X

ഇന്ത്യ നീട്ടുന്ന പാഠം കേരളം തിരിച്ചറിയണം

രാജ്യത്തെ രണ്ട് സംസ്ഥാന നിയമസഭകളിലേക്കും വിവിധ സംസ്ഥാനങ്ങളിലായി 51 നിയമസഭാസ്ഥാനങ്ങളിലേക്കും നടന്ന വോട്ടെടുപ്പ് ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരുപോലെ വലിയ രാഷ്്ട്രീയചൂണ്ടുപലകയായിരിക്കുകയാണ്. വര്‍ഗീയതയും തീവ്രദേശീയതയും അയല്‍പക്ക വിദ്വേഷവും ആക്രമണോല്‍സുകതയുംകൊണ്ട് ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് വോട്ട് വാരിക്കൂട്ടാമെന്ന വ്യാമോഹത്തിന് കനത്തതിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പുചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് അഞ്ചു മാസംമുമ്പ് നടന്ന പതിനേഴാം ലോക്‌സഭാഫലം പകര്‍ന്നുതന്നത്. 543ല്‍ 57 സീറ്റുകളിലേക്ക് ഒരുകാലത്തെ ഏറ്റവും വലിയ ഭരണകക്ഷി ഒതുങ്ങിപ്പോകുകയായിരുന്നു അന്ന്. എന്നാല്‍ പാര്‍ട്ടിയുടെ ഉയിര്‍ത്തെഴുന്നേല്‍പാണ് വ്യാഴാഴ്ചത്തെ ഫലങ്ങള്‍ വിളിച്ചുപറയുന്നത്. മഹാരാഷ്ട്ര, ഹരിയാന സംസ്ഥാന നിയമസഭകളിലേക്ക് കഴിഞ്ഞ നിയമസഭയിലേക്കാള്‍ വലിയ മുന്നേറ്റമുണ്ടാക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരിക്കുന്നു.

ബി.ജെ.പിക്ക് അതിന്റെ പ്രധാനമന്ത്രിയും ദേശീയാധ്യക്ഷനും ഉള്‍പെടെയുള്ളവര്‍ പ്രചണ്ഡപചാരണം നടത്തിയിട്ടുപോലും ഇരുസംസ്ഥാനങ്ങളിലും പ്രതീക്ഷിച്ച വിജയം നേടാനായില്ല. മഹാരാഷ്ട്രയില്‍ കഴിഞ്ഞ തവണ 288ല്‍ 230 സീറ്റ് നേടിയ ബി.ജെ.പി-ശിവസേനാസഖ്യം ഇത്തവണ 160ലേക്ക് ഒതുക്കപ്പെട്ടു. ഹരിയാനയില്‍ 90 ല്‍ 75 എന്ന ലക്ഷ്യവുമായി പ്രചാരണംനടത്തിയ ബി.ജെ.പിക്ക് ഭരണം തുടരാനാകുമോ എന്നകാര്യം സംശയമാണ്. 40 സീറ്റ് മാത്രമാണ് കേന്ദ്ര ഭരണകക്ഷിക്ക് ഡല്‍ഹിയുടെ മൂക്കിനുമുന്നില്‍ നേടാനായിരിക്കുന്നത്. വിവിധ സംസ്ഥാന നിയമസഭകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളില്‍ മിക്കതിലും കോണ്‍ഗ്രസും ബി.ജെ.പിയും അവരവരുടെ സീറ്റുകള്‍ നിലനിര്‍ത്തിയപ്പോള്‍ ഗുജറാത്തിലുള്‍പെടെ പലയിടത്തും വിചാരിച്ച മുന്നേറ്റം ബി.ജെ.പിക്ക് തുടരാനായില്ല.

ഇത് കാണിക്കുന്നത് ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളില്‍നിന്ന് വഴുതിമാറി പാക്കിസ്താനെതിരെയും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയും വായ്ത്താരി അടിച്ചതുകൊണ്ട് ജനവിശ്വാസം വീണ്ടെടുക്കാനാകില്ല എന്ന നഗ്നസത്യമാണ്. തെരഞ്ഞെടുപ്പിന് തൊട്ടുതലേന്നാണ് ബാലക്കോട്ട് മാതൃകയില്‍ പാകിസ്താന്‍ അതിര്‍ത്തിയിലെ ഭീകരക്യാമ്പുകള്‍ ആക്രമിച്ച് ഇന്ത്യന്‍ സൈന്യം പത്തിലധികം പേരെ കൊലപ്പെടുത്തിയതായി കരസേനാമേധാവി ബിപിന്റാവത്ത് പതിവില്ലാത്തവിധം അറിയിച്ചത്. ഇതില്‍ നാല് ഇന്ത്യന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ടമായി. എന്നാല്‍ ഇതൊന്നുമല്ല, പെട്രോളിയം ഉത്പന്നങ്ങളുടെയും നിത്യോപയോഗ വസ്തുക്കളുടെയും വിലക്കയറ്റവും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും വ്യാപകമായ തൊഴില്‍ നഷ്ടവുമൊക്കെയാണ് ജനങ്ങള്‍ പോളിങ്ബൂത്തുകളിലേക്ക് പോകുമ്പോള്‍ ഓര്‍ത്തതെന്നാണ് ഫലങ്ങളോരോന്നും വെളിപ്പെടുത്തുന്നത്.

ഈ പ്രചാരണ രീതികൊണ്ട് അവര്‍ക്ക് മുമ്പത്തേതിലും വലിയ തിരിച്ചടി നേരിട്ടതായാണ് കേരളത്തിലെയും അനുഭവം. മഞ്ചേശ്വരത്ത് 2016ല്‍ 89 വോട്ടുമാത്രം ഭൂരിപക്ഷത്തില്‍ യു.ഡി.എഫിലെ (മുസ്്‌ലിംലീഗ്) സ്ഥാനാര്‍ത്ഥി പി.ബി അബ്്ദുറസാഖ് വിജയിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ 7293 വോട്ടുകള്‍ക്കാണ് പാര്‍ട്ടിയുടെ എം.സി ഖമറുദ്ദീന് മിന്നും വിജയം സാധ്യമായത്. മണ്ണിന്റെ മകനാണെന്നും വിശ്വാസിയാണെന്നും ശബരിമലയില്‍ സ്ത്രീകളെ കയറ്റണമെന്ന സൂപ്രീംകോടതി വിധിയോട് യോജിപ്പില്ലെന്നും പറഞ്ഞ ഇടതുപക്ഷത്തിന്റെ ശങ്കര്‍റേ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെ ശങ്കര്‍റേയുടെ നിലപാടിനെ പിന്തുണച്ച് രംഗത്തുവന്നിട്ടും ബി.ജെ.പിയുടെ ‘ബി ടീം’ കളിയെ വോട്ടര്‍മാരിലെ ബഹുഭൂരിപക്ഷവും പുച്ഛിച്ചുതള്ളി.

ഇതുപോലെതന്നെയാണ് എറണാകുളം, അരൂര്‍ മണ്ഡലങ്ങളിലെയും ഇടതിന്റെ അവസ്ഥ. വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തിലുള്ള എസ്.എന്‍.ഡി.പി യോഗവുമായി ചങ്ങാത്തമുണ്ടാക്കി സമുദായ വോട്ടുകള്‍ സമാഹരിക്കാമെന്ന തന്ത്രത്തിലാണ് കോന്നിയിലും വട്ടിയൂര്‍ക്കാവിലും സി.പി.എമ്മിന് വിജയിക്കാനായത്. മറ്റൊന്ന് ഇരുമണ്ഡലത്തിലും ബി.ജെ.പിയുടെ വോട്ടുകളില്‍ വന്ന വന്‍ ചോര്‍ച്ചയാണ്. വട്ടിയൂര്‍ക്കാവില്‍ 17000 ത്തോളം വോട്ടുകള്‍ ബി.ജെ.പിക്ക് കഴിഞ്ഞതവണത്തേതില്‍നിന്ന് അപ്രത്യക്ഷമായപ്പോള്‍ കോന്നിയിലും 2016നെ അപേക്ഷിച്ച് ബി.ജെ.പി വോട്ടില്‍ ചോര്‍ച്ചയുണ്ടായി. ഇത് കാണിക്കുന്നത് ബി.ജെ.പിയുമായി സി.പി.എം വോട്ടുകച്ചവടം നടത്തിയെന്ന യു.ഡി.എഫ് നേതൃത്വത്വത്തിന്റെ ആരോപണം ശരിയാണെന്നാണ്.

നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പിന്തുണ ഇത്തവണ യു.ഡി.എഫിന് ലഭിച്ചുവെന്നതാണ് യു.ഡി.എഫിന്റെ അഞ്ചില്‍ മൂന്ന് എന്ന വിജയത്തെ കുറച്ചുകാട്ടാന്‍ സി.പി.എം പ്രയോഗിക്കുന്ന തന്ത്രം. നാഴികക്ക് നാല്‍പത് വട്ടം മതേതരത്വം പറയുന്നവരാണ് മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും കോന്നിയിലുമൊക്കെ ഈ നെറികെട്ട ജാതിരാഷ്ട്രീയം കളിച്ചത്. മഞ്ചേശ്വരത്തും അരൂരിലും എറണാകുളത്തുമൊന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് ഇത്തരം ജാതിഗിമ്മിക്കുകളെ നോക്കിയായിരുന്നില്ല. എറണാകുളത്ത് ലത്തീന്‍സമുദായാംഗത്തെ നിര്‍ത്തുകവഴി ആ സമുദായത്തിന്റെ വോട്ട് സമാഹരിക്കാമെന്ന ഇടതിന്റെ വ്യോമോഹം വോട്ടര്‍മാരുടെ ബുദ്ധിപരമായ തീരുമാനത്തിലൂടെ വെള്ളത്തിലായി. എന്നിട്ടാണ് ഇപ്പോള്‍ എന്‍.എസ്.എസ് പിന്തുണയെ യു.ഡി.എഫിനെ ജാതീയമായി അധിക്ഷേപിക്കാനുള്ള വടിയായി സി.പി.എം പ്രയോജനപ്പെടുത്തുന്നത്. വേശ്യയുടെ ചാരിത്ര്യപ്രസംഗമാണ് ഇതിലുംഭേദം.

അതേസമയം, പാലായിലെയും മഞ്ചേശ്വരത്തെയും മരണംമൂലം ഒഴിവുവന്ന സീറ്റുകളും മറ്റ് മൂന്നു സീറ്റുകളും ഉള്ളം കയ്യിലുണ്ടായിരുന്നിട്ടും ഇത്തവണ നാലില്‍ മാത്രം വിജയിക്കാനായത് യു.ഡി.എഫിനെ സംബന്ധിച്ച് ആത്മപരിശോധന നടത്തേണ്ട ഗൗരവമായ വിഷയമാണ്. മഞ്ചേശ്വരത്തെ കുപ്രചാരണങ്ങളെ കടത്തിവെട്ടി യു.ഡി.എഫ് ഗംഭീര വിജയം നേടിയതും അരൂരിലെ അര നൂറ്റാണ്ടത്തെ ഇടതുകോട്ട ഷാനിമോളിലൂടെ തകര്‍ക്കാനായതും വലിയ അഭിമാനസ്തംഭങ്ങളാണെങ്കിലും വട്ടിയൂര്‍ക്കാവിലെയും കോന്നിയിലെയും തോല്‍വികള്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഗാഢമായി പരിശോധിക്കണം. വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പിനും 2021ലെ നിയമസഭാതെരഞ്ഞെടുപ്പിനുംമുമ്പുള്ള ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിക്കാനായെങ്കിലും ഇനിയുള്ള സെമി, ഫൈനല്‍ മല്‍സരങ്ങള്‍ കൈപ്പിടിയിലാക്കണമെങ്കില്‍ നേതാക്കള്‍ തമ്മില്‍ ഉള്ളുതുറന്നുള്ള ചര്‍ച്ചകള്‍ ഉണ്ടായേതീരൂ. മേയിലെ 19 ലോക്‌സഭാസീറ്റുകളിലെയും 124 നിയമസഭാസീറ്റിലെയും വിസ്മയ വിജയത്തിന്റെ ശോഭ ജനാധിപത്യ കക്ഷികളുടെ ഈ വെള്ളിത്തുരുത്തില്‍ വെറും അഞ്ചു മാസത്തിനകം മങ്ങാനിടയായെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട എല്ലാവര്‍ക്കുമാണ്. ഒത്തൊരുമവഴി നേടിയ ഹരിയാനയിലെ മുന്നേറ്റം കേരളത്തിനും പാഠമാകട്ടെ.

web desk 3: