X

വാഹന ഉടമകള്‍ കറവപ്പശുവല്ല


പ്രഥമ പാര്‍ലമെന്റ് സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത മോട്ടോര്‍ വാഹന നിയമഭേദഗതി രാജ്യത്താകെ വലിയ ഒച്ചപ്പാടുകള്‍ക്ക് വിഷയീഭവിച്ചിരിക്കുകയാണിപ്പോള്‍. പിഴ എന്ന പേരില്‍ വാഹന ഉടമകളുടെയും വാഹനമോടിക്കുന്നവരുടെയുംമേല്‍ വന്‍ ഭാരമാണ് അടിച്ചേല്‍പിക്കപ്പെട്ടിരിക്കുന്നത്. പത്തിരട്ടി വരെ പിഴ ഈടാക്കുന്ന ട്രാഫിക് നിയമ ലംഘനങ്ങള്‍ ഭയന്ന് തങ്ങളുടെ ജീവനോപാധിയായ വാഹനങ്ങളുമായി പൊതുനിരത്തിലിറങ്ങാന്‍ തന്നെ പൊതുജനം മടിക്കുന്ന അവസ്ഥ സംജാതമായിരിക്കുന്നു. നിയമഭേദതിക്കെതിരെ വ്യാപകമായ പരാതിയാണ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം ഉയര്‍ന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയ നിയമം നടപ്പാക്കുന്നതിന് പല സംസ്ഥാനങ്ങളും വൈമുഖ്യം കാട്ടുകയാണ്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുള്ളതിനാല്‍ ഇതുപയോഗിച്ച് പ്രതിപക്ഷവും ബി.ജെ.പിയും ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളും നിയമം തല്‍ക്കാലത്തേക്ക് നടപ്പാക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ്. മഹാരാഷ്ട്ര, ഉത്തര്‍ഖണ്ഡ് പോലുള്ള സംസ്ഥാനങ്ങള്‍ പിഴത്തുക പകുതിയായി കുറച്ചാണ് വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തില്‍ ഹെല്‍മെറ്റില്ലാത്ത യാത്രക്കാരനില്‍നിന്ന് ഈടാക്കുന്ന 1000 രൂപ 500 രൂപയായി കുറച്ചിട്ടുണ്ട്. തമിഴ്‌നാട് ഇനിയും നിയമം നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരിന് ഇക്കാര്യത്തിലുണ്ടായ തിടുക്കം അല്‍ഭുതപ്പെടുത്തുന്നതാണ്.
2019 സെപ്തംബര്‍ ഒന്നു മുതലാണ് പുതിയ പിഴ ഈടാക്കിത്തുടങ്ങിയത്. ഇതനുസരിച്ച് മറ്റ് സംസ്ഥാനങ്ങളുടെ മാതൃകപോലും പിന്‍പറ്റാതെ കേട്ടപാതി കേള്‍ക്കാത്തപാതി പിഴത്തുക ഈടാക്കിത്തുടങ്ങുകയാണ് കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാര്‍ ചെയ്തത്. സെപ്തംബര്‍ മുതല്‍ സംസ്ഥാനത്താകെ വാഹനയാത്രക്കാരെയും ഉടമകളെയും ഭീഷണിപ്പെടുത്തിക്കൊണ്ട് വന്‍തുക ഖജനാവിലേക്ക് മുതല്‍കൂട്ടാനൊരുങ്ങിപ്പുറപ്പെട്ടു. മോട്ടോര്‍ വാഹന വകുപ്പിനേക്കാള്‍ മുഖ്യമന്ത്രിക്കുകീഴിലെ പൊലീസിനായിരുന്നു ഇക്കാര്യത്തില്‍ അമിതാവേശം. തൊട്ടടുത്ത ദിനങ്ങളില്‍ ഓണം വരുന്നുവെന്ന് അറിഞ്ഞിട്ടുപോലും പിഴത്തുക കൂട്ടിവാങ്ങുന്നതിന് ഉദ്യോഗസ്ഥരെ കര്‍ശനമായി ചട്ടംകെട്ടി. കേരളത്തിനുപുറമെ ബീഹാര്‍, ഒറീസ പോലുള്ള സംസ്ഥാനങ്ങളിലാണ് വാഹന ഉടമകള്‍ക്കെതിരായ വൈരനിര്യാതനാപൂര്‍ണമായ നീക്കങ്ങളുണ്ടായത്. 25000 രൂപ വില വരുന്ന ഓട്ടേറിക്ഷക്ക് പലവിധ ട്രാഫിക് ലംഘനങ്ങള്‍ ചുമത്തി 45000 രൂപവരെ പിഴ ഈടാക്കിയ സംഭവം വരെയുണ്ടായി. പലരും വാഹനം വഴിയിലുപേക്ഷിച്ചും കത്തിച്ചുമാണ് അരിശം പരസ്യമായിപ്രകടിപ്പിച്ചത്. പലരും പിഴ തല്‍സമയം ഒടുക്കാന്‍ കൂട്ടാക്കാതെ കേസുമായി മുന്നോട്ടുപോകാന്‍ ആവശ്യപ്പെട്ടു. ഇതൊക്കെ ഓണക്കാലത്തുണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയായിരുന്നില്ല. ജനരോഷം ഭയന്ന് പൊടുന്നനെ നിയമം നടപ്പാക്കാന്‍ പിണറായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സാവകാശം നല്‍കിയത് അതുകൊണ്ടായിരിക്കണം. കേന്ദ്ര സര്‍ക്കാര്‍ ചെയ്ത കുറ്റത്തിന ്തങ്ങളെ പഴിക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. എന്നാല്‍ എന്തിനാണ് മറ്റു സംസ്ഥാനങ്ങള്‍ക്കുമുമ്പേ പുതിയ പിഴയീടാക്കാന്‍ സര്‍ക്കാര്‍ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചത് എന്നതിന് ഇനിയും മതിയായ ഉത്തരം ലഭിച്ചിട്ടില്ല. ശബരിമലയുടെ കാര്യത്തിലെപോലുള്ള ഇരട്ടത്താപ്പാണ് പിണറായി സര്‍ക്കാര്‍ ഇക്കാര്യത്തിലും സ്വീകരിച്ചത്.വേണമെങ്കില്‍ ഇഷ്ടംപോലെ പിഴകുറക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കുണ്ടെന്നാണ് നിയമോപദേശമത്രെ. പിഴത്തുക കുറക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി എ.കെശശീന്ദ്രന്‍ സംസ്ഥാനത്തെ എം.പിമാരോടും ആവശ്യപ്പെട്ടു. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ഗഡ്കരിക്കും മന്ത്രി കത്തയച്ചിട്ടുണ്ട്. ഇതിനായി പക്ഷേ മുഖ്യമന്ത്രിയെ കാണാന്‍ ഗതാഗത മന്ത്രിക്ക് ഇനിയും സമയം കിട്ടിയിട്ടില്ലത്രെ. വൈകിയുദിച്ച ബുദ്ധിയെന്നോ, ജനവികാരം ഭയന്നുള്ള അടവാണെന്നോ എങ്ങനെയാണിതിനെ വിശേഷിപ്പിക്കേണ്ടത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തിന് പിഴത്തുകകൊണ്ട് ചെറുതായെങ്കിലും അതിനെ മറികടക്കാനാകുമെന്ന ചിന്തയായിരിക്കാം ജനങ്ങളുടെമേല്‍ അധികഭാരം അടിച്ചേല്‍പിച്ചതെന്ന വാദത്തില്‍ കഴമ്പില്ലാതില്ല.
ആഗസ്ത് 28ന് കേന്ദ്ര ഗതാഗതമന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പത്തിരട്ടിവരെയാണ് പിഴയിലെ വര്‍ധന. ഇതുവരെ പിഴ ഈടാക്കാതിരുന്നതിന് 100 രൂപ മുതല്‍ 500 രൂപവരെയും 300 രൂപയുടേതിന് 1500 രൂപയായുമാണ് ഉയര്‍ത്തിയത്. അനധികൃത വാഹനം ഓടിച്ചാല്‍ പിഴ പതിനായിരം രൂപവരെയാണ്. മദ്യപിച്ച് വണ്ടിയോടിച്ചാല്‍ പതിനായിരം രൂപ പിഴയോ ആറുമാസം തടവോ. കുറ്റംആവര്‍ത്തിച്ചാല്‍ ഇത് 15000 രൂപയാകും. ഇന്‍ഷൂറന്‍സ് ഇല്ലെങ്കില്‍ 2000 രൂപ പിഴയോ മൂന്നു മാസം തടവോആണ്. ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ പിഴ 5000 രൂപ. അശ്രദ്ധമായും അമിതവേഗതയിലും ഓടിച്ചാല്‍ ആദ്യഘട്ടത്തില്‍ ആയിരവും രണ്ടാമത് പതിനായിരം രൂപയും. മറ്റൊരു ഇരുട്ടടി ലൈസന്‍സ് പുതുക്കുന്നതിനുണ്ടായിരുന്ന ഒരുവര്‍ഷത്തെ കാലാവധി അതുകഴിഞ്ഞാല്‍ പുതുതായി പരീക്ഷ പാസാകണമെന്നതാണ്. പ്രവാസികളാണ ്ഇതിന്റെ ദുര്യോഗം അധികം ഏറ്റുവാങ്ങേണ്ടിവരിക.
രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണെന്നാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ ്ബാങ്കുമൊക്കെ സമ്മതിച്ചിരിക്കുന്നത്. അതിന് പരിഹാരമായി ജനങ്ങളിലേക്ക് പണമെത്തിക്കുന്നതിനും ചോദനം വര്‍ധിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചാലോചിക്കുകയാണ് സര്‍ക്കാര്‍. അപ്പോള്‍ തന്നെയാണ് അതേ സര്‍ക്കാര്‍ ജനങ്ങളുടെ തലയില്‍ ഇടിത്തീയായി പുതിയ മോട്ടോര്‍ നിയമം കൊണ്ടുവന്നിട്ടിരിക്കുന്നത്. ജനങ്ങളുടെ പ്രയാസങ്ങള്‍ ലഘൂകരിക്കുന്ന ഭരണകൂടമാണ് യഥാര്‍ത്ഥ ഭരണകൂടമെന്നാണ് ജനാധിപത്യ സങ്കല്‍പം. എന്നാല്‍ അവരെ എങ്ങനെയെല്ലാം ദ്രോഹിച്ച് ഖജനാവിലേക്ക് പണം സ്വരുക്കൂട്ടുമെന്ന ഗവേഷണത്തിലാണ് അധികാരികളിപ്പോള്‍. പാവപ്പെട്ടവനും സാധാരണക്കാരനും കയ്യിലുള്ള പഴയ വാഹനം വന്‍വില ഇന്ധനത്തിന് നല്‍കിയും ഇന്‍ഷൂറന്‍സ്് അടച്ചും ഉന്തിത്തള്ളിയാണ് കുടുംബത്തിനുള്ള അന്നമുണ്ടാക്കുന്നത്. ഈ പണം കൊണ്ട് തടിച്ചുകൊഴുക്കുന്നത് പക്ഷേ രാജ്യത്തെ കുത്തകകളാണ് എന്നതാണ് അതിലും സങ്കടകരം. ചെറുകിട കച്ചവടക്കാരെയും കര്‍ഷകരെയും സംബന്ധിച്ച് ചിലപ്പോഴൊക്കെ വാഹനത്തിലെ അമിതഭാരം അയാളുടെയും കുടുംബത്തിന്‍െയുംകൂടി ഭാരമാണ്. അതാണ് ഈനാടിന്റെ സമ്പത്തുമെന്ന് മറക്കരുത്. കറവപ്പശുവായിക്കണ്ട് അസംഘടിത മേഖലയെ തമസ്‌കരിച്ചതാണ് ഇന്ന് ഇന്ത്യ നേരിടുന്ന പ്രതിസന്ധിക്ക് മുഖ്യഹേതു. അതിന് കൂടുതല്‍ ആക്കം കൂട്ടുന്നതാണ് പുതിയ മോട്ടോര്‍ നിയമവും ജനങ്ങളുടെ മേക്കിട്ടുകയറ്റവും.

web desk 1: