main stories
അന്വേഷണത്തില്‍ അനാസ്ഥ അരുത്
EDITORIAL
രാജ്യതലസ്ഥാനത്ത്, ഡല്‍ഹിയുടെ ഹൃദയത്തില്‍ ഇന്ത്യയുടെ പരമാധികാരത്തിന്റെ പ്രതീകമായ ചെങ്കോട്ടയുടെ തൊട്ടുചാരെയുണ്ടായ കാര്‍ സ്ഫോടനം ഞെട്ടിപ്പിക്കുന്നതും രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്കു നേരെയുള്ള വെല്ലുവിളിയുമായിത്തീര്‍ന്നിരിക്കുകയാണ്. തലസ്ഥാന നഗരിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റിനും ചരിത്രപ്രസിദ്ധമായ ഡല്‍ഹി ജുമാമസ്ജിദിനും സമീപം ലാല്‍കിലാ മെട്രോസ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകള്‍ക്കിടയിലെ റോഡിലാണ് തിങ്കളാഴ്ച്ച വൈകിട്ട് 6.25 ഓടെ ഹരിയാന രെജിസ്ട്രേഷനിലുള്ള കാര്‍ പൊട്ടിത്തെറിച്ചത്. വേഗംകുറച്ച് ചെങ്കോട്ടക്ക് മുന്നിലൂടെ പോവുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയതിന് പിന്നാലെയായിരുന്നു സ്ഫോടനമെന്നാണ് ഡല്‍ഹി പോലീസിന്റെ വിശദീകരണം. മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ചിന്നിച്ചിതറിപ്പോയതായും സമീപത്തുണ്ടായിരുന്ന കാറുകള്‍ വരെ കത്തിച്ചാമ്പലായതാ യും കിലോമീറ്ററുകള്‍ അപ്പുറംവരെ ശബ്ദം കേട്ടതായും പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.
ദിനേന പതിനായിരങ്ങള്‍ എത്തിച്ചേരുന്ന ഇടമാണ് ചാന്ദ്നി ചൗക്ക് മാര്‍ക്കറ്റും ചെങ്കോട്ടയും. സിസ്ഗഞ്ച് സാഹിബ് ഗുരുദ്വാര, ലാല്‍മന്ദിര്‍ ജൈന ക്ഷേത്രം എന്നിവയും തൊട്ടടുത്താണ്. വൈകുന്നേര സമയം കൂടിയായിരുന്നതിനാല്‍ പ്രദേശം ജനനിബിഢവുമായിരുന്നു. സമീപത്തുള്ള അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ ഡല്‍ഹി ജമ്മുകശ്മീര്‍ രഞ്ജി ക്രിക്കറ്റ് മത്സരവും അരങ്ങേറുന്നുണ്ടായിരുന്നു. തന്ത്രപ്രധാനമായ മേഖലയില്‍ തന്ത്രപ്രധാനമായ സമയത്തുണ്ടായ ഈ സ്ഫോടനം ഏതായാലും ഗൗരതരവും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരപ്പെടേണ്ടതുമാണ്.
ഹരിയാനയിലെ ഫരീദാബാദില്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടികൂടിയതിനു പിന്നാലെയാണ് ഡല്‍ഹിയില്‍ സ്ഫോടനമുണ്ടായിരിക്കുന്നത്. ജമ്മു കശ്മീര്‍ പൊലീസായിരുന്നു ഇക്കഴിഞ്ഞ ദിവസം 350 കിലോഗ്രാം അമോണിയം നൈട്രേറ്റും രണ്ട് തോക്കുകളും പിടികൂടിയത്.
ജമ്മു കശ്മീര്‍ സ്വദേശിയായ ഡോ. ആദില്‍ അഹമ്മദിനെ ഭീകര ബന്ധത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തതിനു പിന്നാലെയായിരുന്നു റെയ്ഡ്. മുസമ്മില്‍ ഷക്കീല്‍ എന്ന മറ്റൊരു ഡോക്ടറുടെ വീട്ടില്‍നിന്നാണ് ആയുധങ്ങളും സ്ഫോടക വസ്തുവും കണ്ടെടുത്തത്. സ്ഫോടക വസ്തുക്കളുടെ കൂട്ടത്തില്‍ സ്ഫോടനം നടത്താന്‍ ഉപയോഗിക്കുന്ന ടൈമറുകളും കണ്ടെടുത്തിരുന്നു. ഡല്‍ഹിയുടെ വിളിപ്പാടകലെ നടന്ന ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തടക്കം കടുത്തലജാഗ്രതപുലര്‍ത്തുന്നതില്‍ ഭരണകൂടത്തിനുണ്ടായ വീഴ്ച്ച മറച്ചുവെക്കാന്‍ കഴിയില്ല.
സ്ഫോടനമുണ്ടായ സ്ഥലം ചരിത്രപരവും വാണിജ്യപരവുമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും രാജ്യവിരുദ്ധ ശക്തികള്‍ നിരന്തരം ലക്ഷ്യംവെക്കുന്ന പ്രദേശങ്ങളുമാണ് എന്ന നിലക്ക് വിശേഷിച്ചും. ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സുരക്ഷാ വീഴ്ച്ചകളും ഇവിടെ ചേര്‍ത്തുവെക്കപ്പെടേണ്ടതാണ്. 15 വര്‍ഷം മുമ്പാണ് ഇതുപോലൊരു കാര്‍ബോംബാക്രമണം ഡല്‍ഹിയെ നടുക്കിയിരുന്നത്. 2010 സെപ്തംബര്‍ 19നായിരുന്നു അന്നത്തെ സ്ഫോടനം. നിര്‍ത്തിയിട്ട കാറില്‍ നിന്ന് പ്രഷര്‍കുക്കര്‍ ബോംബ് വന്‍ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. അതിന് രണ്ടുമണിക്കൂര്‍ മുമ്പ് വിദേശികള്‍ക്ക് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്ത സംഭവവുമുണ്ടായിരുന്നു. അതിന് 500 മീറ്റര്‍ മാത്രം ഇപ്പുറത്താണ് ഇന്നലത്തെ സ്ഫോടനമുണ്ടായത്.
സ്ഫോടന കേസിന്റെ അന്വേഷണം കേന്ദ്രസര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിരിക്കുകയാണ്. കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധമന്ത്രിയുമെല്ലാം ഒരേ സ്വരത്തില്‍ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഞെട്ടല്‍മാറുന്നതിനു മു മ്പുണ്ടായിട്ടുള്ള ഈ സംഭവം രാജ്യത്തിനുണ്ടാക്കിയിട്ടുള്ള ആഘാതത്തെ ചെറുതായിക്കാണാന്‍ കഴിയില്ല. ഭരണകൂടത്തിന്റെ വാചാടോപങ്ങള്‍കൊണ്ട് മാത്രം ഈ സാഹചര്യത്തെ നേരിടാനും സാധിക്കുകയില്ല. ഭീതിതമായ ഈ സാഹചര്യത്തിലും വിമര്‍ശനവിധേയമാക്കപ്പെടും വിധത്തിലുള്ള നടപടികള്‍ പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ഖേദകരമാണെന്ന് പറയാതിരിക്കാനാവില്ല. ചെ ങ്കോട്ടക്ക് സമീപമുണ്ടായ ഭീകരാക്രമണത്തിന്റെ നടുക്കത്തില്‍ രാജ്യം സ്തംഭിച്ചു നില്ക്കവേ, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്കി രാജ്യത്ത് നിലയുറപ്പിക്കേണ്ടതിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന് പര്യടനത്തിന് പോയതിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. ‘ഡല്‍ഹിയില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കായി എടുത്തി ട്ട് പോലുമില്ല. കുടുംബങ്ങള്‍ ദുഃഖക്കയത്തില് മുങ്ങിത്താഴുകയാണ്. എന്നിട്ടും ‘നേതാവ്’ വിദേശ പര്യടനങ്ങള്‍ ആസ്വദിക്കുന്ന തിരക്കിലാണ്’ തുടങ്ങിയ രീതിയിലുള്ള മോദിയുടെ ചിത്രത്തിന് താഴെവരുന്ന പ്രതികരണങ്ങള്‍ ജനങ്ങളുടെ വികാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്.
main stories
ശൈഖ് ഹസീനക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്ന് ട്രൈബ്യൂണല്‍
ഹസീനയുടെ അഭാവത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് വിധി.
വിദ്യാര്‍ഥി പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്കിയെന്നുള്ള കുറ്റത്തിന് മുന്‍ പ്രധാനമന്ത്രി ശൈഖ് ഹസീനക്ക് വധശിക്ഷ വിധിച്ച് ബംഗ്ലാദേശ് അന്താരാഷ്ട്ര ട്രൈബ്യൂണല്‍. ഹസീനയുടെ അഭാവത്തില്‍ മാസങ്ങള്‍ നീണ്ട വിചാരണക്ക് ശേഷമാണ് വിധി. പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിടുകയും ഗുരുതരമായി പരിക്കേല്പിക്കുകയും ചെയ്ത ഹസീന മനുഷ്യ രാശിക്കെതിരായ കുറ്റകൃത്യം നടത്തിയെന്നും കോടതി വിലയിരുത്തി.
2024 ആഗസ്റ്റ് അഞ്ചിന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ടതിനു ശേഷം ഇന്ത്യയില്‍ അഭയം തേടിയിരിക്കുകയാണ് ശൈഖ് ഹസീന. അക്രമത്തിന് പ്രേരിപ്പിക്കല്‍, പ്രതിഷേധക്കാരെ കൊല്ലാന്‍ ഉത്തരവിട്ടു, വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിനിടെ നടന്ന അതിക്രമങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടു എന്നീ മൂന്ന് കുറ്റങ്ങളില്‍ ഹസീന കുറ്റക്കാരിയാണെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്.
ബംഗ്ലാദേശ് മുന്‍ ആഭ്യന്തരമന്ത്രി അസദുസ്സമാന്‍ ഖാന് കമാലിനും വധശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍ കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് കണ്ടെത്തിയ മുന്‍ പൊലീസ് മേധാവി ചൗധരി അബ്ദുല്ല അല്‍ മാമൂന് അഞ്ചു വര്‍ഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ഹസീനക്കെതിരായ പ്രധാന സാക്ഷിയായ ചൗധരി കോടതിക്കു മുമ്പില്‍ മാപ്പുപറയുകയും ചെയ്തിരുന്നു.
വിദ്യാര്‍ഥി പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെ ശൈഖ് ഹസീന ഗുരുതര കുറ്റകൃത്യം നടത്തിയതായി അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ നേരത്തേ വിധിച്ചിരുന്നു. ഈ വര്‍ഷം ആഗസ്റ്റ് മൂന്നിനാണ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. അധികാരം ഉപയോഗിച്ച് ഹസീന മാനവരാശിക്ക് എതിരായ അക്രമം നടത്തിയെന്നാണ് ട്രൈബ്യൂണല്‍ കണ്ടെത്തിയത്. വിദ്യാര്‍ഥികള്‍ക്കെതിരായ വെടിവെപ്പിനെ കുറിച്ച് ഹസീനക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. 2024 ജൂലൈ 15 മുതല്‍ ആഗസ്റ്റ് 15 വരെ നീണ്ട പ്രക്ഷോഭത്തില്‍ 1400ഓളം പേര് കൊല്ലപ്പെട്ടെന്നാണ് യു.എന്‍ കണക്ക്.
ഹസീനക്കെതിരെ അഞ്ച് കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം, കൊലപാതകശ്രമം, നിരായുധരായ വിദ്യാര്‍ഥി പ്രതിഷേധക്കാര്‍ക്കെതിരെ പീഡനം, മാരക ബലപ്രയോഗം, മാരകായുധങ്ങള്‍, ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍ എന്നിവ വിന്യസിക്കാന്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കല്‍, രംഗ്പൂരിലും ധാക്കയിലും നടന്ന ചില കൊലപാതകങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
kerala
ടി പി വധക്കേസ്;പ്രതി ജ്യോതിബാബുവിന് ജാമ്യം നല്‍കാനാകില്ല: സുപ്രീംകോടതി
കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.
ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി ജ്യോതി ബാബുവിന് എളുപ്പത്തില്‍ ജാമ്യം നല്കാന് സാധിക്കില്ലെന്ന് സുപ്രീംകോടതി. കൊലപാതക കേസ് ആയതുകൊണ്ട് വിചാരണക്കോടതിയിലെ രേഖകള്‍ പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച ശേഷം ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കാമെന്നും കോടതി അറിയിച്ചു. ആവശ്യമായ നടപടി സ്വീകരിക്കാന്‍ രജിസ്ട്രാര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി. ഡയാലിസിസിന് വിധേയനാകണമെന്നും വിദഗ്ധ ചികിത്സ ആവശ്യമാണെന്നുമായിരുന്നു ജ്യോതി ബാബുവിന്റെ വാദം.
ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ എംഎല്‍എയും ജാമ്യം നല്‍കുന്നതിനെ എതിര്‍ത്തു. ജ്യോതിബാബുവിന് ജാമ്യം നല്‍കുന്നത് അപകടകരമെന്ന് വ്യക്തമാക്കി കെ കെ രമ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
kerala
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം
പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷവും ഒരു രൂപ പിഴയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.
തലശ്ശേരി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജന് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.
തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന് പത്മരാജന് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്കൂള്‍ അധ്യാപകനായ പത്മരാജന് പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
-
india9 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF22 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News11 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?

