X

ഗജപോക്കിരികള്‍ നാട് വിറപ്പിക്കുമ്പോള്‍

കേരളത്തില്‍ പല ജില്ലകളിലും കാട്ടാനകളുടെ കാടിറങ്ങല്‍ ജനജീവിതത്തിന് കനത്ത ഭീഷണിയായിരിക്കുകയാണ്. വേനല്‍കാലങ്ങളില്‍ കാട്ടാനകള്‍ ഒറ്റക്കും കൂട്ടായും കാടിറങ്ങിവരുന്നത് പതിവായിരുന്നെങ്കിലും കാലവര്‍ഷക്കാലത്താണിപ്പോള്‍ കാനന വീരന്മാരുടെ നാട്ടിലെ വിലസല്‍. വരള്‍ച്ചയും തദ്വാരായുള്ള കാട്ടിലെ തീറ്റക്കുറവുമാണ് കരിവീരന്മാരുടെ കാടിറക്കത്തിന് കാരണമെന്ന വാദത്തെ തകര്‍ക്കുകയാണ് മഴക്കാലത്തുള്ള ഗജപോക്കിരികളുടെ ഈ നാടെഴുന്നെള്ളത്ത്. ഇക്കാര്യത്തില്‍ നിസ്സഹായരും നിരാലംബരുമായി ജീവനുവേണ്ടി മുറവിളി കൂട്ടുന്ന കാട്ടിലെയും നാട്ടിലെയും ജനങ്ങളുടെ നേര്‍ക്ക് സഹായവും സംരക്ഷണവും എത്തിക്കാന്‍ പൊലീസോ വനംവകുപ്പോ പ്രത്യേകിച്ചൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്.
മൂന്നുദിവസം മുമ്പാണ്് പാലക്കാട്ട് മുണ്ടൂരിനടുത്ത് കല്ലടിക്കോടന്‍ മലയിറങ്ങിവന്ന നാല് കാട്ടാനകള്‍ ഗ്രാമീണ മേഖലയെ വിറപ്പിച്ചത്. ഇവയെ തുരത്തി കാട്ടിലേക്കയക്കാന്‍ വനംവകുപ്പിനോ പൊലീസിനോ ഇന്നലെ വരെ കഴിഞ്ഞിട്ടില്ല. മാങ്കുറുശ്ശി, പറളി, കോങ്ങാട്, കല്ലടിക്കോട് മേഖലകളിലാകെ ജനം ഭീതിയുടെ നെരിപ്പോടിലാണ് കഴിഞ്ഞ നാലുദിവസമായി കഴിയുന്നത്. ഇടുക്കി ചിന്നക്കനാല്‍ പരിസരത്തും കാട്ടാനകള്‍ നാട്ടിലിറങ്ങി ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുന്നത് ഇതേ സമയം തന്നെയാണ്. മറ്റൊരു മലയോര മേഖലയായ വയനാട്ടിലെ തിരുനെല്ലി മേഖലയില്‍ പഞ്ചായത്തിലാകെ കാട്ടാനയുടെ പരാക്രമം തുടങ്ങിയിട്ട് നാളുകളായി. ഇവിടെ രണ്ടാഴ്ച മുമ്പാണ് കാട്ടിക്കുളത്ത് ഒരാളെ ആന ചവിട്ടിക്കൊന്നത്. ആദിവാസികളാണ് ഏറെയും വയനാട്ടില്‍ കാട്ടാനകളുടെ കൊലക്കൊമ്പുകള്‍ക്ക് ഇരയാകുന്നത്. ഇടുക്കിയിലും കാട്ടാനകള്‍ മൂലമുള്ള മരണവും കൃഷി നാശവും വിവരണാതീതമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ ജനജീവിതം മരണത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ കാട്ടാനകളോട് മാധ്യമ പ്രവര്‍ത്തകരോടെന്ന പോലെ കടക്ക് പുറത്ത് എന്നു പറഞ്ഞാല്‍ മതിയാവില്ല. അതിന് ഉദ്യോഗസ്ഥരോട് തക്കതായ ആജ്ഞാശേഷി പ്രകടിപ്പിക്കുകയും അവര്‍ക്ക് ആള്‍, ആയുധ ബലം നല്‍കേണ്ടിയുമിരിക്കുന്നു. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നൂറോളം പേരാണ് സംസ്ഥാനത്ത് കാട്ടാനകളുടെ മുന്നില്‍ ബലിയാടായത്. പാലക്കാട്, ഇടുക്കി, വയനാട് എന്നിവയാണ് മരണ സംഖ്യയില്‍ മുന്നില്‍.
കാലാകാലങ്ങളില്‍ കാട്ടാന ഭീഷണി ഉണ്ടാകുമ്പോഴൊക്കെ ജനങ്ങള്‍ മുറവിളി കൂട്ടുകയും മാധ്യമങ്ങള്‍ അതേറ്റുപിടിക്കുകയും വനംവകുപ്പുകാര്‍ നിസ്സഹായരായി നോക്കിനില്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്ഥമായി ആനകള്‍ ഇറങ്ങിവരുന്ന വഴിത്താരകള്‍ അടയ്ക്കുകയും അവയ്ക്ക് ആവശ്യത്തിന് വിഹരിക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കുകയും ചെയ്യേണ്ടതുണ്ട്. വൈദ്യുതി വേലി, ആന മതില്‍, കിടങ്ങുകള്‍, പടക്കപ്രയോഗം എന്നതിലുപരി നാട്ടില്‍ ആളുകള്‍ പരീക്ഷിക്കാറുള്ള മുളകുപൊടി പ്രയോഗംവരെ പ്രയോജനപ്പെടുത്തേണ്ടതുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും ജീവനക്കാരും ജീവല്‍ഭയം മൂലം കാട്ടാനകളിറങ്ങിയ സ്ഥലത്തേക്ക് പോകാന്‍ മടിക്കുകയാണ്. പകരം വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരാണ് സ്ഥലങ്ങളില്‍ ചെല്ലുകയും ജീവന്‍ ത്യജിക്കാന്‍വരെ തയ്യാറാകുകയും ചെയ്യുന്നത്.
പതിനായിരത്തോളം കാട്ടാനകള്‍ കേരളത്തിലുണ്ടെന്നാണ് അടുത്തിടെ നടന്ന ഒരു സര്‍വേയില്‍ വ്യക്തമായിട്ടുള്ളത്. ഇവയുടെ വിഹാരത്തിന് ലക്ഷണക്കിന് ഏക്കര്‍ വനഭൂമി ആവശ്യമാണ്. വെറും വനമല്ല, ഫലഭൂയിഷ്ഠമായ കാനനം തന്നെയാണ് ഇവയ്ക്ക് ആവശ്യം. ദിനംപ്രതി 200 കിലോ ആഹാരമാണ് ഇവ അകത്താക്കുക. വെള്ളം മുപ്പത് ലിറ്റര്‍. ദിവസം നടക്കേണ്ടത് 40 കിലോമീറ്റര്‍ വരെയും. ഇതനുസരിച്ച് ആനകള്‍ക്ക് മതിയായ ആവാസവ്യവസ്ഥ നിലവിലുണ്ടോ എന്ന് നാം ആലോചിക്കണം. വനംകയ്യേറ്റം മലയാളിയെ സംബന്ധിച്ച് പതിവു സംഭവമാണ്. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥിതിയെ തൃണവല്‍ഗണിച്ച് കയ്യേറുന്ന വനമത്രയും ഇന്നല്ലെങ്കില്‍ നാളെ അവയുടെ ഇരയായിത്തീരുമെന്ന് കണക്കാക്കേണ്ടിയിരിക്കുന്നു. കാടുകളില്‍ മദ്യക്കുപ്പികളുടെ സാന്നിധ്യം കാട്ടാനകളുടെ സൈ്വര്യജീവിതത്തിനും ആരോഗ്യത്തിനും തടസ്സം സൃഷ്ടിക്കുന്നുവെന്ന പരാതികളും വരുന്നുണ്ട്. മണ്ണാര്‍ക്കാട്, മുണ്ടൂര്‍ പോലുള്ള പട്ടണങ്ങളിലേക്ക ്‌വരെ കരിവീരന്മാര്‍ എത്തിത്തുടങ്ങിയിരിക്കുന്നു. പിന്നെയല്ലേ മലയോര നിവാസികളുടെ കാര്യം. ആദിവാസികള്‍ക്ക് പേരിന് വനമേഖലയില്‍ പട്ടയം നല്‍കുമ്പോഴും നാം വന്യജീവികളെക്കുറിച്ച് ചിന്തിക്കുന്നില്ല. ആനക്കൊമ്പ് വ്യാപാരത്തിന് രാജസ്ഥാന്‍കാരനെ അടുത്തിടെയാണ് കൊച്ചിയില്‍ പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് ജെ.സി.ബി കൊണ്ട് മുറിവേറ്റ് കാട്ടാന മൂന്നാറില്‍ ചെരിഞ്ഞത്. കടുവകളുടെ വര്‍ധനയും കാട്ടാനകള്‍ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ട്.
അതേസമയം, കാട്ടാനകള്‍മൂലം വന്‍തോതില്‍ വാഴകൃഷിയാണ് വിവിധ ജില്ലകളിലായി നാശവിധേയമാക്കിയിരിക്കുന്നത്. വീടുകളിലും പലചരക്കുകടകളിലും ഇവയുടെ തേര്‍വാഴ്ചയാണ്. കര്‍ഷകര്‍ മാസങ്ങള്‍കൊണ്ട് അധ്വാനിച്ചുണ്ടാക്കിയ വിളകള്‍ ഒറ്റ രാത്രികൊണ്ട് തൃണമായിരിക്കുന്ന കാഴ്ച ഹൃദയഭേദകം തന്നെ. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിലും നാമമാത്രമാണ് ലഭിക്കുന്നതെന്നത് കര്‍ഷകരുടെ പതിവുരോദനമാണ്. തൃശൂര്‍ പീച്ചി വനഗവേഷണ സ്ഥാപനം നടത്തിയ പഠനത്തില്‍ കേരളത്തില്‍ 2010ല്‍ 6,068 ആയാണ് കാട്ടാനകളുടെ എണ്ണം കണക്കാക്കിയിട്ടുള്ളത്. ജനങ്ങള്‍ അടക്കമുള്ള ജീവജാലങ്ങളുടെ നിലനില്‍പിന് കാടുപോലെതന്നെ കാട്ടുജീവികളും അത്യന്താപേക്ഷിതമാണ്. കാടിനെ നാം വ്യക്തമായി നിര്‍വചിക്കുകയും ജണ്ടകള്‍ കെട്ടി അതിര്‍ത്തി നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതൊന്നും വന്യജീവികളെസംബന്ധിച്ച് ബാധകമാകുന്ന കാര്യമല്ല. അവക്ക് എല്ലാജീവികളെയും പോലെ നേരത്തുള്ള ഭക്ഷണമാണ് ആവശ്യം. ഇക്കാര്യത്തില്‍ ശാസ്ത്രീയമായ നടപടികളാണ് വിദേശ രാജ്യങ്ങളില്‍ കണ്ടുവരാറുള്ളത്. അവ പഠിച്ച് ശരിയായി അവലംബിക്കുകയാണ് കേരളം പോലെയുള്ള പശ്ചിമഘട്ട സംസ്ഥാനങ്ങള്‍ക്ക് ചെയ്യാനുള്ളത്. ആസാം പോലെ ആനകളേറെയുള്ള സംസ്ഥാനങ്ങളില്‍ ജനങ്ങളും ഉദ്യോഗസ്ഥരും ചേര്‍ന്നുകൊണ്ടുള്ള നിയന്ത്രണ സംവിധാനങ്ങളാണ് നടപ്പാക്കുന്നത്. ജനസാന്ദ്രതയില്‍ കേരളത്തിനുള്ള റോക്കോര്‍ഡാണ് ഇത്രയും രൂക്ഷമായി ഇവിടെ പ്രശ്‌നം ഉയര്‍ന്നുവരാനുള്ള കാരണങ്ങളിലൊന്ന്. വന്യജീവി സംരക്ഷണവും ജനങ്ങളുടെ സംരക്ഷണവും ഒരുപോലെ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തമാണ് നമുക്കുണ്ടാവേണ്ടത്. മയക്കുവെടിവെച്ച് കാട്ടാനകളെ കാട്ടിലേക്കയക്കുക എന്നത് എപ്പോഴും പ്രായോഗികമായെന്നുവരില്ല. കുങ്കി ആനകളെ കൊണ്ടുവന്ന് ഇവയെ ആട്ടിയകറ്റുകയാവും ഫലപ്രദം. അനങ്ങാപ്പാറനയം ഇക്കാര്യത്തിലെങ്കിലും ഉപേക്ഷിക്കുകയാണ് വനംവകുപ്പും സര്‍ക്കാരും ചെയ്യേണ്ടത്.

chandrika: