X

സി.പി.എമ്മിന്റെ സമുദ്ധാരണവും രാഷ്ട്രീയ ലക്ഷ്യങ്ങളും

പി.കെ സലാം
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തോട് പറഞ്ഞത് സംഘ്പരിവാറിന്റെ ദുഷ്ടലാക്കിന്റെ ചാക്കില്‍കെട്ടി കേരളത്തിലെ ശബരിമല വിശ്വാസികളെ വലിച്ചെറിയാന്‍ വയ്യെന്നാണ്. അവിടെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് പറയുന്നവര്‍ ആര്‍.എസ്.എസുകാരല്ലെന്നാണ്. വിശ്വാസികളെ മുഴുവന്‍ ഭീകരരവാദികള്‍ (ആര്‍.എസ്.എസ്) ആയി ചാപ്പയടിക്കുന്ന പണി ആര് ചെയ്താലും അതിന് മുസ്‌ലിം കേരളത്തിന്റെ പിന്തുണയില്ലെന്നാണ്. അത് പറയേണ്ടതാണ്. അദ്ദേഹം തന്നെ പറയേണ്ടതാണ്. വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ വല്ല മാറ്റവും വേണമെങ്കില്‍ അത് ചെയ്യേണ്ടത് വിശ്വാസികള്‍ തന്നെയാണെന്നുകൂടിയാണ് പറഞ്ഞുവെക്കുന്നത്. അതാവട്ടെ എണ്‍പതുകളുടെ മധ്യത്തില്‍ ഇതേപോലൊരു സുപ്രീംകോടതി വിധിയുടെ മറപിടിച്ച് ഇസ്‌ലാമിക ശരീഅത്തിനെ ആക്രമിച്ച മാര്‍ക്‌സിസ്റ്റുകാരോട് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ പറഞ്ഞതിന്റെ ആവര്‍ത്തനമാണ്.
ശബരിമലയിലെ ആചാരത്തില്‍ ഇടപെട്ട് സുപ്രീംകോടതി വിധിയുണ്ടായപ്പോഴോ മുമ്പോ മുസ്‌ലിംകളില്‍നിന്ന് ആരും പ്രത്യേക നിലപാട് സ്വീകരിച്ചിട്ടില്ല. ഇതരരുടെ ദൈവങ്ങളെയും പൂജ്യവസ്തുക്കളെയും ആചാരങ്ങളെയും ബഹുമാനിക്കുകയെന്നത് മുസ്‌ലിംകള്‍ക്ക് സ്വന്തം വിശ്വാസത്തിന്റെ ഭാഗമാണ്. ഏറെ വ്യത്യസ്താഭിപ്രായങ്ങള്‍ പുലര്‍ത്തുമ്പോഴും ശബരിമലക്കാര്യത്തില്‍ മുസ്‌ലിം സംഘടനകളൊന്നും പക്ഷം പിടിച്ചിട്ടില്ല. പിടിച്ചുവെങ്കില്‍ അത് വിശ്വാസികള്‍ക്കൊപ്പം എന്ന നിലപാടാണ്.
ജനുവരി രണ്ടിന് പാതി രാത്രി രണ്ട് യുവതികളെ ശബരിമല സന്നിധാനത്ത് നൂലില്‍ കെട്ടിയിറക്കി ആചാരഭംഗം ഉണ്ടാക്കിയപ്പോള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഈ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. വിശ്വാസാചാര സംരക്ഷണത്തിനായി ആഗ്രഹിക്കുന്ന വിശ്വാസി സമൂഹത്തെ വേദനിപ്പിക്കുന്നതാണ് സര്‍ക്കാറിന്റെ ചെയ്തി. ആ വേദനക്കൊപ്പം എന്ന് പ്രഖ്യാപിക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ കടമയാണ്. ഇവിടെ മറ്റൊരു ദൗത്യംകൂടി സാദിഖലി തങ്ങള്‍ നിര്‍വഹിക്കുകയുണ്ടായി. ശബരിമല വിശ്വാസികളെന്നാല്‍ സംഘ്പരിവാറല്ല. യുവതീപ്രവേശനത്തെ എതിര്‍ക്കുന്നവരെയെല്ലാം സംഘികളാക്കി മുദ്രകുത്തി വിശ്വാസി സമൂഹത്തിന്റെ പ്രതിനിധാനം ആര്‍.എസ്.എസിന് കല്‍പിച്ചുകൊടുക്കുകയാണ് സര്‍ക്കാര്‍. സമാധാനം ആഗ്രഹിക്കുകയും എന്നാല്‍ ആചാര സംരക്ഷണത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്ന ലക്ഷങ്ങള്‍ കേരളത്തിലെ ഹിന്ദു സമൂഹത്തിലുണ്ട്. ആര്‍.എസ്.എസും സമാധാനകാംക്ഷികളായ ഹിന്ദു സമൂഹവും രണ്ടാണ്, സര്‍ക്കാറും പരിവാരങ്ങളും വരുത്തിത്തീര്‍ക്കാനാഗ്രഹിക്കുന്നത് പോലെ ഒന്നല്ല എന്ന് പ്രഖ്യാപിക്കുകയായിരുന്നു സാദിഖലി തങ്ങള്‍.
ശബരിമല യുവതീ പ്രവേശനത്തിന് വേണ്ടി ഇപ്പോള്‍ ആക്രമണോത്സുകമായി വാദിക്കുന്നവര്‍ പോലും സുപ്രീംകോടതി വിധിക്ക് മുമ്പെ സമൂഹത്തില്‍ ഇതിന് വേണ്ടി ചെറുവിരലനക്കിയിട്ടില്ല. ശബരിമല യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഹരജി സുപ്രീംകോടതിയില്‍ വന്നപ്പോള്‍ അന്നത്തെ കേരള സര്‍ക്കാര്‍ (യു.ഡി.എഫ്) ആചാരം നിലനിര്‍ത്തണമെന്നാണ് ആവശ്യപ്പെട്ടത്. അന്ന് അതിനെതിരെ ആരും സംസാരിച്ചിട്ടില്ല. ഇടതു സര്‍ക്കാര്‍ സത്യവാങ്മൂലം യുവതീപ്രവേശനത്തിന് അനുകൂലമെന്ന് തിരുത്തി. അപ്പോള്‍ പോലും ഹിന്ദു പണ്ഡിതരുടെ കമ്മീഷനെവെച്ചിട്ട് മതിയെന്ന് ആവശ്യപ്പെട്ടത് വിശ്വാസാചാരത്തില്‍ സമൂഹത്തിനുള്ള താല്‍പര്യം പരിഗണിച്ചാണ്. യുവതിപ്രവേശനം അത്യന്താപേക്ഷിതമാണെന്ന നിലപാട് കോടതി വിധി വരുന്നതിന് മുമ്പെ ഇടതു സര്‍ക്കാറിനുണ്ടായിരുന്നെങ്കില്‍ എന്തിന് കമ്മീഷനെ നിര്‍ദേശിക്കണം? അതും ഹിന്ദു പണ്ഡിതരുടെ കമ്മീഷനെ?
ടി.പി ചന്ദ്രശേഖരനെ വധിക്കാന്‍ പോയ വാനിലൊട്ടിച്ച മാഷാ അല്ലാഹ് സ്റ്റിക്കര്‍ പോലെ മാറ്റി ഒട്ടിക്കാവുന്ന ഒന്നാണ് സി.പി.എമ്മിന് സമുദായോദ്ധാരണം. ഹിന്ദു വോട്ട് വേണ്ടപ്പോള്‍ മുസ്‌ലിം സ്ത്രീകളെയാവും ഉദ്ധരിക്കേണ്ടത്. ഷാബാനുകേസിനെതുടര്‍ന്ന് മുസ്‌ലിം വ്യക്തിനിയമത്തെ കാടന്‍ നിയമമാക്കി സമൂഹമധ്യേ അവതരിപ്പിച്ചപ്പോള്‍ മുസ്‌ലിം കേരളം ഒറ്റക്കെട്ടായി അതിനെ നേരിട്ടു. ഇപ്പോള്‍ വേണ്ടത് ന്യൂനപക്ഷ വോട്ടാണ്. അതുകൊണ്ട് വേറെ നവോത്ഥാനം.
വിശ്വാസി സമൂഹത്തിന് ശബരിമല കോടതി വിധിയില്‍ ആശങ്കയുണ്ടാവുക സ്വാഭാവികം. നേരത്തെ യുവതീപ്രവേശനത്തിന് അനൂകൂലമായിരുന്നതിനാല്‍ പ്രതിസന്ധിയിലായിരുന്നു സംഘ് പരിവാരം. എങ്ങനെയും വിധി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി മുന്നിലിറങ്ങിയപ്പോള്‍ വിശ്വാസി സമൂഹത്തിനുണ്ടായ ഉത്കണ്ഠ മുതലെടുക്കാന്‍ ബി.ജെ.പി ചാടിപ്പുറപ്പെടുകയായിരുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്തുതന്നെ ആചാര സംരക്ഷണമെന്ന നയം സ്വീകരിച്ച യു.ഡി.എഫ് ആ നിലപാട് തുടര്‍ന്നു. പിന്നെ കേരളം സാക്ഷ്യം വഹിച്ചത് സി.പി.എം- ബി.ജെ.പി തെരുവുയുദ്ധത്തിനാണ്. ഇരു കൂട്ടരും പ്രത്യേകം ശ്രദ്ധിച്ചത് ഈ പോരാട്ടത്തിലെവിടെയും യു.ഡി.എഫിന്റെ ശബ്ദം കേട്ടില്ലെന്ന് വരുത്താനാണ്.
ആര്‍.എസ്.എസിന് സംഘടനാശക്തിയുള്ള സംസ്ഥാനമായിട്ടുകൂടി അവര്‍ക്ക് ഹിന്ദു സമുദായത്തില്‍ കാര്യമായ സ്വാധീനം ഉണ്ടാക്കാന്‍ കഴിയാതെ പോയതിന് കാരണം ഇവിടെ എല്ലാ സമുദായങ്ങളും പരസ്പരം സഹകരിക്കുന്നതാണ്. ആഘോഷങ്ങളിലും ആചാരങ്ങളിലും പോലും ഒന്നിച്ചുപോകുന്നു. ഇതിന് വിള്ളല്‍ വീഴാതിരിക്കാന്‍ സമുദായ നേതൃത്വങ്ങള്‍ ശ്രദ്ധിക്കുകയും ചെയ്യുന്നു. എവിടെ അസ്വസ്ഥതയുണ്ടാകുന്നുവോ അവിടെ ഓടിയെത്തി സമുദായ സഹവര്‍ത്തിത്തം ഉറപ്പുവരുത്തുന്നു. ബാബരി മസ്ജിദ് തകര്‍ത്തപ്പോള്‍ കേരളത്തിലെ മുസ്‌ലിം നേതൃത്വം സ്വീകരിച്ച നിലപാടിനെ സന്മനസ്സുള്ളവരെല്ലാം വാഴ്ത്തിയിട്ടുണ്ടല്ലോ.
നവോത്ഥാന സംഘടനകളുടെ യോഗത്തില്‍ നിന്ന് മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ഒഴിവാക്കിയത് ഈ സമുദായങ്ങള്‍ നവോത്ഥാനത്തില്‍ പങ്കാളികളല്ലാത്തതുകൊണ്ടല്ല, ആര്‍.എസ്.എസ് മുതലെടുക്കുമെന്ന് ഭയന്നിട്ടാണെന്ന് മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു. വെള്ളാപ്പള്ളിയെയും സുഗതനെയും പോലുള്ളവരുടേതാണ് നവോത്ഥാന മൂല്യ സംരക്ഷണ സമിതിയെങ്കില്‍ അതില്‍ പങ്കാളിയാവാതിരിക്കുന്നതാണ് ശരിയെന്ന് സമുദായവും ആലോചിച്ചിരിക്കണം. എന്നാല്‍ ഈ സമിതിക്ക്‌വേണ്ടി സര്‍ക്കാര്‍ വഹയായി പെണ്‍മതില്‍ കെട്ടിയപ്പോള്‍ മുസ്‌ലിം, ക്രിസ്ത്യന്‍ വനിതകളെ ചേര്‍ക്കാന്‍ ശ്രദ്ധിച്ചു. മുഖംമൂടിപ്പര്‍ദയിട്ട് പോലും മുസ്‌ലിം വനിതകള്‍ മതിലില്‍ അണിയായതിന് മാധ്യമ വെളിച്ചം ലഭിക്കുകയും ചെയ്തു. കമ്മിറ്റിയിലെടുത്താല്‍ ആര്‍.എസ്.എസിന് ആയുധമായേക്കാവുമെന്ന് ഭയന്ന മുഖ്യമന്ത്രി പക്ഷേ മതിലില്‍ ഈ സമുദായങ്ങള്‍ക്ക്് അയിത്തം കല്‍പിച്ചില്ലെന്ന് മാത്രമല്ല, കടം വാങ്ങിയെങ്കിലും പര്‍ദയിട്ട് ചെല്ലണമെന്ന് നിഷ്‌കര്‍ഷിച്ചു. നവോത്ഥാനത്തിന്റെ കൊടിയടയാളമായി പരിണമിക്കാന്‍ പര്‍ദക്ക് സാധ്യമായി. വിശ്വാസികള്‍ക്കൊപ്പം എന്ന് പ്രഖ്യാപിക്കുന്നവര്‍ രാമക്ഷേത്ര നിര്‍മാണക്കാര്യത്തില്‍ ഇതേ നിലപാട് സ്വീകരിക്കുമോ? ശ്രീരാമന്റെ ജന്മദേശത്ത് ഒരു ക്ഷേത്രം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ ആരെങ്കിലും എതിര്‍ക്കുന്നുണ്ടോ? അത് പള്ളി പൊളിച്ചുവേണ്ട എന്നല്ലേ പറയൂ. അങ്ങനെയല്ലേ പറയാവൂ. സി.പി.എം സര്‍ക്കാറുകള്‍ പോലും അംഗീകരിച്ച നിലവിലുള്ള ഒരു ആചാരം ആ സമൂഹം ആഗ്രഹിക്കുന്ന കാലത്തോളം തുടരുന്നതാണ് ശരിയെന്ന ഒരു ശരിയെ ശരിവെക്കാതെ വയ്യല്ലോ.

chandrika: