X

മറഞ്ഞുപോകുന്നത് ഒരു ദിശാസൂചിക


ധിഷണാസമ്പന്നവും കര്‍മകുശലവുമായ ജീവിതകാണ്ഡത്തിന് വിട. എം.ഐ തങ്ങള്‍ എന്ന നാലക്ഷരങ്ങള്‍ നിത്യസ്മരണയിലേക്ക് നീങ്ങിയിരിക്കുന്നു. ഇന്ത്യയിലെ മുസ്്‌ലിംകളാദി ന്യൂനപക്ഷ ജനതയുടെ ഇരുട്ടുവഴികളില്‍ കെടാവിളക്കുമായി നിലയുറപ്പിച്ച ധിഷണാപടു വിടചൊല്ലിയിരിക്കുകയാണ്. മതേതര ഇന്ത്യയുടെ അസ്തിത്വംതന്നെ ചോദ്യമുനയില്‍നില്‍ക്കുന്ന സമകാലത്ത് ശരിമാര്‍ഗമെന്തെന്ന് എഴുതിയും വരച്ചും പഠിപ്പിച്ചുതന്ന മഹാമനീഷി. അധികാരത്തിന്റെ ആടയാഭരണങ്ങളുടെയോ അജ്ഞതയുടെ അബദ്ധജാടകളുടെയോ ചമയങ്ങളില്ലാതെ ആ ധന്യജീവിതം പുതുതലമുറക്കുമുമ്പിലിതാ അസ്തമിച്ചിരിക്കുന്നു. ഇന്ത്യന്‍ മുസ്്‌ലിംകളുടെ ആശാന്യൂക്ലിയസായ മുസ്്‌ലിംലീഗിനും അതിന്റെ ജിഹ്വയായ ചന്ദ്രികക്കും രാഷ്ട്രീയപഠിതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെല്ലാമാണ് ഈവിയോഗം അപരിമേയമായ ആകുലത പകര്‍ന്നിരിക്കുന്നത്. ദിശതെറ്റാത്ത വഴികളിലൂടെ മുന്നേറാന്‍ പഠിപ്പിക്കുകയും ശീലിപ്പിക്കുകയുംചെയ്ത ദാര്‍ശനികനായകത്വം നാഥന്റെ വിളിക്ക് ഉത്തരം നല്‍കി വിട ചോദിക്കുമ്പോള്‍ ഒരിറ്റു കണ്ണീരും പ്രാര്‍ത്ഥനയും മാത്രമാണ് നമുക്കുമുന്വില്‍ ശേഷിക്കുന്നത്.
മുസ്‌ലിംലീഗ് ഉപാധ്യക്ഷന്‍, ചന്ദ്രിക പത്രാധിപര്‍ എന്നീ നിലകളില്‍ പ്രശോഭിച്ചപ്പോള്‍തന്നെ ബാല്യംമുതല്‍ തന്നില്‍ കൂടെപ്പിറപ്പുപോലെ കൊണ്ടുനടന്ന ജ്ഞാനാര്‍ത്തിയായിരുന്നു എം.ഐ തങ്ങളുടെ കൈമുതല്‍. അതുതന്നെയാണ് അദ്ദേഹത്തെ ജീവിതാന്ത്യംവരെയും മുസ്‌ലിംസമുദായത്തിന്റെയും കേരളീയ സമൂഹത്തിന്റെയും മനോമുകുരങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ നിദാനമായത്. സമുദായത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഉലയാത്ത ദിശാസൂചികയായിരുന്നു തങ്ങള്‍. ആ തൂലികയിലൂടെ പിറന്നത് നിലയ്ക്കാത്ത ജ്ഞാനസമൃദ്ധി. അത് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും പത്രപ്രവര്‍ത്തക സഹചാരികള്‍ക്കും മാത്രമല്ല, സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയുംപോലും ജീവിത-ചിന്താധാരകളില്‍ പുത്തന്‍ ദിശാബോധം പകര്‍ന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയം എങ്ങനെയായിരിക്കണമെന്ന് തങ്ങള്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ പഠിപ്പിച്ചുതന്നു. അതായിരുന്നു മുസ്‌ലിംലീഗിന്റെ സഞ്ചാരപഥവും. എണ്ണമറ്റ ക്ലാസുകളിലും ശില്‍പശാലകളിലും എം.ഐ തങ്ങള്‍ മുസ്്‌ലിംലീഗുകാര്‍ക്ക് അറിവിന്റെ വിരുന്നായി. ആശയപരമായ സന്നിഗ്ധ ഘട്ടങ്ങളില്‍ പലരും തങ്ങളിലേക്ക് നോക്കി. സ്വതസ്സിദ്ധമായ പുഞ്ചിരിയോടെ പക്വമായ മറുപടികളായിരുന്നു തിരികെ ലഭിച്ചത്. ശരീഅത്ത് വിഷയം ഉയര്‍ത്തി മുസ്്‌ലിംലീഗിനെതിരെ സി.പി.എം കാടിളക്കിയപ്പോള്‍ അതിനെ ആശയദാര്‍ഢ്യത്തോടെ നേരിട്ട് പരാജയപ്പെടുത്താന്‍ പാര്‍ട്ടിക്കും സമുദായത്തിനുമായതിനുപിന്നില്‍ താരതമ്യേന ഉയരം കുറഞ്ഞ ശരീരത്തിലെ ആ ദാര്‍ശനിക പൊക്കമായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട് ഇന്ത്യന്‍ മുസ്്‌ലിംകളും മതേതര സമൂഹവുമൊന്നടങ്കം അമ്പരന്നുനിന്നപ്പോഴും ഭയക്കാതെ ശാന്തിയുടെ കിന്നരിപ്രാവുകളെ പുണരാന്‍ എം.ഐ തങ്ങള്‍ അവര്‍ക്കുമുന്നില്‍ അചഞ്ചലനായി നിന്നു. താല്‍കാലിക ഫോര്‍മുലകളായിരുന്നില്ല എല്ലാറ്റിനും അദ്ദേഹം നീട്ടിയത്. സഹസ്രാബ്ദങ്ങളുടെ ധാര്‍മികവും ഇസ്‌ലാമികവുമായ ആശയധാരയായിരുന്നു ആ മൗലികതയെ സ്വാധീനിച്ചത്. മറ്റുള്ളവരിലേക്ക് ആശയങ്ങള്‍ സന്നിവേശിപ്പിക്കുന്നതില്‍ തങ്ങള്‍ക്കുള്ള പാടവം സവിശേഷമായിരുന്നു. മുസ്‌ലിംലീഗിനോട് ആശയതലത്തില്‍ ഇ.എം.എസ് വരെ മുട്ടുമടക്കാന്‍ കാരണമായതും തങ്ങളുടെ അണുവിട തെറ്റാത്ത ജ്ഞാനസമ്പത്താലാണ്.
ചന്ദ്രികയുമായി യുവപ്രായത്തിലേ തുടങ്ങിയ ആത്മീയബന്ധമാണ് മുസ്‌ലിംലീഗിലേക്കും സി.എച്ച് ഉള്‍പ്പെടെയുള്ള നേതൃനിരയിലേക്കും തങ്ങളെ കൈപിടിച്ചുയര്‍ത്തിയത്. ബന്ധുവഴി ചെറുപ്രായത്തില്‍ ഗുജറാത്തിലെത്തിയതിലൂടെ നേടിയ ഹിന്ദി, ഉര്‍ദു ഭാഷാപാടവം അദ്ദേഹത്തിന്റെ വിജ്ഞാനതൃഷ്ണയെ വാനോളം ഉയരാന്‍ സഹായിച്ചു. കോഴിക്കോട്ടെയും മലപ്പുറത്തെയും രാഷ്ട്രീയ സംവാദങ്ങളിലെ സജീവ സാന്നിധ്യവുമായി അക്കാലത്ത്. നിരവധി ലേഖനങ്ങളിലൂടെ ചന്ദ്രികയില്‍ ആരംഭിച്ച എഴുത്ത് രണ്ടു ഡസനിലധികം കനപ്പെട്ട ഗ്രന്ഥങ്ങളിലേക്ക് എത്തിച്ചു. ആദ്യകാലത്തെ ഭാഷാശൗര്യം പതുക്കെ വഴിമാറിയെങ്കിലും ആശയ തീക്ഷ്ണത തെല്ലും ന്യൂനമായില്ല. ഉര്‍ദുവിലുള്ള പ്രാവീണ്യംമൂലം തദ്ഭാഷയിലുള്ള നിരവധി അറിവുകള്‍ കേരളീയരിലേത്തിക്കാനും തിരിച്ച് മലയാള പുസ്തകങ്ങള്‍ ഉര്‍ദുവിലേക്ക് വിവര്‍ത്തനംചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. 1974 മുതല്‍ 83വരെ ചന്ദ്രിക പത്രാധിപസമിതിയംഗമായിരുന്ന തങ്ങള്‍ പിന്നീട് മുഴുസമയ പത്രാധിപരുമായി. പ്രധാനാധ്യാപകനായിരുന്നു ഞങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം. ഇന്ത്യന്‍ എക്‌സ്പ്രസിലും സര്‍ക്കാര്‍ സര്‍വീസിലും എം.ഐ തങ്ങള്‍ പ്രവര്‍ത്തിച്ചു. മാപ്പിളനാട്, വര്‍ത്തമാനം പത്രങ്ങളുടെ യഥാക്രമം പത്രാധിപരും നിര്‍വാഹക പത്രാധിപരുമായി അറിവുകളും ചിന്തകളും അദ്ദേഹം മലയാളികള്‍ക്കായി പങ്കുവെച്ചു. ഗ്രന്ഥശാലാസംഘത്തിന്റെ മുഴുസമയാംഗം എന്ന പദവിയില്‍ അദ്ദേഹംപ്രകടിപ്പിച്ച താല്‍പര്യം ഗ്രന്ഥശാലാമേഖലക്ക് പുത്തന്‍ ഉണര്‍വായി. മുസ്‌ലിംസമുദായത്തിന്റെയും മതേതര വിശ്വാസികളുടെയും ഐക്യത്തിനും അദ്ദേഹം മുന്‍ഗണനനല്‍കി. സമുദായത്തിന്റെ ജിഹ്വകളായ വര്‍ത്തമാനപത്രങ്ങള്‍ കര്‍ത്തവ്യം പൂര്‍ണമായി പാലിക്കുന്നുണ്ടോ എന്ന സന്ദേഹം പലപ്പോഴും അദ്ദേഹം അടുപ്പമുള്ളവരുമായി പങ്കുവെച്ചു. സാമൂഹിക മാധ്യമങ്ങളുടെ ലോകത്ത് മഹാനായ സര്‍സയ്യിദിന്റെ മാര്‍ഗത്തില്‍ പുതുപുത്തന്‍ അറിവുകള്‍ സ്വായത്തമാക്കാന്‍ സമൂഹം തയ്യാറാകണമെന്ന് തങ്ങള്‍ ഉണര്‍ത്തി. മുസ്്‌ലിം സമുദായത്തിന്റെ സര്‍വതോമുഖമായ ഉത്തുംഗഗതിയായിരുന്നു തങ്ങളുടെ എന്നത്തെയും സ്വപനം.വരുംകാല രാഷ്ട്രീയ ഭൂമികയില്‍ എങ്ങനെയാകണം അത് നേടേണ്ടതെന്നതിന് തങ്ങളുടെ കൈപ്പടയില്‍ പതിഞ്ഞ അക്ഷരജാലകങ്ങള്‍മാത്രം മതിയാകും. എടവണ്ണ പത്തപ്പിരിയത്തെ വസതിയിലെ ഗ്രന്ഥശാലയാണ് ആ ആശയസമുദ്രം.കേവലമായ നിയാമകനൂലാമലകളേക്കാള്‍ ധാര്‍മികാധിഷ്ഠിതമായ പരിഹാരമാണ് ഇന്ത്യന്‍ മുസ്്‌ലിംകളുടെ രക്ഷക്ക് വേണ്ടതെന്നായിരുന്നു തങ്ങളുടെ രാഷ്ട്രീയ സങ്കല്‍പം. ഉത്തരേന്ത്യയിലെ ചെറ്റക്കുടിലുകളില്‍നിന്ന് ഭക്ഷണത്തിനും അറിവിനുമായി കേരളത്തിലേക്ക് എത്തിപ്പെട്ട കുരുന്നുകള്‍ അദ്ദേഹത്തെ വേദനിപ്പിച്ചത് അതുകൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിചാരധാരയിലാണ് മുസ്‌ലിംലീഗിന്റെയും കേരളത്തിലെ മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങളുടെയും പൊതുസമൂഹത്തിന്റെയും ഗമനം. ഇതുതന്നെയാണ് എം.ഐ തങ്ങള്‍ മലയാളികള്‍ക്കായി ബാക്കിവെച്ചതും ഭാവിയിലേക്കായി നാം ശിരസ്സാവഹിക്കേണ്ടതും. മുസ്‌ലിംലീഗിന്റെയും പരേതന്റെ കുടുംബത്തിന്റെയും വേദനയിലും പ്രാര്‍ത്ഥനകളിലും ഞങ്ങളും പങ്കുചേരുന്നു.

web desk 1: