോരാടിയവരുടെ ഇതിഹാസമാണ് പുരാണത്തിലെ ദുര്‍ഗയുടെയും സീതയുടെയും പാഞ്ചാലിയുടേതുമെന്നതിനാല്‍ ആധുനിക സീതയുടെ പരിവേഷമാണ് ടീസ്റ്റക്ക്. അമ്മയുടെ പേരിലുമുണ്ട് സീത.

2002ല്‍ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല എന്ന കുപ്രസിദ്ധ ഭരണകൂട ഭീകരതക്കിരയായി കോണ്‍ഗ്രസ് എം.പി ഇഹ്്‌സാന്‍ ജാഫ്രിയടക്കം കൊലചെയ്യപ്പെട്ടതിന് നീതിതേടിയാണ് അദ്ദേഹത്തിന്റെ ഭാര്യ സാക്കിയ ജാഫ്രിയുള്‍പ്പെടെ കോടതിയെ സമീപിച്ചത്. കേസില്‍ നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റും സുപ്രീംകോടതി കുറ്റവിമുക്തമാക്കിയതിന് തൊട്ടുപിറ്റേന്നായിരുന്നു ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും അറസ്റ്റ്. മോദി വിളിച്ചുചേര്‍ത്ത 2002ലെ പൊലീസുദ്യോഗസ്ഥരുടെ യോഗത്തില്‍ ഗോദ്ര സംഭവത്തിന് ‘ഹിന്ദുക്കളെ പ്രതികാരം ചെയ്യാന്‍വിടണ’മെന്ന് മുഖ്യമന്ത്രി ആജ്ഞാപിച്ചുവെന്നാണ് ടീസ്റ്റയും കൂട്ടരും വാദിച്ചത്. പരാതിയില്‍ മന്ത്രിമാരടക്കം 62 പേരെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ബി.ജെ.പി സര്‍ക്കാരിന്റെ പ്രത്യേകാന്വേഷണസംഘം പക്ഷേ പ്രതികളെയെല്ലാം കുറ്റവിമുക്തരാക്കുകയായിരുന്നു. ഇതാണ് ടീസ്റ്റയും മറ്റും സുപ്രീംകോടതിയില്‍ ചോദ്യംചെയ്തത്. ഇതാണ് ഫാസിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ചതും. പ്രതികളെ കുറ്റവിമുക്തമാക്കുമ്പോള്‍ പരാതിക്കാരെ കേട്ടില്ലെന്നാണ് കോടതിക്കെതിരായി ഉയര്‍ന്നിരിക്കുന്ന മുഖ്യപരാതി. ലോകത്തെ വിവിധ ഉന്നത സര്‍വകലാശാലകളിലെ അത്യുന്നത പ്രൊഫസര്‍മാരും ബ്രിട്ടീഷ് ജനപ്രതിനിധിയും അടക്കമാണ് കഴിഞ്ഞദിവസം ‘സഹമത്’ എന്ന സംഘടന പുറത്തിറക്കിയ ടീസ്റ്റയുടെ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്. ഇത് കാണാതിരിക്കാന്‍ ഇന്ത്യന്‍ നീതിപീഠത്തിന് കഴിയില്ല. വരുന്ന 22നാണ് സുപ്രീംകോടതി ഇവരുടെ ജാമ്യഹര്‍ജി വീണ്ടും പരിഗണിക്കുന്നത്. ഭാവി ചീഫ് ജസ്റ്റിസ് യു.യു ലളിതിന് മുമ്പാകെയാണ് കേസ് വരുന്നത്.

കുടുംബ പാരമ്പര്യം കാക്കാനായി നിയമം പഠിക്കാന്‍പോയെങ്കിലും ഫിലോസഫിയിലാണ് ബിരുദമെടുത്തത്. 1983ല്‍ പത്രപ്രവര്‍ത്തകയായി. മാധ്യമപ്രവര്‍ത്തകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമെന്ന നിലയില്‍ ഒട്ടനവധി കേസുകളാണ് ടീസ്റ്റ ഇതിനകം കോടതികളുടെ മുമ്പിലെത്തിച്ചിട്ടുള്ളത്. മുസ്്‌ലിംകളുടേതാണ് ഇവയില്‍ പലതും. കോര്‍പറേറ്റുകളുടെ ഭക്ഷ്യവസ്തുക്കളിലെ മായത്തിനെതിരെയും പോരാടുന്നു. ‘സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്റ് പീസി’ന്റെ സെക്രട്ടറിയും ‘കമ്യൂണലിസം കോംപാക്ട്’ മാസികയുടെ സ്ഥാപകപത്രാധിപരും. ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലും ബിസിനസ് ഇന്ത്യയിലും ജോലി ചെയ്യുന്നതിനിടെയാണ് ഗുജറാത്ത് കലാപത്തിലെ ഇരകള്‍ക്ക് നീതിവാങ്ങിക്കൊടുക്കാനായി ജോലി രാജിവെച്ച് പൊതുപ്രവര്‍ത്തനത്തിറങ്ങിയത്. 2007ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു. ഗുജറാത്ത്-മേക്കിംഗ് ഓഫ് എ ട്രാജഡി, രക്ഷകര്‍ ചതിക്കുമ്പോള്‍ തുടങ്ങിയ ഗ്രന്ഥങ്ങളെഴുതി. സമാനമേഖലയിലെ പോരാളി ജാവേദ് ആനന്ദാണ് ഭര്‍ത്താവ്. മകനും മകളുമുണ്ട്.

Continue Reading

Health

ഉത്തര കേരളത്തിലാദ്യമായി ശ്വാസകോശം മാറ്റിവെക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍

ദീര്‍ഘനാളത്തെ ശ്രമഫലമായാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ശ്വാസകോശം മാറ്റിവെക്കാനുള്ള അംഗീകാരം ലഭിച്ചത്.

Published

on

കോഴിക്കോട്: ശ്വാസകോശരോഗ ചികിത്സാരംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ശ്വാസകോശം മാറ്റിവെക്കല്‍ കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ആരംഭിച്ചു. ദീര്‍ഘനാളത്തെ ശ്രമഫലമായാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിന് ശ്വാസകോശം മാറ്റിവെക്കാനുള്ള അംഗീകാരം ലഭിച്ചത്.

പരിചയ സമ്പന്നനായ കാര്‍ഡിയോവാസ്‌കുലാര്‍ സര്‍ജന്മാര്‍, പള്‍മനോളജിസ്റ്റുമാര്‍, അനസ്തറ്റിസ്റ്റുകള്‍, ട്രാന്‍സ്പ്ലാന്റിന് പൂര്‍ണ്ണസജ്ജമായ ഓപ്പറേഷന്‍ തിയ്യറ്റര്‍, പോസ്റ്റ് ട്രാന്‍സ്പ്ലാന്റ് ഐ.സി.യു തുടങ്ങിയവ ഉള്‍പ്പെടെയുള്ള അനേകം സൗകര്യങ്ങളും സജ്ജീകരണങ്ങളും ശ്വാസകോശം മാറ്റിവെക്കല്‍ ചികിത്സയ്ക്ക് അനിവാര്യമാണ്.

വിവിധ തലങ്ങളിലുള്ള വിദഗ്ദ്ധര്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രതിനിധികള്‍ വിശദമായ പരിശോധന നടത്തിയ ശേഷമാണ് ശ്വാസകോശം മാറ്റിവെക്കലിനുള്ള അനുമതി ലഭ്യമായത്. കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ഈ സംവിധാനം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഉത്തര കേരളത്തിലെ ആദ്യ സെന്റര്‍ എന്ന പ്രത്യേകതയും ലഭ്യമാകും.

‘നിലവില്‍ ഉത്തര കേരളത്തിലുള്ളവര്‍ക്ക് ശ്വാസകോശം മാറ്റിവെക്കണമെങ്കില്‍ ബാംഗ്ലൂര്‍ പോലുള്ള വലിയ നഗരങ്ങളെയാണ് പ്രധാനമായും ആശ്രയിക്കേണ്ടി വരുന്നത്. ഈ ദുരിതത്തിന് ഇതോടെ പരിഹാരമാകും.’ ആസ്റ്റര്‍ കേരള & ഒമാന്‍ റീജ്യണല്‍ ഡയറക്ടര്‍ ശ്രീ. ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു.

‘നിലവില്‍ വൃക്കമാറ്റിവെക്കല്‍, കരള്‍ മാറ്റിവെക്കല്‍, കോര്‍ണിയ ട്രാന്‍സ്പ്ലാന്റ്, എന്നിവയില്‍ നിലനിര്‍ത്തുന്ന ഉയര്‍ന്ന വിജയനിരക്കും ഈ നേട്ടം കൈവരിക്കുന്നതില്‍ പരിഗണിക്കപ്പെട്ടു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ഫര്‍ഹാന്‍ യാസിന്‍ (റീജ്യണല്‍ ഡയറക്ടര്‍, ആസ്റ്റര്‍ കേരള & ഒമാന്‍), ഡോ. അനില്‍ജോസ് (സീനിയര്‍ കണ്‍സല്‍ട്ടന്റ കാര്‍ഡിയോതെറാസിക് സര്‍ജന്‍), ഡോ. മധു കല്ലാത്ത് (റീജ്യണല്‍ ഡയറക്ടര്‍ & സീനിയര്‍ കണ്‍സല്‍ട്ടന്റ്, ആസ്റ്റര്‍ മിംസ്), ഡോ.ശരത് (കണ്‍സല്‍ട്ടന്റ് കാര്‍ഡിയാക് അനസ്തറ്റിസ്റ്റ്) ലുക്മാന്‍ പൊന്മാടത്ത് (സിഒഒ ആസ്റ്റര്‍ മിംസ്) എന്നിവര്‍ പങ്കെടുത്തു.

 

Continue Reading

Trending