X

പുകമറയിലാക്കിയ നിയമസഭാസമ്മേളനം

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

കോവിഡ് 19 മഹാമാരിയുടെ അടിയന്തിര പരിമിതികള്‍ക്കിടയിലും ഒരു ദിവസത്തേക്ക് വിളിക്കേണ്ടിവന്ന നിയമസഭാസമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ച ഒരു ജനാധിപത്യ ദുരന്തമാക്കി മാറ്റി. അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരില്‍ ഭാവിചരിത്രം രേഖപ്പെടുത്തും.അഞ്ച് മണിക്കൂര്‍ സമയം നിശ്ചയിച്ച അവിശ്വാസപ്രമേയ ചര്‍ച്ച പതിനൊന്നു മണിക്കൂര്‍ എടുത്തതില്‍ മൂന്നേമുക്കാല്‍ മണിക്കൂറും മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗമായിരുന്നു. എന്നിട്ടും സ്വര്‍ണക്കടത്ത് കേസും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമായും ബന്ധപ്പെട്ട് നിയമസഭയില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടി മാത്രം മുഖ്യമന്ത്രിയില്‍നിന്ന് ലഭിക്കാതെ പോയി. പ്രതിപക്ഷത്ത്‌നിന്ന് കോണ്‍ഗ്രസിലെ വി.ഡി സതീശന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്റെ കുന്തമുന സഭ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തുന്നു എന്നായിരുന്നു. വില്യം ഷേക്‌സ്പിയര്‍ മാര്‍ക്ക്ആന്റണിയെ കൊണ്ട് ബ്രൂട്ടസിനെ വിശേഷിപ്പിച്ച ബഹുമാന്യനെന്ന വിശേഷണത്തോടെ മുഖ്യമന്ത്രി പിണറായി വിജയനെ പ്രമേയ അവതാരകന്‍ അഭിസംബോധന ചെയ്തു.

എന്‍.ഐ.എ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിന്റെ പകര്‍പ്പവകാശം മുഖ്യമന്ത്രി പിണറായി വിജയനാണ് അവകാശപ്പെടുന്നത്. ആ അന്വേഷണം ഇതിനകം വെളിപ്പെടുത്തിയ തെളിവുകളുമായി മുഖ്യമന്ത്രിയെ ബന്ധപ്പെടുത്തുന്ന ചോദ്യശരങ്ങളാണ് വി.ഡി സതീശന്‍ മുതല്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വരെ പ്രതിപക്ഷത്തുനിന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ തുരുതുരാ ഉതിര്‍ത്തത്. അതിന് വസ്തുതാപരമായും ആധികാരികമായും മറുപടി പറഞ്ഞ് മുഖ്യമന്ത്രിയും പ്രതിപക്ഷം സൃഷ്ടിച്ച ‘പുകമറ’ മുഖ്യമന്ത്രിയും ഭരണപക്ഷത്ത് നിന്നുള്ളവരും തുടച്ചുനീക്കുമെന്നാണ് മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും പിന്തുണക്കുന്നവരെങ്കിലും പ്രതീക്ഷിച്ചത്. സാധാരണ ഗതിയില്‍ പിണറായി വിജയന് അര മണിക്കൂര്‍ കൊണ്ട് വസ്തുതകളുടെ പിന്‍ബലത്തില്‍ നിര്‍വഹിക്കാന്‍ കഴിയേണ്ട ഒരു കാര്യം എത്ര വലിച്ചുനീട്ടി പറഞ്ഞിട്ടും ഫലിക്കാതെ പോയി. കേസിലെ മുഖ്യപ്രതിയായ വനിത മുഖ്യമന്ത്രിയുടെ നയതന്ത്ര കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായി തുടരുമ്പോള്‍ മുഖ്യമന്ത്രിക്ക് കീഴിലെ വകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥയായി നിയമിപ്പിക്കപ്പെട്ടത് മുഖ്യമന്ത്രിയുടെ പ്രധാന ദൗത്യ പദ്ധതിയായ ലൈഫ് മിഷനില്‍ നിന്ന് നാലേകാല്‍ കോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയെന്ന് പ്രതി തന്നെ നല്‍കിയ മൊഴിയുമുള്‍പ്പെടെ പ്രതിപക്ഷമുയര്‍ത്തിയ അമ്പരപ്പിക്കുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. ഈ മാരത്തോണ്‍ മറുപടിയില്‍ തന്റെ ഓഫീസിന്റേയും വകുപ്പുകളുടെയും സര്‍ക്കാരിന്റെയും വിശ്വാസ്യത കാത്ത്‌സൂക്ഷിക്കാനാവശ്യമായ ജാഗ്രതയും നടപടികളും സ്വീകരിക്കുമെന്ന ഉറപ്പുപോലും നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മൂന്നാറിലെ പെട്ടിമുടിയില്‍ മലയിടിച്ചിലിലും ഉരുള്‍പൊട്ടലിലും മനുഷ്യ ജീവനുകള്‍ കുഴിച്ചുമൂടിയതുപോലെ മണിക്കൂറുകള്‍ നീണ്ട പ്രസംഗ വായനയിലൂടെ പൊതുസമൂഹവും നിയമസഭയും മുഖ്യമന്ത്രിക്ക് നേരെ ഉയര്‍ത്തിയ ചോദ്യങ്ങള്‍ കുഴിച്ചുമൂടാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

എന്‍.ഐ.എയുടെ അന്വേഷണത്തില്‍ പരിപൂര്‍ണ വിശ്വാസം രേഖപ്പെടുത്തുകയും അന്വേഷണം തന്റെ ഓഫീസിലേക്ക് നീങ്ങുന്നതു പോലും സ്വാഗതം ചെയ്യുകയും എന്തിന് മറ്റുള്ളവര്‍ക്ക് നെഞ്ചിടിപ്പെന്ന് പരിഹസിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്തിരുന്നത്. മുഖാമുഖം പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് സഭയില്‍ മറുപടി പറയേണ്ടി വന്നപ്പോള്‍ സ്വന്തം നെഞ്ചിടിപ്പ് മറച്ചുവെക്കാന്‍ അസാധാരണവും അവിശ്വസനീയവുമായ മാര്‍ഗങ്ങള്‍ മറുപടിയില്‍ മുഖ്യമന്ത്രി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ തന്നെ ശൈലി കടമെടുത്താല്‍ ചരിത്ര വസ്തുതകള്‍ അതിനുവേണ്ടി വക്രീകരിച്ചും ഗീബല്‍സ്യന്‍ നുണകള്‍ ആവര്‍ത്തിച്ചും പ്രതിപക്ഷത്തെ കുറ്റപ്പെടുത്തിയും മുഖ്യമന്ത്രി സ്വയം നിയമസഭയില്‍ പുകമറ സൃഷ്ടിച്ചു. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഇടതുപക്ഷ ഗവണ്‍മെന്റുകളെ അട്ടിമറിക്കുന്ന ഗൂഢ ശക്തികള്‍ തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാനിറങ്ങിയിരിക്കുന്നു. മുസ്‌ലിംലീഗില്‍ ജമാഅത്തെ ഇസ്‌ലാമി വക ഇസ്‌ലാമികവത്കരണം നടക്കുന്നു. കോണ്‍ഗ്രസില്‍ ബി.ജെ.പി വക ഹിന്ദുത്വ ധ്രുവീകരണവും. ഇവരോട് ചില മാധ്യമങ്ങള്‍ കൂടി ചേര്‍ന്നിരിക്കുന്നു. അങ്ങനെ തന്റെ ഗവണ്‍മെന്റിനെ അട്ടിമറിക്കാനുള്ള സംയുക്ത നീക്കത്തിന്റെ ഉത്പന്നമാണ് അവിശ്വാസപ്രമേയമെന്ന പ്രതിരോധമാണ് മുഖ്യമന്ത്രി ഉയര്‍ത്തിയത്.

എന്നാല്‍ അയോധ്യയിലെ തര്‍ക്കഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ നിലപാടുകളുടെ ചരിത്രമാകെ വിശദീകരിച്ച മുഖ്യമന്ത്രി ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രത്തിന് ശിലയിട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയെയോ ഹിന്ദുത്വ അജണ്ടയെപറ്റിയോ ഒരക്ഷരം ഉരിയാടിയില്ല, മുഖ്യമന്ത്രിയുടെ കഴുത്ത് അമിത്ഷായുടെ കക്ഷത്തിലാണെന്ന് പ്രമേയമവതരിപ്പിച്ച് വി.ഡി സതീശന്‍ മുഖത്തു ചൂണ്ടിപ്പറഞ്ഞിട്ടും. ആരൊക്കെയോ അണിയറയിലിരുന്ന് എഴുതി എത്തിച്ചുകൊണ്ടിരുന്ന ആവര്‍ത്തനങ്ങള്‍ നിറഞ്ഞതും വസ്തുതാവിരുദ്ധവുമായ കുറിപ്പുകള്‍ വായിച്ചും വെള്ളം കുടിച്ചും മറുപടിക്ക് കാതോര്‍ത്തവരുടെ ക്ഷമ തകര്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അവകാശികളായ ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശം തടയുകയാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ യഥാര്‍ത്ഥത്തില്‍ ചെയ്തത്.

സഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍ കള്ളക്കടത്തു കേസിലെ പ്രതിയായ വിവാദ വനിതയുമായി ഒരു ചടങ്ങില്‍ ബന്ധപ്പെട്ട സ്പീക്കര്‍ അധ്യക്ഷ വേദിയിലിരിക്കുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതുസംബന്ധിച്ച് സ്പീക്കര്‍ക്കെതിരായ അവിശ്വാസപ്രമേയം സാങ്കേതിക കാരണം പറഞ്ഞ് സ്പീക്കര്‍ തള്ളുകയും ചെയ്തു. എന്നാല്‍ പതിവുപോലെ സഭയുടെ നിയന്ത്രണം കയ്യിലെടുക്കാനാവാതെ വിഷമിക്കുന്ന സ്പീക്കറെയാണ് കണ്ടത്. പ്രത്യേകിച്ചും അമ്പത് മിനിറ്റ് സമയം നിശ്ചയിച്ചിരുന്ന സ്ഥാനത്ത് മുഖ്യമന്ത്രി അതിരുകള്‍ ലംഘിച്ച് പ്രസംഗം വായിച്ച് സഭ നീട്ടിക്കൊണ്ടുപോയപ്പോള്‍ നിസ്സഹായനായ കാഴ്ചക്കാരനായിരുന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. സഭാനേതാവായ മുഖ്യമന്ത്രിയെ നിയന്ത്രിക്കാന്‍ തനിക്ക് അധികാരമില്ലെന്ന് ചെയറിലിരുന്ന് സ്പീക്കര്‍ ആവര്‍ത്തിക്കുന്നുണ്ടായിരുന്നു.
1957 ലെ ഇ.എം.എസ് ഗവണ്‍മെന്റിന്റെ ആദ്യ നിയമസഭാ സമ്മേളനത്തിന്റെ സഭാനടപടികള്‍ ബഹുമാനപ്പെട്ട സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വായിച്ചു നോക്കേണ്ടതുണ്ട്. ഗവര്‍ണര്‍ ബി. രാമകൃഷ്ണ റാവുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ ഇടപെട്ട് ഇ.എം.എസ് സംസാരിക്കുമ്പോള്‍ പട്ടം താണുപിള്ള ഒരു ചോദ്യവുമായി എഴുന്നേല്‍ക്കുന്നു. താന്‍ വഴങ്ങുന്നില്ലെന്ന് മുഖ്യമന്ത്രി ഇ.എം.എസ് പറയുന്നു. പ്രതിപക്ഷത്തുനിന്നുള്ള ക്രമപ്രശ്‌നങ്ങള്‍ തുടരെത്തുടരെ ഉയരുന്നു. ഒടുവില്‍ സ്പീക്കര്‍ ശങ്കരനാരായണന്‍ തമ്പി ഇങ്ങനെ റൂളിങ് നല്‍കുന്നു. ആദരണീയനായ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതാണ് നല്ലതെന്ന്. അംഗങ്ങള്‍ എന്തു ചോദ്യം ചോദിച്ചാലും സ്പീക്കര്‍ സമയം നല്‍കുന്ന പക്ഷം മറുപടി പറയുന്നതിന് താന്‍ തയ്യാറാണെന്ന് ഇ.എം.എസ് പറയുന്നു. പ്രസംഗത്തിനിടക്ക് ചോദ്യം ചോദിച്ചാല്‍ അതിന്റെ ഗതി തെറ്റിപ്പോകുമെന്നും.

മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞാല്‍ ചോദ്യം ചോദിക്കാന്‍ ബഹുമാനപ്പെട്ട അംഗങ്ങളെ താന്‍ അനുവദിക്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കുന്നു. സഭയുടെ കസ്റ്റോഡിയനാണ് സ്പീക്കറെന്ന് പറയുന്നതിന്റെ അര്‍ത്ഥം ഈ സംഭവം വ്യക്തമാക്കുന്നു. 57 ലെ ഇ.എം.എസ് മന്ത്രിസഭയെ സംബന്ധിച്ച് രണ്ടു തവണ അഴിമതി ആരോപണങ്ങളുണ്ടായി. ആദ്യത്തേത് കെ.സി ജോര്‍ജ് ഭക്ഷ്യമന്ത്രിയായിരിക്കെ ആന്ധ്രയില്‍ നിന്ന് അരി കൊണ്ടുവന്നതിനെ കുറിച്ച്. 58 മാര്‍ച്ച് 19 ന് അഴിമതികളെ പറ്റി മൂവാറ്റുപുഴ അംഗം സി.എം മാത്യു പ്രതിപക്ഷത്തു നിന്നവതരിപ്പിച്ച പ്രമേയമാണ് രണ്ടാമത്തേത്. രണ്ടു സന്ദര്‍ഭത്തിലും പ്രതിപക്ഷം ബന്ധപ്പെട്ട മന്ത്രിമാര്‍ വ്യക്തിപരമായി അഴിമതി നടത്തിയെന്ന് ആരോപിച്ചിരുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടി അഴിമതി നടത്തിയെന്നായിരുന്നു വിമര്‍ശനം. ആന്ധ്രാ അരി പ്രശ്‌നത്തില്‍ ജില്ലാ ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നത്. ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഒഴിവാക്കാമായിരുന്ന നഷ്ടം എന്നാണ് ജസ്റ്റിസ് പി.ടി രാമന്‍ നായര്‍ കണ്ടെത്തിയത്. സി.എം മാത്യുവിന്റെ പ്രമേയത്തില്‍ ചര്‍ച്ചക്ക് മറുപടി പറഞ്ഞ ഇ.എം.എസ് അത് അവസാനിപ്പിച്ചതിങ്ങനെ. ‘ആക്ഷേപങ്ങളും ആരോപണങ്ങളും ഏതെല്ലാമുണ്ടായാലും അതിന്റെ വസ്തുതകള്‍ ഓരോന്നും വന്നാല്‍ അതിനുത്തരവാദികളായി മന്ത്രിസഭാതലത്തില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ആരോപണം ശരിയാണെങ്കില്‍ മന്ത്രിസഭ വേണ്ട നടപടിയെടുക്കും. കീഴുദ്യോഗസ്ഥന്മാരുടെ തലത്തിലാണെങ്കില്‍ അഴിമതി നിരോധന വകുപ്പ് അവര്‍ക്കെതിരെ നടപടിയെടുക്കും. ഈ ഉറപ്പ് നല്‍കിക്കൊണ്ട് ഏതാരോപണവും അടിസ്ഥാനപരമായ വസ്തുതകളോട് കൂടി ഗവണ്‍മെന്റിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ അഭ്യര്‍ത്ഥിക്കുന്നു’.

ഇപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം ഉള്ളവരുടെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളാണ് പിണറായി മന്ത്രിസഭക്കെതിരെ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സി.പി.എം നടത്തിയ അല്ലെങ്കില്‍ മറ്റേതെങ്കിലും ഘടകകക്ഷി നടത്തിയ അഴിമതികളല്ല മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ അഴിമതിയുടെ പ്രഭവകേന്ദ്രമായി മാറിയെന്ന് ജനങ്ങള്‍ക്കാകെ സംശയവും ബോധ്യവും വരുന്ന സ്ഥിതിയാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മാത്രമല്ല എല്‍.ഡി.എഫും ഈ യാഥാര്‍ത്ഥ്യമാണ് തിരിച്ചറിയേണ്ടത്. മന്ത്രിസഭയുടെ നയങ്ങളെ ഏകോപിപ്പിക്കുക എന്ന ചുമതല സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് നടപ്പാക്കുന്നതിലേക്ക് മുഖ്യമന്ത്രി മാറിയതാണ് ഇതിന്റെ കാരണം. മന്ത്രിസഭയും പാര്‍ട്ടിയും ഇടതുമുന്നണിയും മുഖ്യമന്ത്രിയെന്ന വ്യക്തിയുടെ അധീശത്വത്തിന് കീഴിലെ മിണ്ടാപാവകളായി മാറിയതാണ് ഇതിനു കാരണം. ഏറ്റവുമൊടുവില്‍ സ്പീക്കറും നിയമസഭ പോലും മുഖ്യമന്ത്രിയുടെ ചൊല്‍പ്പടിക്കു കീഴിലാണെന്ന് തിങ്കളാഴ്ച ലോകം നേരില്‍ കണ്ടു. ഈ വസ്തുതയാണ് മുഖ്യമന്ത്രിയെ നിയമസഭയില്‍ ഇരുത്തി അവിശ്വാസ പ്രമേയത്തിന്റെ ഭരണഘടനാ വ്യവസ്ഥകളിലെ അധികാരമുപയോഗിച്ച് പ്രതിപക്ഷം സഭയില്‍ നിര്‍വഹിച്ചത്, ബ്യൂറോക്രസിക്കും പൊലീസ് മേധാവികള്‍ക്കും പാഠമാകത്തക്ക നിലയില്‍. പ്രതിപക്ഷം മുന്‍കൂട്ടി പറഞ്ഞതുപോലെതന്നെ അവിശ്വാസപ്രമേയം സാങ്കേതികമായി പരാജയപ്പെട്ടു. എന്നാല്‍ അത് ജനാധിപത്യപരമായി ചരിത്രപരമായ വിജയമായി തീരുകയും ചെയ്തു.

 

chandrika: