X

ചില്ലുമേടയിലിരുന്ന് വേണോ കല്ലേറ്-എഡിറ്റോറിയല്‍

ഉയരങ്ങള്‍ തേടുന്നതും നേടുന്നതും നല്ലകാര്യമാണ്. പക്ഷേ ഉയരത്തിന്റെ തോതനുസരിച്ച് വീഴ്ചയുടെ ആഘാതവും ഏറുമെന്നത് പ്രകൃതി-ശാസ്ത്ര നിയമമാണ്. തുടര്‍ഭരണത്തിന്റെ അധികാര പ്രമത്തത തലയ്ക്ക് പിടിച്ചതുകൊണ്ടാകാം ഈ നിയമം പിണറായി സര്‍ക്കാരിനിപ്പോള്‍ ബാധകമല്ലെന്നാണ് അതിലെ ആളുകളുടെയും മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെയും വേതാളവൃത്തികള്‍ കണ്ടാല്‍ തോന്നുക. ഭരണകൂടം മര്‍ദനോപാധിയാണെന്നും ജനങ്ങളുടെ പ്രക്ഷോഭത്തിനൊടുവില്‍ സ്റ്റേറ്റ് അഥവാ ഭരണകൂടം സ്വയം കൊഴിഞ്ഞുപോകുമെന്നും പ്രവചിച്ച കാറല്‍മാര്‍ക്‌സിന്റെ അനുയായികള്‍ക്ക് സ്ഥലജല വിഭ്രാന്തി ബാധിച്ചിരിക്കുകയാണിപ്പോള്‍. ലാളിത്യ പ്രത്യയശാസ്ത്രവും തൊഴിലാളി വര്‍ഗ സ്‌നേഹവും എന്നോ അട്ടത്തുവെച്ച് നാലു കാശുണ്ടാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്ന സി.പി.എമ്മുകാര്‍ ജനാധിപത്യത്തിലെ പ്രാഥമിക മര്യാദകള്‍പോലും മറക്കുന്ന കാഴ്ചയാണിപ്പോള്‍ സംസ്ഥാനത്ത് കാണാനാകുന്നത്. ഒന്നാംപിണറായി സര്‍ക്കാര്‍ കാലത്ത് വ്യവസായ-ഐ.ടി വകുപ്പില്‍ നിയമിക്കപ്പെട്ട കരാര്‍ ജീവനക്കാരി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെ നടത്തിയ സ്വര്‍ണ-ഡോളര്‍ കടത്ത് സംബന്ധിച്ച വെളിപ്പെടുത്തലുകളുടെ പേരിലാണ് സര്‍ക്കാരും മുഖ്യമന്ത്രിയും സി.പി.എമ്മും നാടാകെ കലാപക്കളമാക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പ്രതിപക്ഷ സമരങ്ങള്‍ സ്വാഭാവികവും ഭരണഘടനാപരവുമായിരിക്കെ എന്തിനാണ് പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാരിങ്ങനെ ജനങ്ങളുടെമേല്‍ കുതിരകയറുന്നതെന്നതിന് ഉത്തരമില്ല.

ജനാധിപത്യ സംവിധാനത്തിലെ സമരങ്ങളെക്കുറിച്ച് ഈവര്‍ഷം മാര്‍ച്ചിലാണ് സുപ്രീംകോടതിയുടേതായി വിധിയുണ്ടായത്. ‘അഭിപ്രായ പ്രകടന സ്വാതന്ത്ര്യം, ഒത്തുചേരാനും ധര്‍ണക്കുമുള്ള അവകാശം, സമാധാനപരമായ പ്രതിഷേധങ്ങള്‍ എന്നിവ ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനസ്വഭാവമാണ്’ എന്നതാണാ വിധി. ദേശീയ കര്‍ഷകപ്രക്ഷോഭത്തിന്റെ ഭാഗമായ ഹര്‍ജി പരിഗണിച്ചുകൊണ്ടായിരുന്നു ഈ വിധി പ്രസ്താവം. ഇതുകൊണ്ടൊന്നും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ പഠിക്കുന്നില്ലെന്നതിന് തെളിവാണ് കഴിഞ്ഞ ഏതാനും ദിവസമായി സംസ്ഥാനത്ത് നടന്നുവരുന്ന പൊലീസുകാരുടെ തിട്ടൂരം കണ്ടാല്‍ തോന്നുക. പൗരന് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് വഴിനടക്കാനോ, കോവിഡിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ കല്‍പിച്ച മാസ്‌ക് ധരിക്കാനോപോലും പറ്റാത്ത അവസ്ഥ. കറുത്ത നിറമാണെന്നതാണ് അതിനുപറഞ്ഞ കാരണം. കരിങ്കൊടിയുടെ പേരില്‍ കറുത്ത തുണിക്കഷണം കണ്ടാല്‍പോലും വിറളി പിടിക്കുന്നത് ഒരുതരം മാനസിക രോഗമാണ്. മുഖ്യമന്ത്രി പറഞ്ഞത് അങ്ങനെ ഒരുത്തരവില്ലെന്നും. ഇതിനെതിരെ പ്രതിപക്ഷ കക്ഷികളുടെയും യുവജന സംഘടനകളുടെയും പ്രതിഷേധമിരമ്പിയത് സ്വാഭാവികം. റോഡിലെ പ്രതിഷേധം ഭയന്ന് കണ്ണൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് വിമാനയാത്ര തിരഞ്ഞെടുത്ത മുഖ്യമന്ത്രി ഇറങ്ങിപ്പോയശേഷം രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘പ്രതിഷേധം, പ്രതിഷേധം’ എന്നുച്ഛരിച്ചുകൊണ്ട് മുഖ്യമന്ത്രി ഇരുന്നിരുന്ന ഇടത്തേക്ക് നടന്നതില്‍ അരിശംപൂണ്ട ഇടതുമുന്നണികണ്‍വീനര്‍ ഇ.പി ജയരാജന്‍ ചെയ്തത് നിയമം കയ്യിലെടുക്കലായിരുന്നു. യുവാക്കളെ പിടിച്ചു തള്ളിയിട്ടശേഷം പുറത്തിറങ്ങി അവര്‍ മദ്യപിച്ചിരുന്നുവെന്ന് ആക്ഷേപിക്കുകയാണ് ഉത്തരവാദപ്പെട്ടൊരു ഭരണകക്ഷി നേതാവ് ചെയ്തത്. ‘കറുത്ത മാസ്‌ക് ധരിക്കണമെന്നെന്താണിത്ര നിര്‍ബന്ധം’ എന്നു ചോദിച്ച പുള്ളിയാണിത്! മുഖ്യമന്ത്രിയെ ‘നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെന്ന്’ ഭീഷണിപ്പെടുത്തിയെന്ന് വ്യാജമായി എഴുതിച്ചേര്‍ത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുപ്പിച്ച് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത്. 2013ല്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ് തലയ്ക്ക് പരിക്കേല്‍പിച്ചത്രയും വരുമോ ഇത്? പ്രതിപക്ഷകക്ഷി പ്രവര്‍ത്തകരെ പോരാഞ്ഞ് ഗാന്ധി പ്രതിമ, കെ.പി.സി.സി ആസ്ഥാന മന്ദിരം, നിരവധി കോണ്‍ഗ്രസ് മന്ദിരങ്ങള്‍ എന്നിവയും ആക്രമിച്ചു.

ഇന്നലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിനകത്തേക്ക് കടക്കാനും ഇക്കൂട്ടര്‍ തയ്യാറായി. പൊലീസ് മര്‍ദനത്തില്‍ കൊല്ലം എം.പി എന്‍.കെ പ്രേമചന്ദ്രനും പരിക്കേറ്റു. സമരത്തില്‍ പങ്കെടുത്ത യുവതികള്‍ക്കെതിരെ സി.പി.എം എം.എല്‍.എ അടക്കം കേട്ടാലറയ്ക്കുന്ന ഭാഷ പ്രയോഗിച്ചു. എല്ലാം മുഖ്യമന്ത്രിക്കുനേരെയുള്ള ആരോപണത്തിനും പ്രതിഷേധത്തിനും കണക്കുതീര്‍ക്കാനാണെന്ന് വ്യക്തം. എല്ലാം മുകളില്‍നിന്നുള്ള നിര്‍ദേശ പ്രകാരമായിരുന്നുവെന്നതിന് ഡി.വൈ.എഫ്.ഐ-സി.പി.എം പ്രവര്‍ത്തകരുടെ മുദ്രാവാക്യങ്ങള്‍ സാക്ഷിയും. പൊതുമരാമത്തുമന്ത്രി പറഞ്ഞത് സമരത്തെ സര്‍ക്കാരും പാര്‍ട്ടിയും നോക്കിയിരിക്കില്ലെന്നാണ്. പാര്‍ട്ടി പ്രവര്‍ത്തകരുടെ സംസ്ഥാന വ്യാപകമായ അക്രമപ്പേക്കൂത്തുകളിലൂടെ വ്യക്തമായത് സി.പി.എം ആസൂത്രണം ചെയ്തതാണ് ഇതെല്ലാമെന്നുതന്നെയാണ്. പൗരത്വ പ്രക്ഷോഭ കാലത്ത് ബി.ജെ.പിക്കാര്‍ ഡല്‍ഹിയിലും മറ്റും നിര്‍വഹിച്ച കാടത്തമാണിത്; പൊലീസിനെ നിഷ്‌ക്രിയമാക്കലും നിരാശപ്പെടുത്തലും ജനാധിപത്യത്തിന്റെയും നിയമവ്യവസ്ഥയുടെയും നിരാസവും. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ കനത്ത പ്രഹരമാണ് ഇതിനൊക്കെ സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നതെങ്കില്‍ വരുംനാളുകളില്‍ മുഴുവന്‍ ജനങ്ങള്‍ക്കെതിരെ തിരിയാനാകും സി.പി.എം പ്ലാന്‍. തനി ഫാസിസമാണിത്. ചില്ലുമേടയിലിരുന്നുള്ള കല്ലെറിയലും കണ്ണാടി കുത്തിപ്പൊട്ടിക്കലുമാണ്. ഈ ധാര്‍ഷ്ട്യവും ഗുണ്ടാരാജും തങ്ങളെയുംകൊണ്ടേ പോകൂ എന്ന് തിരിച്ചറിയാന്‍ വിവേകമില്ലാത്തവരെക്കുറിച്ചെന്തുപറയാന്‍!

Chandrika Web: