Connect with us

Views

അനുപമം

Published

on

അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച സംസ്ഥാന വിജിലന്‍സിന്റെ ഡയരക്ടര്‍ ജേക്കബ് തോമസിന് പുസ്തകമെഴുത്താണ് ഇപ്പോഴത്തെ പണി. ജനകീയ കലക്ടറെന്ന് പേരെടുത്ത എന്‍. പ്രശാന്ത് അവധിയെടുത്ത് കുത്തിയിരിക്കുകയാണ്. ഭൂമി കയ്യേറ്റത്തിനെതിരെ മൂന്നാറിലേക്ക് പോയ രാജു നാരായണ സ്വാമി എവിടെയാണോ ആവോ. എം.എം മണി മന്ത്രിയുടെ അപ്രീതിക്ക് പാത്രമായ ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ട രാമനെ തെറിപ്പിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഭൂമാഫിയയെ തൊട്ട അദിലക്ക് പണി കിട്ടി. അഴിമതിയെ ‘വെച്ചു പൊറുപ്പിക്കാത്ത’ പിണറായി സര്‍ക്കാര്‍ ഈ ഐ.എ.എസ്. ഉദ്യോഗസ്ഥര്‍ക്ക് ‘മുന്തിയ’ പരിഗണനയാണ് നല്‍കിയത്. മുഖ്യമന്ത്രിക്ക് ഏറെ പ്രിയപ്പെട്ട തോമസ് ചാണ്ടിയെ കാട്ടിലയച്ച ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമയെ കാത്തിരിക്കുന്നത് ഏത് തസ്തികയാണെന്നേ അറിയാനുള്ളൂ.

മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത മാറഞ്ചേരിക്കാരിയായ ടി.വി അനുപമ വാര്‍ത്തകളില്‍ സ്ഥാനം നേടിയത് നാലാം റാങ്കോടെ ഐ.എ.എസ് നേടിയപ്പോഴാണ്. പത്താംതരം പരീക്ഷയില്‍ പതിമൂന്നും ഹയര്‍ സെക്കണ്ടറിക്ക് മൂന്നും റാങ്ക് നേടിയ അനുപമ 92 ശതമാനം മാര്‍ക്കോടെ ഗോവ പിലാനി ബിറ്റ്‌സില്‍ നിന്ന് എഞ്ചിനീയറിങ് ബിരുദം നേടി. റാങ്ക് തിളക്കത്തിന്റെ ആരവം പിന്നെ കേട്ടത് ഭക്ഷ്യ സുരക്ഷാ കമ്മീഷണറായതോടെ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദവിയുടെ ഗൗരവം ജനത്തിന് ബോധ്യപ്പെടുത്തിയ ടി.എന്‍ ശേഷനായി പൊലീസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന പറയേരിക്കല്‍ ബാലസുബ്രഹ്മണ്യന്റെ മകള്‍ അനുപമ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ പദവിയില്‍.

പച്ചക്കറിക്കും മറ്റു ഭക്ഷ്യ വിഭവങ്ങള്‍ക്കുമായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളി വിഷമയമായത് ആഹരിച്ച ശേഷം മരുന്നിന് കീഴ്‌പെടുകയായിരുന്നു. കമ്പോളങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന നടത്തി സംശയം തോന്നിയതെല്ലാം വിദഗ്ധ പരിശോധനക്ക് അയച്ചു. നിരോധിച്ച കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയവയെല്ലാം തിരിച്ചയച്ചു. മേലില്‍ പച്ചക്കറി കേരളത്തിലേക്കയക്കില്ലെന്ന് തമിഴ്‌നാട്ടെ കച്ചവടക്കാര്‍ തീരുമാനിക്കുന്നതില്‍ വരെയെത്തി. ഇതൊരവസരമാക്കി പച്ചക്കറിയില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ മലയാളികളെ പ്രേരിപ്പിക്കാനായി അനുപമയുടെ ശ്രമം. അതു വിജയം കാണാതിരുന്നില്ല. 75 ശതമാനം വരെ സ്വന്തം പച്ചക്കറി ഉപയോഗിക്കാന്‍ കേരളത്തിന് കഴിയുന്നിടത്തെത്തി. ഏറെ പ്രസിദ്ധമായ നിറപറ എന്ന ബ്രാന്റിന്റെ മുളക് പൊടി നിരോധിക്കാനും മായം ചേര്‍ത്ത കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കാനും മുതിര്‍ന്ന കമ്മീഷണറെ മാറ്റാന്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാറില്‍ സമ്മര്‍ദം. പ്രശസ്ത നടി കാവ്യാമാധവനായിരുന്നു നിറപറയുടെ ബ്രാന്റ് അമ്പാസഡര്‍. മറ്റൊരു അമ്പാസഡറും കോണ്‍ഗ്രസ് നേതാവുമായ നടി ഖുശ്ബുവും സമ്മര്‍ദിച്ചു.

നിറപറ നടപടിയോടെ സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ജനപിന്തുണ ആര്‍ജിച്ച അനുപമയെ തൊടാന്‍ സര്‍ക്കാര്‍ മടിച്ചു. മുതലാളി നിറ സ്വാധീനമുണ്ടായിട്ടും അനുപമ സുരക്ഷിതയായിനിന്നെങ്കിലും പ്രസവാവധിയില്‍ പ്രവേശിച്ചതോടെ മറ്റൊരാളെ നിയമിക്കുകയായിരുന്നു. 2014ല്‍ തിരുവനന്തപുരത്ത് സബ് കലക്ടറായി വന്നപ്പോള്‍ തന്നെ നോക്കുകൂലിയുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളി നേതാവിന്റെ പേരില്‍ കേസെടുക്കുകയും ജയിലിലടക്കുകയും ചെയ്ത അനുപമ വീര്യം പ്രകടിപ്പിച്ചതാണ്. കാസര്‍ക്കോട്ടും തലശ്ശേരിയിലും കോഴിക്കോട്ടും സബ് കലക്ടറായ അനുപമക്ക് ആലപ്പുഴയുടെ നാല്‍പത്തിയെട്ടാം ജില്ലാ കലക്ടറായി നിയമനം നല്‍കുമ്പോഴേ തോമസ്ചാണ്ടിയുടെ ഭൂമി കൈയേറ്റക്കേസ് ആരംഭിച്ചിരുന്നു. തൊട്ടുമുമ്പുള്ള ജില്ലാ കലക്ടര്‍ ഇതു സംബന്ധിച്ച് നല്‍കിയ റിപ്പോര്‍ട്ട് മുന്നിലുണ്ടായിരിക്കെ അനുപമ മുഴുവന്‍ രേഖകളും നേരിട്ട് പരിശോധിച്ചു. പ്രാഥമിക റിപ്പോര്‍ട്ടിലും അന്തിമ റിപ്പോര്‍ട്ടിലും നിയമലംഘനം അക്കമിട്ട് നിരത്തിയിരുന്നു. മുന്‍ റിപ്പോര്‍ട്ടിലെ പോരായ്മകള്‍കൂടി വിശദമാക്കുന്ന റിപ്പോര്‍ട്ട് പഴുതടച്ചതായതാണ് തോമസ്ചാണ്ടിക്ക് ഹൈക്കോടതിയില്‍ രക്ഷപ്പെടാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കിയത്. മന്ത്രി കൂടിയായ തോമസ് ചാണ്ടിക്കെതിരെ പിഴയും തടവും വിധിക്കാവുന്ന വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ശിപാര്‍ശ ചെയ്യുകകൂടി ചെയ്താണ് ഔദ്യോഗിക ജീവിതത്തെ അനുപമമാക്കിയത്.

ജില്ലാ കലക്ടറെന്ന നിലയിലും അനുപമയുടെ സേവനം വേറിട്ടതാണ്. രണ്ടു വര്‍ഷം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ടാണ് വെള്ളപ്പൊക്ക സ്ഥലത്തും മറ്റും കലക്ടറെത്തുന്നത്. വേമ്പനാട് കായലിലെ ആര്‍ ബ്ലോക്ക് വെള്ളത്തില്‍ മുങ്ങി 30 കുടുംബങ്ങള്‍ പ്രയാസത്തിലാണെന്ന വിവരം കിട്ടിയ അനുപമ കുട്ടിയെയും കൊണ്ടാണ് സ്ഥലത്തെത്തിയത്. ഉടനെ പരിഹാരം കാണുകയും ചെയ്തു. മറ്റു കലക്ടര്‍മാര്‍ മാധ്യമ ശ്രദ്ധ നേടാന്‍ പാടുപെടുമ്പോള്‍ അനുപമ ഇവിടെയും ഉപമയില്ലാത്തയാളാകുന്നു. കീഴുദ്യോഗസ്ഥര്‍ അച്ഛനെ സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോള്‍ കുട്ടിയായ അനുപമ പറഞ്ഞിരുന്നു, വലുതായാല്‍ എന്നെയും അച്ഛന്‍ സല്യൂട്ട് ചെയ്യേണ്ടിവരുമെന്ന്. പക്ഷെ മകള്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗത്തിലേക്ക് പ്രവേശിക്കുന്നത് കാണാന്‍ അച്ഛന് ഭാഗ്യമുണ്ടായില്ല. സിവില്‍ സര്‍വീസ് എന്നത് അനുപമയുടെ എന്നത്തെയും സ്വപ്‌നമായിരുന്നു. എഞ്ചിനീയറിങിന് പഠിക്കുമ്പോഴും ഐ.എ.എസ് സ്വപ്‌നം കണ്ടു. ആലപ്പുഴ ജില്ലാ കലക്ടറായി ചുമതലയേറ്റപ്പോള്‍ അനുപമ പറഞ്ഞിരുന്നു, ഇനിയാണ് വെല്ലുവിളിയെന്ന്.

kerala

സംസ്ഥാനത്ത് ചൂട് കൂടും; പത്തു ജില്ലകളിൽ യെല്ലോ അലർട്ട്

Published

on

സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധന്‍ മുതല്‍ ശനി വരെ ദിവസങ്ങളില്‍ തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2-4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയുണ്ട്.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 26 മുതല്‍ 30 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥക്ക് സാധ്യതയുണ്ട്.

 

Continue Reading

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

kerala

കടലിനും പൊള്ളുന്നു: മീൻ കിട്ടാതെ മത്സ്യത്തൊഴിലാളികൾ

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

Published

on

ചൂട് കൂടിയതോടെ കടലിൽ മത്സ്യലഭ്യത ഗണ്യമായി കുറഞ്ഞത് മത്സ്യ ത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നു. വല നിറയെ മീനുമായി മടങ്ങാമെന്ന പ്രതീക്ഷയിൽ മത്സ്യബന്ധന ബോട്ടുകളുമായി കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് കഴിഞ്ഞ രണ്ട് മാസമായി വറുതിയുടെ കാലമാണ്.

കടലിൽ ചൂട് കൂടുന്നതിനാൽ മീനുകൾ മുകൾത്തട്ടിലേക്ക് വരുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ചൂട് കൂടിയതനുസരിച്ച് കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ പുഴയിലും മത്സ്യലഭ്യത കുറഞ്ഞു.

മത്സ്യലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് മീനുകളെത്തിക്കുന്നത്. പൊന്നാനി, താനൂർ ഭാഗങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്നവർക്ക് അയല, മത്തി, മാന്തൾ, ചെറിയ ചെമ്മീൻ എന്നിവയാണ് കുറച്ച് ദിവസങ്ങളായി ലഭിക്കുന്നത്.

30 കിലോ അയലയ്ക്ക് 4,500രൂപ, മത്തി 4,000, ചെറിയ ചെമ്മീൻ 2,400, മാന്തൾ, 6,000 എന്നിങ്ങനെയാണ് മൊത്തവില. നെയ്‌മീൻ, കരിമീൻ, അയക്കൂറ, ചൂര എന്നിവ വിരളമായേ ലഭിക്കുന്നുള്ളൂ. റംസാൻ മാസമായതോടെ മീൻ വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.

നാല് ദിവസം കടലിൽ പോകുന്നതിനായി ഒരു വലിയ ബോട്ടിന് 2,000 ലിറ്റർ ഡീസലാണ് ആവശ്യം. തൊഴിലാളികൾക്ക് കൂലിയും നൽകണം. ഇത്രയും തുക മുടക്കി കടലിൽ പോകുമ്പോൾ മതിയായ മത്സ്യം ലഭിക്കാത്തത് കനത്ത നഷ്ടമാണ് മത്സ്യത്തൊഴിലാളികൾക്ക് വരുത്തുന്നത്.പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കാറില്ല.

പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. ബോട്ടുകളിൽ വലിയൊരു വിഭാഗവും അന്യ സംസ്ഥാന തൊഴിലാളികളാണ്. മത്സ്യലഭ്യതക്കുറവ് മൂലം പലരും നാട്ടിൽപോയി. നിലവിൽ 220 മത്സ്യബന്ധന ബോട്ടുകളാണ് പൊന്നാനി മേഖലയിലുള്ളത്.

Continue Reading

Trending