X

ചാണ്ടിയെ രക്ഷിക്കുന്നത് ആര്‍ക്കു വേണ്ടി

കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മന്ത്രി തോമസ് ചാണ്ടി കുറ്റക്കാരനാണെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടും അഴിമതിക്കാരനായ മന്ത്രിയെ സംരക്ഷിക്കാന്‍ ഇടതു മുന്നണിയും മുഖ്യമന്ത്രി പിണറായി വിജയനും പുറത്തെടുക്കുന്ന നാണംകെട്ട കളികള്‍ക്കാണ് കേരളം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. രാജി വെക്കുകയല്ലാതെ മന്ത്രിക്കു മുന്നില്‍ മറ്റു പോംവഴികളില്ലെന്ന നിലയിലേക്ക് എല്ലാ സാഹചര്യങ്ങളും എത്തിച്ചേര്‍ന്നിട്ടും ഇന്നലെ ചേര്‍ന്ന ഇടതു മുന്നണി യോഗത്തിന് ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിഞ്ഞില്ല എന്നത് ഇതിന് തെളിവാണ്. ചില വ്യക്തികളുടെ പണാധിപത്യത്തിന് വിലയ്ക്കു വാങ്ങാന്‍ കഴിയുന്നത് മാത്രമായി സംസ്ഥാനത്തിന്റെ ഭരണ സംവിധാനവും രാഷ്ട്രീയ ധാര്‍മ്മികതയും ചുരുങ്ങിപ്പോകുന്നതിനെ നിസ്സാരമായി കാണാനാകില്ല. നഗ്നമായ നിയമലംഘനം നടത്തിയെന്ന് ബോധ്യപ്പെട്ടിട്ടും മന്ത്രിയെ സംരക്ഷിക്കാനാണ് ഇടതു മുന്നണി ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടേയും സി.പി.എമ്മിന്റെയും ചുമലില്‍ വെച്ചുകെട്ടി ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ നടത്തുന്ന നീക്കം കാപട്യം മാത്രമായേ കാണാനാകൂ. മുന്നണി ഭരണ സംവിധാനത്തില്‍ രാഷ്ട്രീയ ധാര്‍മ്മികത കാത്തു സൂക്ഷിക്കേണ്ടത് ഘടകകക്ഷികളുടെ കൂട്ടുത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ നിര്‍ണായക തെളിവുകള്‍ പുറത്തുവന്നിട്ടും തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം സി.പി.എമ്മും സി.പി.ഐയും എന്‍.സി.പിയും ഉള്‍പ്പെടെ ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷികള്‍ക്കും തുല്യമാണ്.
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് ഗുരുതര നിയമ ലംഘനങ്ങള്‍ നടന്നുവെന്നത് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ ഉയര്‍ത്തുന്ന കേവല ആരോപണമല്ല. ജില്ലാ ഭരണാധികാരി ആധികാരികമായി അന്വേഷിച്ച് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളാണ്. അതിനെ നിസ്സാരവല്‍ക്കരിച്ച് മന്ത്രിയെ ആ പദവിയില്‍ തുടരാന്‍ അനുവദിക്കുന്നത് എന്തു താല്‍പര്യത്തിനു പുറത്താണെന്ന് ഇടതു മുന്നണിയും മുഖ്യമന്ത്രിയും വ്യക്തമാക്കേണ്ടതുണ്ട്. അഡ്വക്കറ്റ് ജനറല്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമോപദേശങ്ങള്‍ എതിരായിട്ടും ഹൈക്കോടതിയില്‍നിന്നു തന്നെ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും തീരുമാനമെടുക്കാന്‍ ഇടതു മുന്നണിക്കോ മുഖ്യമന്ത്രിക്കോ കഴിയുന്നില്ല എന്നത് ഒരു വ്യക്തിയുടെ താല്‍പര്യങ്ങള്‍ക്ക് സര്‍ക്കാറും മുന്നണിയും എത്രത്തോളം കീഴ്‌പ്പെട്ടു പോകുന്നു എന്നതിന് തെളിവാണ്. നിയമ സംവിധാനത്തെ വെല്ലുവിളിച്ചും പണാധിപത്യംകൊണ്ട് കീഴ്‌പ്പെടുത്തിയും മന്ത്രിസ്ഥാനം കൈവെള്ളയില്‍ മുറികെപിടിക്കാം എന്ന പ്രതീതി ആരെങ്കിലും സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അത് ജനാധിപത്യത്തിന് ഭൂഷണമല്ല. തനിക്കെതിരെ നീങ്ങാന്‍ ആര്‍ക്കും കഴിയില്ലെന്ന് മന്ത്രി തന്നെ പൊതുവേദികളില്‍ പരസ്യമായി വെല്ലുവിളി മുഴക്കുന്നതും ആരോപണങ്ങള്‍കൊണ്ട് മൂടിയിട്ടും രണ്ടു വര്‍ഷം കഴിഞ്ഞേ മന്ത്രിസ്ഥാനത്ത് നിന്ന് പടിയിറങ്ങൂവെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിളിച്ചുപറയുന്നതും ഗൗരവതരമാണ്. ഇടതു മുന്നണിയേയും ഘടകക്ഷികളേയും ഒന്നടങ്കം വിലയ്ക്കു വാങ്ങുന്ന രീതിയിലേക്ക് ഒരു മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ മാറുന്നു എന്ന പ്രതീതിയാണ് ഇത്തരം നടപടികള്‍ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്നത്. അത് ശരിയല്ലെന്ന് ജനത്തെ ബോധ്യപ്പെടുത്താനും മന്ത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ അത് തിരുത്താനുമുള്ള ഇച്ഛാശക്തി മുന്നണിയും മുഖ്യമന്ത്രിയും കാട്ടേണ്ടിയിരിക്കുന്നു.
ജില്ലാ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍ എന്തെങ്കിലും തെറ്റുള്ളതായി സര്‍ക്കാറോ മുഖ്യമന്ത്രിയോ ഇതുവരെ പറഞ്ഞിട്ടില്ല. ആ നിലക്ക് റിപ്പോര്‍ട്ടില്‍ നിയമലംഘനം നടത്തിയെന്ന് പരാമര്‍ശിക്കപ്പെട്ട മന്ത്രിയെ സംരക്ഷിക്കുന്നതിന്റെ എല്ലാ ഉത്തരവാദിത്തവും ഇടതുമുന്നണിക്കും സര്‍ക്കാറിനുമുണ്ട്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് എതിര്‍ ചേരിയിലെ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാന്‍ കാണിക്കുന്ന തിടുക്കം, സര്‍ക്കാര്‍ ഭൂമി കൈയേറിയെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിലൂടെ സ്ഥാപിക്കപ്പെട്ട ഒരാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്നതിനും മുഖ്യമന്ത്രിയും ഇടതു മുന്നണിയും മറുപടി പറയേണ്ടിയിരിക്കുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാളുടെ വാക്കുകളെ വേദവാക്യമായി കാണുമ്പോള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍, ഒരു ജില്ലാ ഭരണാധികാരിയുടെ വാക്കുകള്‍ക്ക് കടലാസ് കഷ്ണത്തിന്റെ വില പോലും നല്‍കാത്തത് എന്നത് അത്ഭുതപ്പെടുത്തുന്നതാണ്. സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി ജയരാജന്റെ കാര്യത്തിലും എന്‍.സി.പിയുടെ തന്നെ പ്രതിനിധി എ.കെ ശശീന്ദ്രന്റെ കാര്യത്തിലും കാണിക്കാതിരുന്ന എന്ത് താല്‍പര്യമാണ് തോമസ് ചാണ്ടിയെ മന്ത്രിപദവിയില്‍ സംരക്ഷിക്കുന്നതിന്റെ പിന്നിലെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം.
ഇടുക്കി എം.പി ജോയ്‌സ് ജോര്‍ജ്ജിനെതിരെ ഉയര്‍ന്ന കൊട്ടാക്കമ്പൂര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയത്തിലും ഇടതുമുന്നണിയും സര്‍ക്കാറും നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. വിവാദ ഭൂമിയുടെ പട്ടയം മൂന്നാര്‍ സബ്കലക്ടര്‍ റദ്ദാക്കിയതോടെ, എം.പിയുടേയും കുടുംബത്തിന്റെയും പേരിലുള്ള ഭൂമിയുടെ കാര്യത്തില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് പൊതുസമൂഹത്തിന് ബോധ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ ഇതുസംബന്ധിച്ച് നിയമസഭക്കകത്ത് നല്‍കിയ മറുപടിയില്‍ ജോയ്‌സ് ജോര്‍ജ്ജ് എം.പി സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. നിയമസഭയെപ്പോലും തെറ്റിദ്ധരിപ്പിച്ച് ഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലയിലേക്ക് സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ മാറുന്നത് അതീവ ഗൗരവതരമാണ്. നേരത്തെ സഭയില്‍ സ്വീകരിച്ച നിലപാട് ശരിയായിരുന്നെങ്കില്‍ സബ്കലക്ടര്‍ക്ക് എന്തുകൊണ്ട് പട്ടയം റദ്ദാക്കേണ്ടി വന്നു എന്ന ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കേണ്ടിയിരിക്കുന്നു. ജനാധിപത്യ സര്‍ക്കാറുകള്‍ സ്വീകരിക്കുന്ന നിലപാടുകളും നടപടികളും പൊതുജനത്തിന് കൂടി ബോധ്യപ്പെടുന്ന രീതിയില്‍ സുതാര്യമാവുക എന്നത് സര്‍ക്കാറിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന് അനിവാര്യമാണ്. നിര്‍ഭാഗ്യവശാല്‍ ഇടതു മുന്നണി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അത്തരമൊരു സുതാര്യ സമീപനം ഉണ്ടാകുന്നില്ല എന്നാണ് മന്ത്രി തോമസ് ചാണ്ടിയുടേയും ജോയ്‌സ് ജോര്‍ജ്ജ് എം.പിയുടേയുമെല്ലാം കാര്യത്തില്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ള തീരുമാനങ്ങളില്‍നിന്ന് വ്യക്തമാകുന്നത്. നാറിയവനെ ചുമന്നാല്‍ പേറിയവനും നാറുമെന്നൊരു പഴമൊഴിയുണ്ട്. ഇടതു മുന്നണിയേയും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെയും കാര്യത്തില്‍ ഈ പഴമൊഴി ഇപ്പോള്‍ പൂര്‍ണാര്‍ത്ഥത്തില്‍ അന്വര്‍ത്ഥമായിക്കൊണ്ടിരിക്കുകയാണ്. നിയമലംഘനം നടത്തിയവരെ അധികാരസ്ഥാനങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം നടത്താനും നടപടിയെടുക്കാനും മുഖ്യമന്ത്രിയും ഇടതു മുന്നണിയും തയ്യാറായെങ്കില്‍ മാത്രമേ ഭരണത്തില്‍ തുടരാനുള്ള ധാര്‍മ്മിക അവകാശം ഈ സര്‍ക്കാറിനുണ്ടാകൂ.

chandrika: