X

സോളാര്‍: നേതാക്കളെ ക്രൂശിക്കാനുള്ള നീക്കം ചെറുക്കും: മുസ്ലിംലീഗ്

മലപ്പുറം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ യാതൊരു വിശ്വാസ്യതയുമില്ല. രാഷ്ട്രീയ ജീവിതത്തില്‍ എന്നും സുതാര്യത പുലര്‍ത്തിയ ഉമ്മന്‍ചാണ്ടിയെപ്പോലുള്ളവരെ ക്രൂശിക്കുക മാത്രമാണ് ഇടതുപക്ഷം സോളാര്‍ കേസുകൊ ണ്ട് ലക്ഷ്യമാക്കുന്നത്. ഇതിനെ യു.ഡി.എഫ് ഒറ്റക്കെട്ടായി നേരിടുമെന്നും മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറം ജില്ലാ ലീഗ് ഓഫീസില്‍ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സോളാറുമായി ബന്ധപ്പെട്ട് ഇടതുപക്ഷം ഉന്നയിക്കുന്ന വസ്തുതാവിരുദ്ധമായ ആരോപണങ്ങളൊന്നും യു.ഡി.എഫിന്റെ കെട്ടുറപ്പിന് ഒരു പോറല്‍ പോലും ഏല്‍പിച്ചിട്ടില്ല. രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ പടയൊരുക്കത്തിന് ജനങ്ങള്‍ നല്‍കിയ പിന്തുണ തന്നെയാണ് ഇതിന് വ്യക്തമായ ഉദാഹരണം. കേസില്‍ അന്വേഷണ കമ്മീഷന്റെ ധാര്‍മികതയും വിശ്വാസ്യതയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വസ്തുതകള്‍ കൃത്യമായി പരിശോധിക്കാതെ നിഗമനങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുകയായിരുന്നു കമ്മീഷന്‍. ഒരു സ്ത്രീയുടെ കത്തും ചില ഫോണ്‍കോളുകളുടെയും മാത്രം അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളാണ് സോളാര്‍ കേസ്. ഈ കത്തിന്റെ വിശ്വാസ്യത തന്നെ ഇപ്പോള്‍ തകര്‍ന്നിരിക്കുന്നു. സരിതയുടേതെന്ന പേരില്‍ പല കത്തുകളും പുറത്തുവന്നിട്ടുണ്ട്. ഇതിലേതാണ് യഥാര്‍ത്ഥത്തിലുള്ളതെന്ന് ആര്‍ക്കും വ്യക്തമല്ല. വസ്തുത ഇതാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടിട്ടും ഒന്നിലധികം കത്തുകളുണ്ടെന്ന പരാമര്‍ശം പോലും നൂറുകണക്കിന് പേജുകളുള്ള കമ്മീഷന്‍ റിപ്പോര്‍ട്ടിലെവിടെയുമില്ല. ഇക്കാര്യം പരാമര്‍ശിക്കാതെ കമ്മീഷന്‍ എങ്ങനെ ഒരു അന്തിമ തീരുമാനത്തിലെത്തി എന്നത് സംശയാസ്പദമാണ്. ഈ വസ്തുതയാണ് കമ്മീഷന്റെ വിശ്വാസ്യത തകര്‍ക്കുന്ന പ്രധാന കാരണവും.
പരസ്പര വിരുദ്ധമായ കത്തുകളുടെയും പരാമര്‍ശങ്ങളുടെയും പേരില്‍ ഉമ്മന്‍ചാണ്ടിയടക്കമുള്ള ഒരുകൂട്ടം രാഷ്ട്രീയ നേതാക്കളെ ആക്രമിക്കുന്നത് ശരിയായസമീപനമല്ല. ജനങ്ങള്‍ അത് മനസ്സിലാക്കും. ഇടതുപക്ഷത്തിന്റെ ഈ നീക്കത്തിനെതിരെ ശക്തമായി നിലകൊള്ളും. യു.ഡി.എഫിനെ കൂടുതല്‍ ശക്തിപ്പെടുത്തും.സോളാര്‍ കേസില്‍ കമ്മീഷന്റെതായി പുറത്തുവന്ന റിപ്പോര്‍ട്ട് അടിസ്ഥാന വിരുദ്ധമാണ്. വര്‍ഷങ്ങളെടുത്ത് നടത്തുന്ന അന്വേഷണത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമായിരുന്നു. അതുകൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല. ഇടതുപക്ഷ വക്കീല്‍ യൂണിയന്‍ സഹായിച്ചെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നുണ്ട്.
യു.ഡി.എഫിന്റെ ജാഥക്ക് ലഭിച്ച ബഹുജന പിന്തുണ ആത്മവിശ്വാസം പകരുന്ന ഒന്നാണ്. കേരളത്തില്‍ ബി.ജെ.പി ഒരു രാഷ്ട്രീയ ഭീഷണിയാണെന്ന തോന്നല്‍ ഇടതുപക്ഷം പ്രചരിപ്പിച്ചിരുന്നു. അതിനുള്ള മറുപടിയാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലം, വേങ്ങര അസംബ്ലി ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍.. ഇതോടെ സി.പി.എമ്മിന്റെ വ്യാമോഹമാണ് പൊലിഞ്ഞുപോയത്. യു.ഡി.എഫ് മുന്നേറ്റത്തിന് തടയിടാനാണ് സോളാര്‍ പോലുള്ള വിവാദങ്ങള്‍ തൊടുത്തുവിടുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങളുടെ സംരക്ഷകര്‍ കോണ്‍ഗ്രസും യു.പി.എയുമാണ്. ഒറ്റക്ക് രാജ്യത്തെവിടെയും ഒരു ചലനമുണ്ടാക്കാനും തങ്ങള്‍ക്കാവില്ലെന്ന് ഇടത് പക്ഷം തിരിച്ചറിയുകയാണ് വേണ്ടതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗെയില്‍ പൈപ്പ് ലൈന്‍ സംബന്ധിച്ച് ജനങ്ങള്‍ക്കുള്ള ആശങ്ക ദൂരീകരിക്കണം, ജനവാസ മേഖല ഒഴിവാക്കണം, മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണം എന്ന ആവശ്യത്തില്‍ നിന്ന് മുസ്്‌ലിംലീഗ് പിന്നോട്ട് പോകില്ല. എന്നാല്‍ വികസന പദ്ധതികളോട് പാര്‍ട്ടിക്കോ ജനപ്രതിനിധികള്‍ക്കോ യാതൊരു എതിര്‍പ്പുമില്ല. ഇക്കാര്യം മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് സംബന്ധിച്ച് പഠിച്ചതിന് ശേഷം പ്രതികരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.
റോഹിങ്ക്യന്‍ ജനതക്കുള്ള സഹായങ്ങളെത്തിക്കുന്നതിന് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. തണുപ്പുകാലത്ത്് അഭയാര്‍ഥികള്‍ക്കുള്ള വസ്ത്രം എത്തിക്കാനുള്ള ശ്രമങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ജമ്മു, യു.പി, ഹരിയാന തുടങ്ങിയ പ്രദേശങ്ങളില്‍ മുസ്്‌ലിംലീഗിന്റെ വളണ്ടിയര്‍മാര്‍ സേവനസന്നദ്ധരായി പ്രവര്‍ത്തിക്കുന്നുണ്ട്. അഭയാര്‍ഥികള്‍ക്ക് കൂടുതല്‍ സഹാമയമെത്തിക്കുന്നതിനുള്ള ധനസമാഹരണം നടന്നുവരികയാണെന്നും ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി, സി.ടി അഹമ്മദലി, എം.ഐ തങ്ങള്‍, എം.സി മായിന്‍ഹാജി, കെ. കുട്ടിഅഹമ്മദ്കുട്ടി, ടിപിഎം സാഹിര്‍, ടി.എം സലീം, എം.കെ മുനീര്‍ എം.എല്‍.എ, കെ.വി മുഹമ്മദ്കുഞ്ഞി, അഡ്വ. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ, വി.കെ ഇബ്രാഹിംകുഞ്ഞ് എം.എല്‍.എ, കെ.എം ഷാജി എം.എല്‍.എ, കെ.എസ് ഹംസ, സി മോയിന്‍കുട്ടി, സി.പി ബാവഹാജി, അഡ്വ. യു.എ ലത്തീഫ് പങ്കെടുത്തു.

chandrika: