X
    Categories: Views

അനുപമം

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച സംസ്ഥാന വിജിലന്‍സിന്റെ ഡയരക്ടര്‍ ജേക്കബ് തോമസിന് പുസ്തകമെഴുത്താണ് ഇപ്പോഴത്തെ പണി. ജനകീയ കലക്ടറെന്ന് പേരെടുത്ത എന്‍. പ്രശാന്ത് അവധിയെടുത്ത് കുത്തിയിരിക്കുകയാണ്. ഭൂമി കയ്യേറ്റത്തിനെതിരെ മൂന്നാറിലേക്ക് പോയ രാജു നാരായണ സ്വാമി എവിടെയാണോ ആവോ. എം.എം മണി മന്ത്രിയുടെ അപ്രീതിക്ക് പാത്രമായ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെ തെറിപ്പിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഭൂമാഫിയയെ തൊട്ട അദിലക്ക് പണി കിട്ടി. അഴിമതിയെ ‘വെച്ചു പൊറുപ്പിക്കാത്ത’ പിണറായി സര്‍ക്കാര്‍ ഈ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ‘മുന്തിയ’ പരിഗണനയാണ് നല്‍കിയത്. മുഖ്യമന്ത്രിക്ക് ഏറെ പ്രിയപ്പെട്ട തോമസ് ചാണ്ടിയെ കാട്ടിലയച്ച ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയെ കാത്തിരിക്കുന്നത് ഏത് തസ്തികയാണെന്നേ അറിയാനുള്ളൂ.

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത മാറഞ്ചേരിക്കാരിയായ ടി.വി അനുപമ വാര്‍ത്തകളില്‍ സ്ഥാനം നേടിയത് നാലാം റാങ്കോടെ ഐ.എ.എസ് നേടിയപ്പോഴാണ്. പത്താംതരം പരീക്ഷയില്‍ പതിമൂന്നും ഹയര്‍ സെക്കണ്ടറിക്ക് മൂന്നും റാങ്ക് നേടിയ അനുപമ 92 ശതമാനം മാര്‍ക്കോടെ ഗോവ പിലാനി ബിറ്റ്‌സില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടി. റാങ്ക് തിളക്കത്തിന്റെ ആരവം പിന്നെ കേട്ടത് ഭക്ഷ്യ സുരക്ഷാ കമ്മീഷണറായതോടെ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദവിയുടെ ഗൗരവം ജനത്തിന് ബോധ്യപ്പെടുത്തിയ ടി.എന്‍ ശേഷനായി പൊലീസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പറയേരിക്കല്‍ ബാലസുബ്രഹ്മണ്യന്റെ മകള്‍ അനുപമ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പദവിയില്‍.

പച്ചക്കറിക്കും മറ്റു ഭക്ഷ്യ വിഭവങ്ങള്‍ക്കുമായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളി വിഷമയമായത് ആഹരിച്ച ശേഷം മരുന്നിന് കീഴ്‌പെടുകയായിരുന്നു. കമ്പോളങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന നടത്തി സംശയം തോന്നിയതെല്ലാം വിദഗ്ധ പരിശോധനക്ക് അയച്ചു. നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയവയെല്ലാം തിരിച്ചയച്ചു. മേലില്‍ പച്ചക്കറി കേരളത്തിലേക്കയക്കില്ലെന്ന് തമിഴ്‌നാട്ടെ കച്ചവടക്കാര്‍ തീരുമാനിക്കുന്നതില്‍ വരെയെത്തി. ഇതൊരവസരമാക്കി പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ മലയാളികളെ പ്രേരിപ്പിക്കാനായി അനുപമയുടെ ശ്രമം. അതു വിജയം കാണാതിരുന്നില്ല. 75 ശതമാനം വരെ സ്വന്തം പച്ചക്കറി ഉപയോഗിക്കാന്‍ കേരളത്തിന് കഴിയുന്നിടത്തെത്തി. ഏറെ പ്രസിദ്ധമായ നിറപറ എന്ന ബ്രാന്റിന്റെ മുളക് പൊടി നിരോധിക്കാനും മായം ചേര്‍ത്ത കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനും മുതിര്‍ന്ന കമ്മീഷണറെ മാറ്റാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറില്‍ സമ്മര്‍ദം. പ്രശസ്ത നടി കാവ്യാമാധവനായിരുന്നു നിറപറയുടെ ബ്രാന്റ് അമ്പാസഡര്‍. മറ്റൊരു അമ്പാസഡറും കോണ്‍ഗ്രസ് നേതാവുമായ നടി ഖുശ്ബുവും സമ്മര്‍ദിച്ചു.

നിറപറ നടപടിയോടെ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ജനപിന്തുണ ആര്‍ജിച്ച അനുപമയെ തൊടാന്‍ സര്‍ക്കാര്‍ മടിച്ചു. മുതലാളി നിറ സ്വാധീനമുണ്ടായിട്ടും അനുപമ സുരക്ഷിതയായിനിന്നെങ്കിലും പ്രസവാവധിയില്‍ പ്രവേശിച്ചതോടെ മറ്റൊരാളെ നിയമിക്കുകയായിരുന്നു. 2014ല്‍ തിരുവനന്തപുരത്ത് സബ് കലക്ടറായി വന്നപ്പോള്‍ തന്നെ നോക്കുകൂലിയുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളി നേതാവിന്റെ പേരില്‍ കേസെടുക്കുകയും ജയിലിലടക്കുകയും ചെയ്ത അനുപമ വീര്യം പ്രകടിപ്പിച്ചതാണ്. കാസര്‍ക്കോട്ടും തലശ്ശേരിയിലും കോഴിക്കോട്ടും സബ് കലക്ടറായ അനുപമക്ക് ആലപ്പുഴയുടെ നാല്‍പത്തിയെട്ടാം ജില്ലാ കലക്ടറായി നിയമനം നല്‍കുമ്പോഴേ തോമസ്ചാണ്ടിയുടെ ഭൂമി കൈയേറ്റക്കേസ് ആരംഭിച്ചിരുന്നു. തൊട്ടുമുമ്പുള്ള ജില്ലാ കലക്ടര്‍ ഇതു സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട് മുന്നിലുണ്ടായിരിക്കെ അനുപമ മുഴുവന്‍ രേഖകളും നേരിട്ട് പരിശോധിച്ചു. പ്രാഥമിക റിപ്പോര്‍ട്ടിലും അന്തിമ റിപ്പോര്‍ട്ടിലും നിയമലംഘനം അക്കമിട്ട് നിരത്തിയിരുന്നു. മുന്‍ റിപ്പോര്‍ട്ടിലെ പോരായ്മകള്‍കൂടി വിശദമാക്കുന്ന റിപ്പോര്‍ട്ട് പഴുതടച്ചതായതാണ് തോമസ്ചാണ്ടിക്ക് ഹൈക്കോടതിയില്‍ രക്ഷപ്പെടാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കിയത്. മന്ത്രി കൂടിയായ തോമസ് ചാണ്ടിക്കെതിരെ പിഴയും തടവും വിധിക്കാവുന്ന വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ശിപാര്‍ശ ചെയ്യുകകൂടി ചെയ്താണ് ഔദ്യോഗിക ജീവിതത്തെ അനുപമമാക്കിയത്.

ജില്ലാ കലക്ടറെന്ന നിലയിലും അനുപമയുടെ സേവനം വേറിട്ടതാണ്. രണ്ടു വര്‍ഷം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് വെള്ളപ്പൊക്ക സ്ഥലത്തും മറ്റും കലക്ടറെത്തുന്നത്. വേമ്പനാട് കായലിലെ ആര്‍ ബ്ലോക്ക് വെള്ളത്തില്‍ മുങ്ങി 30 കുടുംബങ്ങള്‍ പ്രയാസത്തിലാണെന്ന വിവരം കിട്ടിയ അനുപമ കുട്ടിയെയും കൊണ്ടാണ് സ്ഥലത്തെത്തിയത്. ഉടനെ പരിഹാരം കാണുകയും ചെയ്തു. മറ്റു കലക്ടര്‍മാര്‍ മാധ്യമ ശ്രദ്ധ നേടാന്‍ പാടുപെടുമ്പോള്‍ അനുപമ ഇവിടെയും ഉപമയില്ലാത്തയാളാകുന്നു. കീഴുദ്യോഗസ്ഥര്‍ അച്ഛനെ സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോള്‍ കുട്ടിയായ അനുപമ പറഞ്ഞിരുന്നു, വലുതായാല്‍ എന്നെയും അച്ഛന്‍ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. പക്ഷെ മകള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗത്തിലേക്ക് പ്രവേശിക്കുന്നത് കാണാന്‍ അച്ഛന് ഭാഗ്യമുണ്ടായില്ല. സിവില്‍ സര്‍വീസ് എന്നത് അനുപമയുടെ എന്നത്തെയും സ്വപ്‌നമായിരുന്നു. എഞ്ചിനീയറിങിന് പഠിക്കുമ്പോഴും ഐ.എ.എസ് സ്വപ്‌നം കണ്ടു. ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റപ്പോള്‍ അനുപമ പറഞ്ഞിരുന്നു, ഇനിയാണ് വെല്ലുവിളിയെന്ന്.

chandrika: