X
    Categories: Views

കോര്‍പ്പറേറ്റ് ബജറ്റ്

വാചകക്കസര്‍ത്തുകളിലൂടെയും വാഗ്ദാനപ്പെരുമഴകളിലൂടെയും ദരിദ്ര ജനതയുടെയും കര്‍ഷക സമൂഹത്തിന്റെയും മനോമുകിരത്തില്‍ പ്രതീക്ഷകളുടെ കൊള്ളിമീന്‍ പായിപ്പിച്ച കേന്ദ്ര ബജറ്റ്, തത്വത്തില്‍ കോര്‍പ്പറേറ്റുകള്‍ക്ക് രാജ്യത്തിന്റെ പൊതുഖജനാവ് തീറെഴുതിക്കൊടുക്കുന്നതായി. ആത്മപ്രശംസകളില്‍ അഭിരമിക്കുന്ന മോദി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് പ്രസംഗം സാധാരണക്കാരെ സ്വപ്‌നങ്ങളില്‍ സമുദ്ധരിക്കാനുള്ള സുവിശേഷം മാത്രമാണ്.

പൊതുതെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ടുള്ള കണ്‍കെട്ടുവിദ്യയില്‍ കുത്തക മുതലാളിമാര്‍ തടിച്ചുകൊഴുക്കുകയും പട്ടിണിപ്പാവങ്ങള്‍ കിടന്നു നരകിക്കുകയും ചെയ്യുമെന്ന് സാരം. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും കര്‍ഷകരെയും ‘വാചകക്കഷായം’ കുടിപ്പിച്ചു കിടത്തിയ കഴിഞ്ഞ ബജറ്റകുളുടെ ചേരുവ തന്നെയാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇന്നലെയും ബജറ്റില്‍ ചേര്‍ത്തത്. സാമ്പത്തിക ഏകീകരണ പരീക്ഷണത്തില്‍ ബജറ്റ് പൂര്‍ണ പരാജയമാണെന്ന് സൂക്ഷ്മ വിശകലനത്തില്‍ ബോധ്യമാകുന്നുണ്ട്. ഭാവിയില്‍ ഇതിന്റെ പരിണിത ഫലങ്ങള്‍ താങ്ങാന്‍ രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് കെല്‍പ്പുണ്ടാകുമോ എന്നു കണ്ടറിയേണ്ടതുണ്ട്. നോട്ട് നിരോധത്തിനും ജി.എസ്.ടി.ക്കും ശേഷം തകര്‍ന്നു തരിപ്പണമായ സാമ്പത്തിക മേഖലയെ പടുകുഴിയിലേക്ക് തള്ളിവിടുന്ന നിര്‍ദേശങ്ങള്‍ ബജറ്റിനെ കൂടുതല്‍ പേടിപ്പെടുത്തുന്നുണ്ട്. കുത്തകകള്‍ക്ക് രാജ്യത്തിന്റെ സര്‍വ മേഖലകളിലേക്കും പച്ചപ്പരവതാനി വിരിച്ചുകൊടുക്കാനും പൊതുമേഖലകള്‍ക്ക് പൂട്ടിടാനുമുള്ള പൊതുസമീപനമാണ് ബജറ്റ് സ്വീകരിച്ചിരിക്കുന്നത്. ഇത് ആപത്കരമായ സൂചനകള്‍ നല്‍കുന്നതിന്റെ ആദ്യ അടയാളമാണ് ബജറ്റ് അവതരണ വേളയില്‍ വിപണയില്‍ തെളിഞ്ഞുകണ്ടത്.

പൊതുബജറ്റുകളുടെ കൂട്ടത്തില്‍ സമീപകാലത്തു കണ്ടതില്‍ വെച്ച് ഏറ്റവും നിരാശാജനകമായ ബജറ്റാണിത്. കാര്‍ഷിക മേഖലയിലെ ദുരിതം അവസാനിപ്പിക്കുമെന്ന ബജറ്റ് വീക്ഷണം പൊള്ളയായ സങ്കല്‍പമാണ്. ഒരു ഭാഗത്ത് വിദേശ നിക്ഷേപത്തിനു വേണ്ടി വാതായനങ്ങള്‍ മലര്‍ക്കെ തുറക്കപ്പെടുകയും മറുഭാഗത്ത് കാര്‍ഷിക മേഖലയെ പുഷ്ടിപ്പെടുത്തുമെന്ന് പ്രഖ്യാപനം നടത്തുകയും ചെയ്യുന്നതിലെ സാംഗത്യം മനസിലാകുന്നില്ല. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാനുള്ള യാതൊരു നടപടിയും ബജറ്റിലില്ല. കര്‍ഷകരുടെ ക്ഷേമമാണ് ലക്ഷ്യമെന്ന് പറയുന്ന സര്‍ക്കാറിന് ഇതിനായുള്ള പ്രായോഗിക നടപടികളെ കുറിച്ച് ബജറ്റില്‍ പ്രതിപാദിക്കാനായില്ല. ബജറ്റ് വിഭാവനം ചെയ്ത രീതിയിലുള്ള കര്‍ഷകരും ഗ്രമീണരുമല്ല രാജ്യത്തുള്ളത്. കൊര്‍പ്പറേറ്റുകളുടെ സ്ഫടികക്കൊട്ടാരങ്ങളിലിരുന്ന് പുറത്തേക്കു നോക്കിയതിലെ പാളിച്ചയാണിത്. ഗ്രാമങ്ങളിലേക്ക് ഇറങ്ങി വന്ന് കര്‍ഷകര്‍ അനുഭവിക്കുന്ന യാതനകളും വേദനകളും മനസിലാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ദിവസങള്‍ക്കു മുമ്പ് ദാവോസില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗവും ധനമന്ത്രിയുടെ ബജറ്റ് പ്രസംഗവും തമ്മില്‍ ആനയും കുഴിയാനയും തമ്മിലുള്ള വൈരുദ്ധ്യമുണ്ട്.

ബജറ്റ് ലക്ഷ്യമിട്ടതിനേക്കാള്‍ അപ്പുറമാണ് രാജ്യത്തെ ഗ്രാമീണ, കാര്‍ഷിക ജനതയുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍. ഇതു മനസിലാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാറിന് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട് എന്നതിന്റെ സാക്ഷ്യപത്രമാണ് പൊതുബജറ്റ്. കര്‍ഷകരുടെ കടം എഴുതിത്തള്ളണമെന്ന് ആവശ്യത്തിന് പുല്ലുവില വില പോലും കല്‍പിച്ചില്ല എന്നത് വേദനാജനകമാണ്. ഇതു സംബന്ധിച്ച് ഒരു പരാമര്‍ശവും പ്രസംഗത്തില്‍ കേള്‍ക്കാതിരുന്നത് കര്‍ഷകരുടെ ഇടനെഞ്ചില്‍ തീപ്പടര്‍ത്തിയിരിക്കുകയാണ്. കുത്തക ബാങ്കുകളുടെ ഹിതം സംരക്ഷിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ നിലവളി കേള്‍ക്കാതെ ചെവിപൊത്തിപ്പിടിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യരക്ഷാ പദ്ധതി ആലങ്കാരിക പ്രയോഗത്തിനപ്പുറത്തേക്ക് എത്തിക്കുവാന്‍ മോദി സര്‍ക്കാറിനെ കൊണ്ടാവില്ല. കഴിഞ്ഞ ബജറ്റുകളുടെ അനുഭവം ഇതു പഠിപ്പിക്കുന്നുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്ന കാര്യങ്ങളല്ലാതെ സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ ഫലപ്രദമായ നടപടികളൊ നിര്‍ദേശങ്ങളൊ ബജറ്റിലില്ല.

സാധാരണക്കാരായ നികുതിദായകര്‍ക്ക് യാതൊരു ഇളവും വകവച്ചുകൊടുക്കാത്ത ജയ്റ്റ്‌ലി ബജറ്റ് കോര്‍പ്പറേറ്റ് നികുതിയിലെ ഇളവ് 250 കോടി വരെ വിറ്റുവരവുള്ള കമ്പനികള്‍ക്കു കൂടി ബാധകമാക്കിയത് കുത്തക മുതലാളിമാര്‍ക്കുള്ള ഉപകാര സ്മരണയാണ്. മാസ ശമ്പളം വാങ്ങുന്ന സാധാരണക്കാരനെ ദു:ഖിപ്പിക്കുകയും കോടീശ്വരന്മാരെ സന്തോഷിപ്പിക്കുകയും ചെയ്യുന്ന ബജറ്റാണിതെന്നര്‍ത്ഥം. തൊഴില്‍ മേഖലയെ ഉത്തേജിപ്പിക്കാനൊ തൊഴിലന്വേഷകര്‍ക്ക് അവസരം നല്‍കാനൊ മനുഷ്യ വിഭവശേഷിയെ കൂടെ നിര്‍ത്താനൊ മോദി സര്‍ക്കാറിന് ഒരു നയവുമില്ലെന്ന് ജയറ്റ്‌ലിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു. 2020നുള്ളില്‍ 40 കോടി ചെറുപ്പക്കാര്‍ക്ക് വിദഗ്ധ പരിശീലനവും അതുവഴി തൊഴിലും നല്‍കുമെന്ന് 2015ലെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചവര്‍ അവസാന ബജറ്റിലെത്തിയപ്പോള്‍ അതെല്ലാം തൊണ്ടതൊടാതെ വിഴുങ്ങി. 2020നുള്ള 50 ലക്ഷം പേര്‍ക്ക് പരിശീലനം നല്‍കുമെന്നാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. അഭ്യസ്ത വിദ്യരായ ചെറുപ്പക്കാരുടെ എണ്ണം രാജ്യത്ത് കുറഞ്ഞുവന്നതൊ വിദഗ്ധ പരിശീലകരുടെ അഭാവമൊ അല്ല മൂന്നര കോടി പേരുടെ തൊഴില്‍ സാധ്യതകളുടെ വാതിലുകള്‍ കൊട്ടിയടച്ചത്. മറിച്ച് മോദി സര്‍ക്കാറിന്റെ വീക്ഷണ ദൗര്‍ബല്യവും കടുത്ത നിസംഗതയുമാണ് യുവാക്കളുടെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയത്. ബജറ്റ് നിരാശാജനകമെന്ന് ബി.ജെ.പിയുടെ തൊഴിലാളി സംഘടന ഒരു സങ്കോചവുമില്ലാതെ വിലയിരുത്തിയത് ഇക്കാരണത്താലാണ് എന്നത് ഗൗരവമായ കാര്യമാണ്.

ദരിദ്ര വിരുദ്ധ മുതലാളി പ്രീണന ബജറ്റ് കൊണ്ട് ബി.ജെ.പി ലക്ഷ്യമാക്കുന്നത് വരുന്ന പൊതുതെരഞ്ഞെടുപ്പാണ്. സാഹചര്യങ്ങളെല്ലാം പ്രതികൂലമായിട്ടും സമ്പത്തും ആഗോള പ്രചാരണ കമ്പനിയുടെ ആശയവുമാണ് മോദി സര്‍ക്കാറിനെ അധികാരത്തിലേറ്റിയത്. കുത്തകള്‍ക്ക് രാജ്യത്തെ വെറുതെ വിറ്റ് 2019ലും ലാഭം കൊയ്യാനുള്ള ഗൂഢനീക്കത്തെ തിരിച്ചറിയേണ്ടതുണ്ട്. ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഏകസ്വരത്തിലൂടെ പാര്‍ലമെന്റില്‍ പ്രതിഷേധത്തിന്റെ അഗ്നിജ്വാല പടര്‍ത്തിയാല്‍ പൊതുബോധം ഫാസിസ്റ്റ് ഭരണകൂടത്തിന് എതിരാണെന്ന സത്യം കൂടുതല്‍ കരുത്തോടെ പ്രതിഫലിപ്പിക്കാനാവും. പാര്‍ലമെന്റില്‍ ബാക്കിയാവുന്ന പ്രതീക്ഷയുടെ തിരിനാളങ്ങള്‍ ഇതുമാത്രമാണ്.

chandrika: