X
    Categories: MoreViews

ചരിത്രത്തിലാദ്യം: ഇടുക്കി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു

തിരുവനന്തപുരം: ഇടുക്കിയില്‍ അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു. വൃഷ്ടിപ്രദേശത്ത് ശക്തമായ നീരൊഴുക്ക് ജലസംഭരണിയിലേക്ക് തുടരുന്ന സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്. ഇന്ന് രാവിലെ ഏഴ് മണിയോടെ രണ്ടും നാലും ഷട്ടറുകള്‍ കൂടി തുറന്നു. പിന്നാലെ ഒന്നും അഞ്ചും ഷട്ടറുകള്‍ തുറക്കുകയായിരുന്നു. നിലവില്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിരിക്കുകയാണ്. ട്രയല്‍ റണിന്റെ ഭാഗമായി ഇന്നലെ മൂന്നാമത്തെ ഷട്ടര്‍ തുറന്നിരുന്നു.

40 സെന്റീ മീറ്ററാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്. ഇതിലൂടെ സെക്കന്റില്‍ ഒന്നര ലക്ഷം ലീറ്റര്‍ (150 ക്യുമെക്‌സ്) വെള്ളമാണ് പുറത്തേക്ക് വിടുന്നത്. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുകയാണ്. മഴ തുടരുന്നത് മൂലം കൂടുതല്‍ ജലം തുറന്നു വിടാനുള്ള തീരുമാനത്തിലാണ് കെ.എസ്.ഇ.ബി.

ചെറുതോണി ഡാമില്‍ നിന്ന് ഇരട്ടിയിലേറെ വെള്ളമാണ് തുറന്നുവിടുന്നത്. ഏഴ് മണിക്ക് രണ്ടാം ഷട്ടറും നിമിഷങ്ങള്‍ക്കുള്ളില്‍ മൂന്നാം ഷട്ടറും തുറക്കുകയായിരുന്നു. നേരത്തെ റെഡ് അലര്‍ട്ട് വന്ന് നാല് മണിക്കൂറിന് ശേഷമേ ഷട്ടര്‍ തുറക്കൂവെന്ന് പറഞ്ഞിരുന്നെങ്കിലും രാവിലെ തന്നെ രണ്ട് ഷട്ടറുകള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അതീവ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്ന ജലനിരപ്പ് ഇന്ന് രാവിലെ ആറിന് 2400.94 അടിയായി ഉയര്‍ന്നു.

പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. രാത്രിയിലും മഴ തുടര്‍ന്നു. റവന്യു മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന് രാവിലെ 9 മണിക്ക് ചേരും. പാലക്കാട് കനത്ത മഴക്ക് നേരിയ ശമനമുണ്ട്. ഇന്ന് ജില്ലയില്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ അവധി നല്‍കിയിട്ടുണ്ട്. വെള്ളം കയറിയ പ്രദേശങ്ങളില്‍ ദുരന്ത നിവാരണ സേനയും അഗ്‌നിശമന സേനയും നിരീക്ഷിക്കുന്നു. പട്ടാമ്പി പാലത്തില്‍ വെള്ളം കയറിയതിനാല്‍ യാത്ര നിയന്ത്രണം ഏര്‍പ്പെടുത്തി. മഴക്കെടുതി വിലയിരുത്താന്‍ ഇന്ന് മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. പാലക്കാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രാവിലെ തുറന്നു വിട്ട അധികജലം പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ നെടമ്പാശ്ശേരി വിമാനത്താവളം പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കും. ഇന്ന് രാവിലെ 11.30 ന് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ സെക്കന്റില്‍ മുന്നൂറ് ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. നാലാമത്തെ ഷട്ടര്‍ കൂടി തുറക്കുന്നതോടെ സെക്കന്റില്‍ അറുന്നൂറ് ഘനയടി വെള്ളമായിരിക്കും ഡാമില്‍ നിന്നും ഒഴുകിയെത്തുക.

chandrika: